മാധ്യമ പ്രവർത്തകർ ഓരോ വാർത്തകൾ എഴുതുമ്പോൾ അതിന്റെ ഉറവിടം എവിടെ എന്നന്വേഷിച്ചു പൊലീസ് പിന്തുടരുകയാണെങ്കിൽ അതു ജനാധിപത്യ കേരളത്തിന്റെ വലിയ ദശാകാലമാണെന്നു നമ്മൾ തിരിച്ചറിയണം.

Share News

വാർത്തയുടെ ഉറവിടം വെളിപ്പെടുത്താതിരിക്കാൻ പത്രപ്രവർത്തകർക്ക് നിയമപരമായ അവകാശമുണ്ട്. ദേശസുരക്ഷ പോലുള്ള സുപ്രധാനകാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാത്രമേ വെളിപ്പെടുത്തേണ്ടതുള്ളൂ…മുതിർന്ന പത്രപ്രവർത്തകനായ ജയചന്ദ്രൻ എലങ്കത്ത് എഴുതുന്നു:എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ഏറ്റവും നിർണായക ദിവസമായിരുന്നു ഇന്നലെ. ഞാനെഴുതിയ വാർത്തയുടെ ഉറവിടം ചോദിച്ചു സംസ്ഥാന സർക്കാരിന്റെ ക്രൈംബ്രാഞ്ച് എന്റെ മൊഴി രേഖപ്പെടുത്തിയ വല്ലാത്തൊരു ഇന്നലെ.

വാർത്തയുടെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മാധ്യമ പ്രവർത്തകൻ ഒരുപക്ഷേ ഞാൻ ആകാം. അതുകൊണ്ടു തന്നെ കാലമെത്ര കടന്നുപോയാലും ആ ചൊവ്വാഴ്ച ഞാൻ മറക്കില്ല.ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു നോട്ടിസ്. കൃത്യം 11 മണിക്കു തന്നെ കൊല്ലത്തു നിന്ന് ഞാൻ ആലപ്പുഴയിലെത്തി. ആലപ്പുഴയിലെ എന്റെ സഹപ്രവർത്തകരായ സ്പെഷൽ കറസ്പോണ്ടന്റ് സക്കീർ ഹുസൈനും ചീഫ് ഫോട്ടോഗ്രാഫർ അരുൺ ശ്രീധറും എനിക്കൊപ്പം വന്നു.ക്രൈം ബ്രാഞ്ച് ഓഫിസിലെ മുകൾ നിലയിൽ ഡിവൈഎസ്പി യുടെ മുറിയിൽ ഏതാണ്ട് ഒരു മണിക്കൂർ നീളുന്ന മൊഴിയെടുക്കൽ. വളരെ സൗഹാർദപരമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നോടു പെരുമാറി. തിരിച്ചു സ്നേഹപൂർവം ഞാനും. ചവറ കെഎംഎംഎൽ സംബന്ധിച്ചു ഞാനെഴുതിയ വാർത്ത എവിടെ നിന്നു കിട്ടിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് അറിയേണ്ടിയിരുന്നത്. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ താൽപര്യമാണെന്നു ഞാൻ കരുതുന്നില്ല. അറിഞ്ഞേ പറ്റൂവെന്ന് മറ്റാർക്കോ ഒരു വാശി ഉള്ള പോലെ. രണ്ടര പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തനം നടത്തുന്ന എനിക്ക് ഏറ്റവും വലിയ കൈമുതലായ സോഴ്സുകളെ വിട്ടൊരു കളിയില്ലെന്നു ഞാൻ മനസ്സിൽ നൂറ്റൊന്നാവർത്തി പറഞ്ഞുറപ്പിച്ച ദിവസം കൂടിയായി ഇന്നലത്തെ ചൊവ്വാഴ്ച.

ഇന്നലെ ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് തന്ന വിവരം പുറത്തു വന്നപ്പോൾ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നു അത്ഭുതാവഹമായ പിന്തുണയാണ് എനിക്കു കിട്ടിയത്. രാഷ്ട്രീയ നേതാക്കൾ, മുതിർന്ന മാധ്യമ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ രംഗത്തെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെ നൂറുകണക്കിനു ഫോൺ കോളുകളാണ് എനിക്കു വന്നത്. എല്ലാവരുടെയും ഐക്യദാർഢ്യത്തിനു ഹൃദയം നിറഞ്ഞ നന്ദി. സമൂഹ മാധ്യമങ്ങളിലും നൂറുനൂറായിരം പേർ എനിക്കു പിന്തുണയുമായി വന്നു. അവരോടും ഒത്തിരി സ്നേഹം. ‘അങ്ങനെ മനോരമക്കാരൻ പറയുന്നതുപോലെ നിഷ്കളങ്കമല്ല, വെറുതെ നോട്ടീസ് കൊടുത്തു ക്രൈംബ്രാഞ്ച് വിളിപ്പിക്കില്ല’ എന്ന മട്ടിലും ഒരാൾ കമന്റിട്ടു. രേഖാമൂലം നോട്ടീസ് തരുന്നതിനു മുൻപ്, നോട്ടീസോ ഫോൺ വിളിയോ പോലും ഇല്ലാതെ ക്രൈംബ്രാഞ്ച് സംഘം എന്റെ ഓഫിസിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കഥ അറിയാതെ പോയ ആ സരസനോടും നന്ദി.

ജയചന്ദ്രൻ ഇലങ്കത്ത് എന്ന എന്നെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവെന്നതല്ല വലിയ കാര്യം. ഞാൻ എന്നല്ല, ഒരു മാധ്യമ പ്രവർത്തകനും വാർത്തയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇനിയൊരിക്കലും പൊലീസിനു മുന്നിൽ ഇരുന്നു കൊടുക്കേണ്ടി വരരുത്. നമ്മുടെ കൊച്ചുകേരളത്തിൽ ഒരു മാധ്യമപ്രവർത്തകനും അങ്ങനെയൊരു അവസ്ഥ ഉണ്ടാകാൻ പാടില്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾ– ഭരിക്കുന്നവരായാലും പുറത്തു നിൽക്കുന്നവരായാലും– ആ വലിയ ഉത്തരവാദിത്തം കാട്ടേണ്ട നിർണായക സമയമാണിത്. മാധ്യമ പ്രവർത്തകർ ഓരോ വാർത്തകൾ എഴുതുമ്പോൾ അതിന്റെ ഉറവിടം എവിടെ എന്നന്വേഷിച്ചു പൊലീസ് പിന്തുടരുകയാണെങ്കിൽ അതു ജനാധിപത്യ കേരളത്തിന്റെ വലിയ ദശാകാലമാണെന്നു നമ്മൾ തിരിച്ചറിയണം. നേതാക്കന്മാരുടെ പ്രസ്താവനകളും സർക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പുകളും മാത്രം ചുമ്മി ഈ ജോലി മുന്നോട്ടു കൊണ്ടുപോകാൻ ഒരു മാധ്യമ പ്രവർത്തകനും നിന്നു കൊടുക്കാൻ പാടില്ല. അങ്ങനെ സംഭവിക്കാൻ പാടില്ലെന്നു ഭരണ– രാഷ്ട്രീയ നേതൃത്വങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്.

ആക്രമണോത്സുകതയാണു ഒരുതരത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ വല്ലാത്തൊരു സൗന്ദര്യം എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. വ്യക്തമായ വിവരങ്ങളുടെ, രേഖകളുടെ അടിസ്ഥാനത്തിൽ എഴുതുമ്പോൾ ആർക്കെങ്കിലുമൊക്കെ ചെന്നുകൊള്ളുന്നത് അതുകൊണ്ടാകണം. ആ ജോലി ഇനിയും തുടരുക തന്നെ ചെയ്യും. കാരണം, മാധ്യമ പ്രവർത്തനമാണ് എന്റെ ചോറ്. അതിനോടാണ് എന്റെ വല്ലാത്ത കൂറ്.

ഇന്നലെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നു തിരിച്ചു കൊല്ലത്തേക്കു വരവെ, ചവറ കെഎംഎംഎലിനു മുന്നിലെത്തിയപ്പോൾ കാർ നിർത്താൻ ഡ്രൈവറോടു പറഞ്ഞു. ഇന്നലെ കെഎംഎംഎലിനു മുന്നിൽ നിന്നൊരു സെൽഫി എടുത്തില്ലെങ്കിൽ പിന്നെ എന്ന് എന്നു മനസ്സ് മാത്രമല്ല, ഫോണും എന്നോടു കൊഞ്ചി. പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഒരു മണിക്കൂർ ഇരുന്നുകൊടുത്തതിന്റെ ബാക്കിയെന്നോണം ചരിത്രപരമായൊരു സെൽഫി.

P. V. Alby

Share News