സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു.
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ
വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന
കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.
പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്.
ബാലസോറിലെ ട്രെയിന്‍ അപകടം:
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം
ഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ 2-ന് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരെയും മരണപ്പെട്ട സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച കെസിബിസി അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലായിരിക്കുന്നവര്‍ക്ക് വേഗത്തില്‍ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു.
മാത്രമല്ല, ഇത്തരം അപകടങ്ങള്‍ മേലില്‍ ഉണ്ടാകാതിരിക്കേണ്ടതിന് റെയിവേ അധികൃതരുടെ ഗൗരവമായ ശ്രദ്ധ വേണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ സാധാരണക്കാരായ അനേകലക്ഷം പേരുടെ പൊതുയാത്ര സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. തുടര്‍ച്ചായുണ്ടാകുന്ന അപകടങ്ങളും ട്രെയിന്‍ കത്തിക്കുന്ന സംഭവങ്ങളും യാത്രക്കാരില്‍ ഭീതി നിറയ്ക്കുന്നതാകും. വേണ്ടത്ര ശ്രദ്ധയും സൂക്ഷ്മതയും സിഗ്നല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും സമിതി ഓര്‍മ്മിപ്പിച്ചു.
സഭാനവീകരണം:
കേരളസഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബറില്‍
കേരള സഭാനവീകരണത്തിന്റെ ഭാഗമായി, 2023 ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ വച്ച് കേരള സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമുചിതമായി നടത്താന്‍ തീരുമാനിച്ചു. എല്ലാ കത്തോലിക്കാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും മെത്രാന്മന്മര്‍, വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ളവരും ഇതില്‍ പങ്കെടുക്കും.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ദുഃഖവും ഉത്കണ്ഠയും
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും വിലയിരുത്തിയ മെത്രാന്‍ സമിതി മണിപ്പൂര്‍ സംസ്ഥാനത്ത് ഇപ്പോഴും നിലനില്ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ കേരള കത്തോലിക്കാസഭയുടെ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി.
സംഘര്‍ഷാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാ സഹോദരീസഹോദരന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മെത്രാന്‍ സമിതി, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടു. മാത്രമല്ല മണിപ്പൂരില്‍ എത്രയുംവേഗം സമാധാനം ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
വിദ്യാഭ്യാസം:
ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണം
ഈ അടുത്ത കാലത്തായി വര്‍ധിതമായിവരുന്ന ഒന്നാണ് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളുമെന്ന് കെസിബിസി യോഗം വിലയിരുത്തി.
സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ സമുദായ സംഘടനകള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ട ഉണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരും മത സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടുമെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
ലഹരിവിരുദ്ധ പ്രവര്‍ത്തനം:
നാടിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം
മദ്യവും-മയക്കുമരുന്നും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതിലും, വിവിധ ഇടങ്ങളില്‍ നിന്നായി കേരളത്തിലേക്ക് മയക്കുമരുന്ന് ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്നതിലും കെസിബിസി ആശങ്ക പ്രകടിപ്പിച്ചു. വിദ്യാസമ്പന്നരായ യുവജനങ്ങളെയും പൊതുസമൂഹത്തെയും ഗൗരവതരത്തില്‍ ബാധിക്കുന്ന രോഗമായി മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു.
വന്യജീവി ആക്രമണം:
കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം
വന്യജീവികളുടെ വര്‍ധനവ് നിയന്ത്രിക്കാനും, മലയോര കര്‍ഷകരുടെയും, ജനങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തുവാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. മലയോര-വന മേഖലകളില്‍ മാത്രം വന്യജീവി ആക്രമണങ്ങള്‍ പതിവായിരുന്നത് ഇപ്പോള്‍ കൂടുതല്‍ ജനവാസമേഖലകളിലേക്ക് വ്യാപിക്കുന്നത് സത്വരമായ ശ്രദ്ധ ഉണ്ടാകേണ്ട ഒരു വിഷയമാണ്. വന്യജീവി ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കണമെന്നും, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമാകാതെ അവ നടപ്പിലാക്കാനുള്ള ആര്‍ജവം പ്രകടിപ്പിക്കണമെന്നും കെസിബിസി നിര്‍ദേശിച്ചു. ഇതോടൊപ്പം, ബഫര്‍ സോണ്‍ സംബന്ധിച്ച് ജനങ്ങളില്‍ നിലനില്ക്കുന്ന ആശങ്കകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
വിഴിഞ്ഞം:
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കണം
വിഴിഞ്ഞം തുറമുഖത്ത് തീരദേശവാസികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ഉണ്ടായ ധാരണകള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് മെത്രാന്‍സമിതി ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചും, പുനരധിവാസത്തെകുറിച്ചുമുള്ള ധാരണകള്‍ പാലിക്കപ്പട്ടിട്ടില്ല. ഗോഡൗണില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സത്വരമായി സ്വീകരിക്കണം.
ദളിത് ക്രൈസ്തവര്‍:
സംവരണം ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം
പട്ടികജാതി വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതവിശ്വാസം സ്വീകരിച്ചവര്‍ക്ക്് പട്ടികജാതി സംവരണം നിഷേധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന ഉള്‍പ്പടെ 12 സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതുപോലെ കേരള സര്‍ക്കാരും ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്കണമെന്ന പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും മെത്രാന്‍ സമിതി അഭ്യര്‍ഥിച്ചു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
08-06-23