..ലോകമെമ്പാടും എന്നെ കാണാൻ വരുന്ന ബിസിനസ്സ് തലവന്മാരോട് കേരളത്തിൽ വരണം, സംരംഭങ്ങൾ തുടങ്ങണം എന്ന് നിരന്തരം ആവശ്യപ്പെടുന്നത്. ?

Share News

പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ടെർമിൽ ഞാൻ നേതൃത്വമെടുത്ത് കേരളത്തിൽ പല സംരംഭങ്ങളും കൊണ്ടുവന്നു. ഇതിന്റെ എല്ലാം തലതൊട്ടപ്പൻ കേരളാ മുഖ്യമന്ത്രി തന്നെയായിരുന്നു. അതോടൊപ്പം പ്രതിപക്ഷത്തുള്ള എല്ലാ പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം നിന്ന് കാര്യങ്ങൾ സുഗമമാക്കി.

ഒരുപാട് ചുവപ്പു നാടകൾ മുറിച്ചാണ് ഇവയെല്ലാം കൊണ്ടു വന്നത്. കേരളത്തിലെ മുതിർന്ന പല ഉദ്യോഗസ്ഥരും എന്റെ കൂടെ ഒരുമിച്ചു നിന്ന് ആ സംരംഭങ്ങൾ കൊണ്ടു വരാൻ സഹായിച്ചു. ആ ബന്ധങ്ങൾ ഞാൻ ഇന്നും തുടരുന്നു. ഇതിൽ ഒരുകാര്യത്തിലും ഒരു അഴിമതി ഞാൻ നേരിട്ടില്ല, എന്തിന്, വഴി വിട്ട് ഒരു ജോലി പോലും ആർക്കും കൊടുക്കണമെന്നുപോലും ആരും എന്നോട്‌ ആവശ്യപ്പെട്ടില്ല.

ആ ധൈര്യത്തിലാണ് ഇന്നും ഞാൻ ലോകമെമ്പാടും എന്നെ കാണാൻ വരുന്ന ബിസിനസ്സ് തലവന്മാരോട് കേരളത്തിൽ വരണം, സംരംഭങ്ങൾ തുടങ്ങണം എന്ന് നിരന്തരം ആവശ്യപ്പെടുന്നത്.

മാത്രമല്ല അവരോട് ഞാൻ പറയുന്ന ഒരു കാര്യം മുഖ്യമന്ത്രി മുന്നിൽ നിന്ന്, പ്രതിപക്ഷ നേതാക്കളും കൂടെ നിന്നാൽ വികസന സംബന്ധമായ കാര്യങ്ങൾ കൃത്യമായി നടക്കും, ഒന്നും പേടിക്കേണ്ട എന്നതാണ്. എന്റെ അനുഭവത്തിൽ സർവ്വം മംഗളകരമായിരുന്നോ, അല്ല.

സോഷ്യൽ ഇൻഫ്രാസ്ട്രക്ടറുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഞാൻ അന്നും ഇന്നും അസന്തുഷ്ടിതനാണ്. അതിൽ പലതും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ശരിയാക്കാൻ ശ്രമിച്ചതായും, പ്രതിപക്ഷ നേതാക്കൾ അതിനെ പിന്താങ്ങിയതായും എനിക്കറിയാം. എല്ലാം ശരിയായില്ലെങ്കിലും.

ഇന്നും സർക്കാരിന്റെ ചില വകുപ്പുകളിലെയും, പൊതുമേഖലയിലെയും കെടുകാര്യസ്ഥതയും, അഴിമതിയും കാണുമ്പോൾ ഞാൻ പറയാറുള്ളത് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു കാര്യം പറയൂ, അദ്ദേഹം ശരിയാക്കും എന്നാണ്.

ഇതിൽ ആവശ്യം ഉള്ളിടത്ത് അദ്ദേഹം നേരിട്ട് പ്രതിപക്ഷത്തെ നേതാക്കളെ കൂടെ കൂട്ടുന്നതായും എനിക്കറിയാം. വരുന്ന മാസങ്ങളിൽ ബ്യുറോക്രസിയിൽ പല മാറ്റങ്ങൾ വരും, അത് കേരളത്തിലെ ഭരണത്തെ ശക്തിപ്പെടുത്തും എന്നതാണ് എന്റെ അഭിപ്രായം.

പക്ഷെ, തെറ്റുകൾ കാണുമ്പോൾ ഞാൻ വിമർശിക്കും, കാരണം അത് എന്റെ ജനാധിപത്യ അവകാശമാണ്, ഉത്തരവാദിത്വമാണ്.

അതിന്റെ അർത്ഥം ഞാൻ എന്റെ കേരളത്തെ, മലയാളികളെ സ്നേഹിക്കുന്നു എന്നതാണ്. അല്ലാതെ ലോകത്തെ മിക്കവാറും ഏതു രാജ്യത്തു വേണമെങ്കിലും ഏറ്റവും നല്ല നിലയിൽ തന്നെ ജീവിക്കാൻ സാഹചര്യമുള്ള ഞാൻ എന്തിന് കേരളത്തെ ചുറ്റി നടക്കണം, എന്നെ നേരിട്ട് സംബന്ധിക്കാത്ത കേരളാ വിഷയങ്ങളിൽ ഇടപെടണം?

കേരളവുമായി ബന്ധപ്പെട്ട് നിൽക്കുന്നത് കൊണ്ട് എനിക്ക് എല്ലാ വർഷവും കോടി കണക്കിന് രൂപാ നികുതിയായും അല്ലാതെയും നഷ്ടം ഉണ്ട്, നേരിട്ട് ഒരു പൈസ ലാഭവുമില്ല. തൂവാനത്തുമ്പികളിലെ ക്ലാരയെ പോലെ കേരളം എന്റെ ഏറ്റവും നല്ല ഒരു വികാരം ആണ്.

പക്ഷെ എന്റെ സഹോദരൻ എന്നോട്‌ പറയാറുള്ളത്, കേരളം എനിക്ക് യഥാർത്ഥത്തിൽ ഒരു മിസ്‌പ്ലെയ്സ്ഡ് നൊസ്റ്റാൾജിയ ആണ്, ധനനഷ്ടവും, മാനനഷ്ടവും മിച്ചം. എന്നെങ്കിലും ഒരുനാൾ ചിലപ്പോൾ ഞാൻ അതിൽ നിന്നും രക്ഷപെടുമായിരിക്കും

Tony Thomas

Share News