കഷ്ടകാലത്ത് പണയത്തിൽ നഷ്ടപ്പെട്ടുപോയ കുടുംബവക പുരയിടത്തിൽ ഒരു കാവൽക്കാരനായിട്ടാണ് സൗമ്യൻ ഇന്ന് അന്തിയുറങ്ങുന്നത്.

Share News

❤ സൗമ്യൻ ❤

സ്വർഗലോകത്തിലെ ദേവന്മാരാൽ പരീക്ഷിക്കപ്പെട്ട് ശ്‌മശാനം സൂക്ഷിപ്പുകാരനായിത്തീർന്ന ത്രിശങ്കു പുത്രനും അയോദ്ധ്യയുടെ രാജാവുമായിരുന്ന ഹരിശ്ചന്ദ്രന്റെ കഥ നാം കേട്ടിട്ടുണ്ട്. രാജാവോ രാജകുമാരനോ ഒന്നുമല്ലാത്ത ഒരു സമകാലീനന്റേതാണ് ഈ പറയുന്ന കഥ.

കഥയിലെ നായകനെ നമുക്ക് ‘സൗമ്യൻ’ എന്ന് വിളിക്കാം. ഈ നായകന്റെ യഥാർത്ഥത്തിലുള്ള പേരിന്റെ അർഥം സാക്ഷാൽ ഹരിശ്ചന്ദ്രന്റെ സ്വഭാവവിശേഷണങ്ങളായ സത്യവും നീതിയും തന്നെയാണ്.

അതൊരു ലാറ്റിൻ പുല്ലിംഗ നാമവുമാണ്.സമ്പന്നമല്ലെങ്കിലും സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ അംഗമായാണ് സൗമ്യൻ ജനിച്ചത്.

സഹോദരീ സഹോദരങ്ങളാൽ സമ്പുഷ്ടമായിരുന്ന കുടുംബത്തിന്റെ ഉജ്വല വിളക്കായിരുന്നു സൗമ്യന്റെ അമ്മ.

ആറടിയിലേറെ ഉയരവും ശോഭയുള്ള മുഖകാന്തിയും സദാ ശുഭ്രവസ്ത്രദാരിയുമായിരുന്ന സൗമ്യന്റെ പിതാവിന് ഒരു കുറവുണ്ടായിരുന്നത് സ്ഥിരമായ മദ്യപാനമാണ്.

അതുകൊണ്ടുതന്നെ മക്കൾ പറക്കമുറ്റുന്നതിനുമുമ്പേ അദ്ദേഹം അകാലത്തിൽ ഇഹലോകവാസം വെടിഞ്ഞു. സൗമ്യന് പ്രായപൂർത്തിയെത്തിയപ്പോൾ ആശ്രിത നിയമനമായി പിതാവിന്റെ കമ്പനിയിൽ ജോലി ലഭിച്ചു. എന്നാൽ, സൗമ്യൻ അധികകാലമൊന്നും ആ ജോലി തുടർന്നില്ല. അപ്പന്റെ മദ്യപാനാസക്തി അയാളെയും ഗ്രസിച്ചിരുന്നു.

സുന്ദരനും സുമുഖനും ഉരുക്കുപോലുള്ള ശരീരവുമുള്ള സൗമ്യൻ തന്റെ യവ്വനകാലമെല്ലാം വിവിധ പണികൾ ചെയ്‌ത്‌ അലഞ്ഞുതിരിഞ്ഞു.

ഇതിനിടയിൽ സ്നേഹസമ്പന്നയും കുടുംബവിളക്കുമായിരുന്ന അമ്മയും വിടവാങ്ങി. സഹോദരങ്ങൾ അവരുടേതായ ജീവിതങ്ങളിലേക്ക് പ്രവേശിച്ചു.

ഇപ്പോൾ കുറേയേറെ വർഷങ്ങളായി സൗമ്യൻ പരേതാത്മാക്കളുടെ കൂട്ടുകാരനാണ്. മരിച്ചവരെ സംസ്‌കരിച്ചും അവരുടെ കല്ലറകൾ സജ്ജീകരിച്ചും അയാൾ കാലക്ഷേപം ചെയ്യുന്നു.

ഓരോ മരണവും സൗമ്യന്റെ ശരീരത്തിൽ ആൽക്കഹോളിന്റെ അളവുവർധിപ്പിക്കുന്ന ഒരു ‘രാസപ്രവർത്തനം’ കൂടിയാണ്. രണ്ടു-രണ്ടര വർഷം കഴിഞ്ഞാണെങ്കിലും മൃതശരീരം അടക്കംചെയ്‌ത കല്ലറകൾ തുറക്കുമ്പോൾ ഉണ്ടാകുന്ന മനംമടുപ്പിക്കുന്ന ചൂടുംചൂരും തരണംചെയ്‌തുകൊണ്ട് തന്റെ കർത്തവ്യം ഭംഗിയായി പൂർത്തിയാക്കണമെങ്കിൽ രണ്ടെണ്ണം വീശാതെ നിവൃത്തിയുണ്ടാകില്ല. സ്ഥിരം മദ്യപിക്കുമെങ്കിലും കമ്പനികൂടിയുള്ള മദ്യപാനമോ വഴക്കുകളോ ശാന്തസുന്ദരനും മന്ദസ്മിതനുമായ സൗമ്യനിൽ നാളിതുവരെ കണ്ടിട്ടില്ല

ചില കല്ലറകൾ തുറക്കുമ്പോൾ മൃതശരീരങ്ങൾ പൂർണമായും അഴുകിയിട്ടുണ്ടാകില്ല. പോസ്റ്റ്മാർട്ടം കഴിഞ്ഞു എംബാം ചെയ്‌തത്തിന്റെ കെട്ടുകൾ കൃത്യമായി അഴിച്ചുകളഞ്ഞു അടക്കം ചെയ്യാത്തവയാണ് ഇങ്ങനെ പാതി അഴുകിക്കാണുന്നത്.

പള്ളിയധികാരികളിൽ നിന്നും ഇത്തരം മൃതശരീരങ്ങൾ അടക്കംചെയ്യുന്നതിനായുള്ള കൃത്യമായ മാർഗനിർദേശങ്ങളൊന്നും ഇല്ലാത്തതിനാലും, സാമൂഹ്യ ബോധമുള്ള ഒരു ഡോക്റ്ററുടെ സേവനം കുടുംബാംഗങ്ങൾക്ക് ലഭ്യമാകാൻ നിർവ്വാഹമില്ലാത്തതിനാലും ഒട്ടുമിക്ക കുടുംബാംഗങ്ങളും ആശുപത്രിയിൽനിന്നും കൊണ്ടുവരുന്ന അതേ അവസ്ഥയിൽതന്നെ മൃതശരീരം പെട്ടിയിലാക്കി അടക്കംചെയ്യുകയാണ് പതിവ്.

മരണനിരക്കുകൾ കൂടിക്കൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തിൽ പരിമിതമായ കല്ലറകൾ മാത്രമുള്ള സെമിത്തേരികളിൽ ഈ രണ്ടു-രണ്ടര വർഷം കഴിയുമ്പോൾ കല്ലറ തുറക്കാതെ നിർവാഹമില്ല; പരിസരം മുഴുവൻ ദുർഗന്ധപൂരിതമാകുന്ന ഇത്തരം സാഹചര്യങ്ങളിൽ പകൽ സമയത്ത് കല്ലറ തുറന്നാൽ അത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകും എന്നതിനാൽ മൂന്നുമണി വെളുപ്പിനും മറ്റുമാണ് സൗമ്യൻ കുഴി തുറക്കുന്നതും ശരീരാവശിഷ്ടങ്ങൾ കൈയിലെടുത്തു അസ്ഥികൾ സൂക്ഷിക്കുന്ന പേടകത്തിൽ നിക്ഷേപിക്കുന്നതും. മറ്റൊരാളുടെ സാമീപ്യമോ സഹായമോ ഇല്ലാതെയാണ് നാളിതുവരെ സൗമ്യൻ തന്റെ കർത്തവ്യങ്ങൾ നിശ്ശബ്ദനായി നിറവേറ്റിക്കൊണ്ടിരിക്കുന്നത്.

കഷ്ടകാലത്ത് പണയത്തിൽ നഷ്ടപ്പെട്ടുപോയ കുടുംബവക പുരയിടത്തിൽ ഒരു കാവൽക്കാരനായിട്ടാണ് സൗമ്യൻ ഇന്ന് അന്തിയുറങ്ങുന്നത്.

സ്വർഗലോകം നിശ്ചയിച്ചപ്രകാരം വിശ്വാമിത്രന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷണമായിരുന്നു ഹരിചന്ദ്രന്റേത്. ചണ്ഡാളൻ ധർമദേയവനും, ബ്രാഹ്മണൻ ഇന്ദ്രനുമായി ഹരിചന്ദ്രനുമുന്നിലെത്തി ആ കഥയുടെ ക്ളൈമാക്സ് ശുഭകരമാക്കുന്നുണ്ട്. പിന്നീട് ഹരിശ്ചന്ദ്രൻ വളരെക്കാലം നീതിമാനായി അയോദ്ധ്യ ഭരിച്ചുവെന്നും, മകൻ രോഹിതാശ്വനെ രാജ്യഭാരം ഏൽപ്പിച്ചു സ്വർഗലോകം പ്രാപിച്ചുവെന്നുമാണ് കഥാപര്യവസാനം.

എന്നാൽ, നമ്മുടെ സൗമ്യന്റെ കഥയ്ക്ക് അങ്ങനെയൊരു പര്യവസാന സാധ്യതയില്ല; സൗമ്യന് താരാമതിയെപ്പോലെ ഭാര്യയോ ഒരു മകനോ ഇല്ല. എന്നിരുന്നാലും സ്വർഗത്തിന്റെ പുഷ്പവൃഷ്ടിയ്ക്കും ഹർഷാരവങ്ങൾക്കും തികച്ചും യോഗ്യനാണ് നമ്മുടെ ഈ സൗമ്യൻ

.✏ ഷാജി ജോസഫ് അറക്കൽ

Share News