തൊപ്പിയും ആരാധകരും കുറച്ചു കുറ്റവാളികളും.|ആരാധകരെ ഓർത്തു ഭയവും ആകുലതയുമുണ്ട്.
തൊപ്പി എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീലം വിളമ്പി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഒരു ചെറുപ്പക്കാരനെ തൊപ്പി വച്ച കുറെ പോലീസുകാർ അതിസാഹസികമായി അറസ്റ് ചെയ്തു കൂട്ടിലാക്കിയ വാർത്ത ശ്രദ്ധേയമായി.
വായ് തുറന്നാൽ അശ്ലീലം മാത്രം പറയുന്ന ഈ ചെറുപ്പക്കാരനെ കാണാൻ കേരളത്തിലെ ലക്ഷക്കണക്കിന് യുവജനങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്നു എന്ന വാർത്തയാണ് ഇവിടെ പ്രധാനപ്പെട്ടത്. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രമിച്ചാൽ ഇത്രയും യുവജനങ്ങളെ ഒന്നിച്ചു കൂട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആകാൻ എന്തുകൊണ്ടും യോഗ്യനാണ് തൊപ്പി; എല്ലാ അർത്ഥത്തിലും!!
കേരളത്തിൽ രോഗാതുരമായ ഒരു തലമുറ വളർന്നു വരുന്നു എന്ന് നമ്മളെ അറിയിച്ച ഒരു മഹാനാണ് ഈ തൊപ്പി!! തൊപ്പിയെ മാത്രം അറസ്റ്റ് ചെയ്താൽ മതിയോ? ഈ അശ്ലീലം ഇഷ്ടപെടുന്ന ലക്ഷക്കണക്കിന് ആരാധകരെ കൂടി അറസ്റ്റ് ചെയ്യേണ്ടേ സാറന്മാരെ? എല്ലാം ഒരു പ്രഹസനം അല്ലെ!! വാസ്തവത്തിൽ, തൊപ്പിയെ വളരെ വേഗം ഒരു മാനസീക രോഗ ചികിത്സയ്ക്ക് വിധേയമാക്കുകയും തൊപ്പിയെ ആരാധിക്കുന്ന കുഞ്ഞുങ്ങളെയും യുവജനങ്ങളെയും സസൂഷ്മം നിരീക്ഷിച്ചു വേണ്ട ചികിത്സ ഉറപ്പുവരുത്തുകയും വേണം.
തൊപ്പി ഒരു വ്യക്തിയല്ല. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയാണ്.
നാശത്തിന്റെ പടുകുഴിയിലേക്ക് ഒരു തലമുറ കൂപ്പുകുത്തുന്നെങ്കിൽ അതിന്റെ പ്രധാനപ്പെട്ട ഒന്നാമത്തെ കുറ്റവാളികൾ മതങ്ങളാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും അമ്പലങ്ങളും പള്ളികളും മോസ്ക്കുകളും മതവിശ്വാസികളും പുരോഹിതരും മതപണ്ഡിതരും മതഗ്രന്ഥങ്ങളും മതപഠനങ്ങളും ഉള്ള കേരളത്തിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഒരു കുറവും ഇല്ല.
മനുഷ്യനെ ധാർമീകതയിലേയ്ക്കും ജീവിത മൂല്യങ്ങളിലേക്കും നയിക്കേണ്ട മതങ്ങൾ ഇന്ന് ആ കാര്യം ഒഴിച്ച് ബാക്കിയെല്ലാം ചെയ്യുന്നുണ്ട്. രാവിലെ സുപ്രഭാത വന്ദനവും പള്ളിമണിയും ബാങ്കുവിളിയും ഒക്കെ കേട്ടു ഉണരുന്ന നമ്മുടെ മക്കൾ തൊപ്പികളായി വളർന്നു വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാൻ കാലമായി.
രണ്ടാമത്തെ കുറ്റവാളികൾ വിദ്യാഭ്യാസം കൊടുക്കുന്നവരാണ്.
സുകുമാർ അഴിക്കോട് മാഷ് ഒരിക്കൽ പറഞ്ഞതുപോലെ “പണ്ട് അദ്ധ്യാപകരെ “അദ്ധ്യാപകർ” എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അവർ “അധ്യാപകർ” ആയി. അവരിലെ “വി-ദ്യ” പോയി “ധ-നം” വന്നു. ഇവരുടെ ശ്രദ്ധ ഇപ്പോൾ വിദ്യയിൽ അല്ല; ധനത്തിൽ ആണ്”. ഇത്തരക്കാരുടെ പരിശീലനത്തിലൂടെ ഇറങ്ങി വരുന്ന തലമുറയാണ് തൊപ്പിയും ആരാധകരും!! തങ്ങൾ പഠിപ്പിച്ച ഒരു കുട്ടി രാജ്യത്തിൻറെ പ്രസിഡണ്ട് ആയാൽ അതിന്റെ മേല്മ മുഴുവൻ ഏറ്റെടുക്കാൻ അദ്ധ്യാപകർ മുമ്പിൽ ഉണ്ടാകും. അതെ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ഒരാൾ ക്രിമിനൽ ആയാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇതേ അദ്ധ്യാപകർ തയ്യാറാകുമോ?
ഇന്ന് അദ്ധ്യാപനം വെറുമൊരു വരുമാനമാർഗം മാത്രമാണ് വലിയൊരു ശതമാനം അദ്ധ്യാപകർക്കും. നല്ല ഗുരുക്കമാരെ കിട്ടാനില്ല. തൊപ്പിയെയും ആരാധകരെയും ഒക്കെ നമ്മുടെ സ്കൂളുകളും കോളേജുകളും “ഗുണനിലവാരമുള്ള വിദ്യാഭ്യാസം” കൊടുത്തു പുറത്തിറക്കി വിടുന്നവരാണെന്ന് ഓർത്തുകൊള്ളണം.
മൂന്നാമത്തെ കുറ്റവാളി ഇന്നത്തെ ന്യൂ ജനറേഷൻ ഡാഡിമാരും മമ്മിമാരുമാണ്.
ഫ്രണ്ട്ലി പേരന്റിംഗ് ആണ്!! മക്കൾ എന്ത് തോന്ന്യവാസവും കാണിച്ചാലും അതിനെല്ലാം വളം ഇട്ടു പോഷിപ്പിക്കുന്നവർ. വീടുകളിൽ ശിക്ഷണം ഇല്ല. ഇനി ഏതെങ്കിലും ഒരു നല്ല അദ്ധ്യാപകനോ മതപുരോഹിതനോ മറ്റോ ഒന്ന് കണ്ണുരുട്ടിയാൽ ഡാഡിയും മമ്മിയും നാട്ടുകാരും മാധ്യമങ്ങളും എല്ലാവരും കൂടി സകല ആയുധങ്ങളുമായി പാഞ്ഞു വരും. ഒരുതരത്തിലും നന്മ പഠിപ്പിക്കാൻ പാടില്ലെന്ന നിർബന്ധമുണ്ട് നമ്മുക്ക്.
മക്കൾ പൂർണ്ണമായി വഴിവിട്ടു കയ്യിൽ നിന്ന് പോയിക്കഴിയുമ്പോൾ ഡാഡിയ്ക്കും മമ്മിയ്ക്കും തിരിച്ചറിവ് വരും. അപ്പോൾ തിരിച്ചറിഞ്ഞിട്ടു എന്ത് കാര്യം?
നാലാമത്തെ കുറ്റവാളികൾ രാഷ്ട്രീയക്കാരും മാധ്യമ വ്യവസായികളും സർക്കാരുമൊക്കെയാണ്.
ഇന്ന് സകല കുറ്റകൃത്യങ്ങൾക്കും ഇവർ ഉപയോഗിക്കുന്നത് കുട്ടികളെയും യുവജനങ്ങളെയുമാണ്. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വാണിജ്യവും ക്യാമ്പസ് രാഷ്ട്രീയവുമൊക്കെ അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം.
മാധ്യമ ലോകം ഒരുക്കുന്ന ഒരു മസ്മിരീക ലോകത്തിലാണ് ഇന്ന് നമ്മുടെ കുട്ടികളും യുവജനങ്ങളും. അവരുടെ ലക്ഷ്യം പണം മാത്രമാണ്.
ഒരു മലയാളിയും മതവിശ്വാസിയും അദ്ധ്യാപകനുമൊക്കെയായ എനിക്ക് തൊപ്പിയുടെ മുഖത്ത് നോക്കുമ്പോൾ വല്ലാത്ത ഒരു കുറ്റബോധം ഉണ്ട്.
തൊപ്പിയുടെ ആരാധകരെ ഓർത്തു ഭയവും ആകുലതയുമുണ്ട്.
വാസ്തവത്തിൽ, ഒരു തലമുറയുടെ മൂല്യബോധം വഴിതിരിയുന്നെങ്കിൽ അതിലെ കുറ്റവാളികൾ അവരാണോ അതോ നമ്മൾ ഉൾപ്പെടുന്ന കേരളത്തിലെ പൊതുസമൂഹമാണോ?
സജ്ജനങ്ങളുടെ നിഷ്ക്രിയത്വമല്ലേ നമ്മുടെ നാടിന്റെ ഇപ്പോഴത്തെ ശാപം. ദിശാബോധം നഷ്ടപെട്ട ഒരു തലമുറയെ ആണോ നമ്മൾ വളർത്തി കൊണ്ടുവരുന്നത്?
മക്കൾ എന്ന അമൂല്യസമ്പത്തിനെ നഷ്ടപ്പെടുത്തിയിട്ടു മറ്റു സമ്പാദ്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ നെട്ടോട്ടം ഓടിയിട്ടു എന്ത് കാര്യം?
ജോർജ് പനന്തോട്ടം