ജാഗ്രത പാലിക്കുക ഇനിയെങ്കിലും |.”ജാഥയ്ക്കു പോയാൽ പോലും മാന്യമായ കൂലി കിട്ടും ഇക്കാലത്ത്.എഴുത്തുകാരാ നിനക്കോ?”|ജോർജ് ജോസഫ് കെ

Share News

ചില കാര്യങ്ങൾപ്രായം 68 വയസായി.

22 വയസു മുതൽ വാങ്ങി വച്ച പല നല്ല പുസ്തകങ്ങൾ അലമാരിയിൽ ഇരുന്നു കരയുന്നു.

ഇവിടം വിട്ട് കുഴിമാടത്തിലേക്ക് പോകാൻ അധിക ദിവസമില്ലല്ലോ? എന്നെ ഒന്നു വായിച്ചിട്ട് മരിച്ചൂടെ?അതല്ലേ വായനാ പുണ്യം? എന്ന് പുസ്തകങ്ങൾ മന്ത്രിക്കുന്നു.

പ്രി പബ്ളിക്കേഷനായി 5000വും ഏഴായിരവും വരെ കൊടുത്തു വാങ്ങിയ വൻ മഹാഗ്രന്ഥങ്ങൾ മുതൽ 100 രൂപ വരെ വിലയുള്ള ചെറിയ പുസ്തകങ്ങൾ വരെബക്കിയുള്ളവ ആയുസിൽ വായിച്ചു തീർക്കാനുണ്ട്.

അത് കൊണ്ട് ഒരു തീരുമാനമെടുക്കുന്നു.അതൊക്കെ ബാക്കി ആയുസിനുള്ളിൽ ഒന്നു വായിച്ചു തീർക്കണം. വെറുതെപ്രസംഗത്തിൻ്റെ പിന്നാലെ പോയി സമയം കളഞ്ഞ് സ്വയം വിലപിക്കാതിരിക്കൂ…

2 എഫ്.ബിയിൽ രണ്ടു വർഷം മുമ്പ് അവിചാരിതമായി വന്നു പെട്ടു. കുറെ സൗഹൃദങ്ങൾ കിട്ടി. ആഹ്ളാദമുണ്ട്. എങ്കിലും അത് പിന്നീട് ബാധ്യതയും തലവേദനയുമായി ചില കാര്യങ്ങളിൽ.മിക്കവരും പുസ്തകങ്ങൾ ഇറക്കാൻ ആഗ്രഹിക്കുമ്പോൾ നിലവാരമില്ലാത്തതാണങ്കിലും അല്ലങ്കിലും കവർ പ്രകാശനം നിരന്തരം നടത്തിക്കൊടുക്കേണ്ട ഗതികേടുണ്ട് പല സാഹിത്യകാരന്മാർക്കും ഇപ്പോൾ.

സത്യത്തിൽ മടുത്തു.ദയവായി എന്നോട് ആരും ഇനി അങ്ങനെയൊരു കാര്യം ആവശ്യപ്പെടരുതെന്ന് അപേക്ഷയുണ്ട്.വായിച്ചു പോലും നോക്കാതെയാണ് ബുക്ക് കവർ അബദ്ധത്താൽ പലരും ഇന്ന് പ്രകാശിപ്പിച്ചു പോകുന്നത്.

3നമ്മൾ പ്രകാശിപ്പിച്ച പുസ്തകത്തിൻ്റെ ഗ്രാരൻ്റി യോർത്ത് അത് നല്ലതല്ലെങ്കിൽഅത് വാങ്ങിയ വായനക്കാരൻ്റെ പ്രാക്ക് ഇനി കേൾക്കണ്ട എന്ന തീരുമാനത്തിലാണിപ്പോൾ.

4സാoസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ വരുമ്പോൾ ദയവായി ഫലകങ്ങളും പൊന്നാടകളും തന്ന് വിഷമിപ്പിക്കരുത്. അതിനു പകരം നിങ്ങൾക്ക് നല്ലൊരു കാര്യം ചെയ്യാം.

രോഗകാരണത്താൽ മരുന്ന് വാങ്ങാൻ ഗതിയില്ലാത്ത ചിലർക്ക് ആ ഉപഹാരത്തിനായി മുടക്കുന്ന തുക അയച്ചുകൊടുക്കാം. ഗൂഗിൾ പേ ആയി. നമ്പർ ഞാൻ തരാം. ചില ഹൃദ്‌രോഗികൾ, ഡയലിസിനു പണമില്ലാതെ കഷ്ടപ്പെടുന്നവരുണ്ട്.

5.സാംസ്ക്കാരിക മീറ്റിംഗുകളിലെ ചതി.വീട്ടിൽ ക്ഷണിക്കാൻ വരുമ്പോൾ യാത്ര ച്ചിലവും സമയം മെനക്കെടുത്തുന്നതിനുള്ള കാശും തരുമെന്നുമൊക്കെ പറഞ്ഞു സാഹിത്യകാരനെ കൊണ്ടു പോകും.

തിരിച്ച് വീട്ടിൽ വന്നു കവർ തുറക്കുമ്പോൾഒരു കൂലിപ്പണിക്കാരൻ്റെ കൂലി പോലുമില്ലാത്ത തുക കവറിൽ ഇരുന്ന് നമ്മെ നോക്കി ചിരിക്കും.അടുത്തുണ്ടായ ചില അനുഭവങ്ങളാണ് ഇതൊക്കെ.

എൻ്റെ പട്ടണത്തിലെ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് കൊള്ള ഡൊണേഷൻ വാങ്ങുന്ന ഒരു മാനേജ്മെൻ്റ് കോളേജ് സാംസ്ക്കാരിക പരിപാടിക്കായി ഉദ്ഘാടനം ചെയ്യാൻ സുഹൃത്തായ സാഹിത്യകാരനെ ക്ഷണിച്ചു.

അദ്ദേഹം കാറുകൂലി കൊടുക്കണമെന്നു പറഞ്ഞിരുന്നതിനാൽ പരിപാടി കഴിഞ്ഞപ്പോൾകവറിൽ കാഷ് കൊടുത്തു.

ഉദ്ഘാടിച്ചതിന് തോളിൽ ചുമക്കാൻ പാകത്തിൽ വലിയ മരപ്പലകയും തോളു മൂടാൻ പൊന്നാടയും കൂടെ കിട്ടി.കാറുകാരന് കൂലി കൊടുക്കാൻ കവർ തുറന്നു.അങ്ങോട്ടുമിങ്ങോട്ടുമുള്ള കൂലി ആയിരത്തിയഞ്ഞൂറിനു പകരം ആയിരത്തി ഇരുനൂറ് …സാഹിത്യകാരൻ മുന്നൂറ് കയ്യിൽ നിന്നുമിട്ടു.പാവത്തിന് ആ സമയത്ത് വീട്ടിലിരുന്ന് താൻ വാങ്ങിയ ഒരു പുസ്തകം വായിക്കാമായിരുന്നു. പച്ചക്കറിയോ പൂ ചെടിയോ നടാമായിരുന്നു.

മണ്ടനെന്ന്അയാളുടെ ഉള്ളിലിരുന്ന ഒരാൾ വിളിച്ചു.അതേ കോളേജിൽ മറ്റൊരു സാംസ്ക്കാരിക പരിപാടി ഉദ്ഘാടനം ചെയ്യാൻ വന്ന യുവ സിനിമാ താരത്തിന് അവൻ ആവശ്യപ്പെട്ടതു പ്രകാരം ആ കോളേജ് കൊടുത്തതെത്രയെന്നോഒരു ലക്ഷം.!!എന്തിന് ചാനൽ കോമഡി ആർട്ടിസ്റ്റിനും സീരിയൽ താരങ്ങൾ പോലും കൃത്യം കണക്കു പറഞ്ഞ കാശു കൊ ടുക്കും.

നന്മമനുഷ്യനായ,മാതൃകാപുരുഷൻ സാഹിത്യകാരൻ സമൂഹത്തെ പ്രസംഗിച്ച് നന്നാക്കി പൊന്നാടയും പുതച്ച് ഉപഹാരപ്പലകയും കക്ഷത്തിൽ വച്ചു കൊണ്ട് വന്ന് ഭാര്യയോട് പറയും” ഇതേ കിട്ടിയുള്ളടീ … “അവൾ സമാധാനിപ്പിക്കും.”നന്നായി ഇതും പുഴുങ്ങിത്തിന്ന്, ഉറക്കമിളച്ചിരുന്ന് എഴുതിക്കോ.തണുക്കുമ്പോൾആ പൊന്നാടയും പുതച്ചോ”

6.ഡെയിലി രണ്ടും മൂന്നും പുതിയ പുസ്തകങ്ങൾ വീട്ടിലെത്തും. വായിച്ചിട്ട് എഫ്.ബി.യിൽ കുറിപ്പിടണം. അതാണ് അയക്കുന്നയാളുടെ ആവശ്യം.സന്തോഷമുണ്ട്. പക്ഷെ നമ്മളെ വായിപ്പിക്കാൻ അവയ്ക്ക് കഴിയാത്തതുകൊണ്ട് മാറ്റിവയ്ക്കും.പിന്നെ ഫോണിൽ നിരന്തരം വിളി. അഭിപ്രായം പറയാത്തതെന്ത്? എഫ്.ബി യിൽ കുറിപ്പിടത്തതെന്ത്?അത് കൊണ്ട് പുതിയ തീരുമാനം,ഇഷ്ടമായാലേ എഴുതൂ. ആരും പരിഭവിക്കരുത്.

7എന്നാൽനല്ല പുസ്തകങ്ങൾ വായിച്ചാൽ തീർച്ചയായും അപ്രശ്സ്തൻ ആയാലും പ്രശസ്തനായാലും ആ പുസ്തകത്തെ കുറിച്ച് ഒരു കുറിപ്പിടണമെന്നും മറ്റുള്ളവരോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്.ആനുകാലികങ്ങളിലെ കഥകളെക്കുറിച്ചും വ്യക്തമായി പറയണം.

വിമർശനവും അഭിനന്ദനവും ഉണ്ടാകണം.അവസാന വാക്ക് പൊതു സാംസ്ക്കാരിക സമൂഹത്തോട്.വീട്ടിൽ , വീടിൻ്റെ മെയിൻ്റൻസ് ജോലിക്ക് വരുന്നവന് വൈകുന്നരേം കൂലി കൊടുക്കുമ്പോൾ പൊന്നാടയും ഉപഹാരമരപ്പലകയും കൊടുക്കുമ്പോൾ അവൻ പറയുന്നതിങ്ങനെ:

“ഇതു സാറിന് പണിയെടുത്തതിനു കിട്ടിയ കൂലിയാ? ഇതു കൊടുത്താൽ സാറിനു പലചരക്കു തരുമോ സാർ? പണിയെടുത്താൽ കൃത്യമായും കൂലിമേടിക്കണം സാർ.

“അതു കൊണ്ട്…സാഹിത്യകാരന്മാർജാഗ്രത പാലിക്കുക ഇനിയെങ്കിലും .

ജാഥയ്ക്കു പോയാൽ പോലും മാന്യമായ കൂലി കിട്ടും ഇക്കാലത്ത്.എഴുത്തുകാരാ നിനക്കോ?

ജോർജ് ജോസഫ് കെ

Share News