കൊച്ചിയുടെ തെരുവുകളിലൂടെ സൈക്കിളില്‍ മീന്‍ വിറ്റ് നടന്ന ആ കൗമാരക്കാരന്‍ ഇന്ന് എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

Share News

, അത്തിപ്പൊഴി മത്സ്യ ചന്തയിലെ മീന്‍തട്ടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കന്റെ അടുത്തേക്ക് ആ സ്‌കൂള്‍ കുട്ടി ഓടിയെത്തിയപ്പോള്‍ മീന്‍മണമുള്ള കൈയോടെ അയാള്‍ അവനെ ഒപ്പം ചേര്‍ത്തുനിര്‍ത്തി. അപ്പന്‍ ചാക്കോയ്ക്ക് സഹായിയായി ഫ്രാന്‍സിസ്.

bay of sea ,costal

നല്ലൊരു ജോലി സമ്പാദിച്ച് ആ മീന്‍ ചന്തയില്‍ നിന്ന് തന്റെ അപ്പനെ പ്രാരാബ്ധങ്ങളില്ലാത്ത ജീവിതത്തിന്റെ വസന്തത്തിലേക്ക് കൈപിടിച്ചുനടത്തണമെന്ന് ഫ്രാന്‍സിസ് മോഹിച്ചു.

ഓരോ ദിവസവും പ്രതിസന്ധികള്‍ കൂടിയതല്ലാതെ അനുകൂലമായി ഒന്നുംസംഭവിച്ചില്ല. എന്നാല്‍ പഠിക്കണം എന്ന ഉറച്ച തീരുമാനം സുനാമിപോലെ ഉയര്‍ന്നുവന്ന എല്ലാ തിരമാലകളെയും വകഞ്ഞുമാറ്റാന്‍ ഫ്രാന്‍സിസിന് കരുത്ത് നല്‍കി.

കൊച്ചിയുടെ തെരുവുകളിലൂടെ സൈക്കിളില്‍ മീന്‍ വിറ്റ് നടന്ന ആ കൗമാരക്കാരന്‍ ഇന്ന് എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. തന്റെ ശിഷ്യഗണങ്ങള്‍ക്കൊപ്പമിരുന്ന് ഫ്രാന്‍സിസ് ഇന്നലെകളിലേക്ക് വെളിച്ചം തെളിയിച്ചു.

തോപ്പുംപടി സൗദിയില്‍ മുക്കത്ത് പരേതനായ ചാക്കോയുടെയും മേയ്ബിളിന്റെയും നാലാമത്തെ മകനാണ് എം.സി. ഫ്രാന്‍സിസ്.

അഞ്ചുമക്കളാണ് ചാക്കോയ്ക്ക്. മൂത്തയാള്‍ ജോണ്‍സണ്‍ ഗള്‍ഫില്‍. രണ്ടാമത്തെയാള്‍ ഫ്രാന്‍സീന, മൂന്നാമന്‍ ഫെലിക്‌സിനും അഞ്ചാമന്‍ ജെയ്ക്കബ്ബിനും മരപ്പണി. വീട്ടില്‍നിന്ന് ആദ്യമായി കോളേജില്‍ പഠിക്കാന്‍ പോവുന്നത് ഫ്രാന്‍സിസാണ്. മീന്‍ വിറ്റാണ് ചാക്കോ കുടുംബം പുലര്‍ത്തിയിരുന്നത്. അതിന്റെ ദാരിദ്ര്യാവസ്ഥ കുടുംബത്തിലുണ്ടായിരുന്നു.

ഫ്രാന്‍സിസ് ഏഴില്‍ പഠിക്കുമ്പോഴാണ് അപ്പച്ചന് കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരുന്നത്. മൂന്നുമാസം വിശ്രമം. കുടുംബത്തില്‍ വേറെ വരുമാനമില്ല. പഠിക്കാനുള്ള ചെലവ് ഏറ്റെടുക്കാന്‍ ആരുമില്ല. അങ്ങനെയാണ് കപ്പലണ്ടി വറുത്ത് വില്‍ക്കാനിറങ്ങുന്നത്. ഒരുദിവസം കപ്പലണ്ടി വിറ്റാല്‍ രണ്ടുരൂപ കിട്ടും. അത് സ്വരുക്കൂട്ടി വെച്ചാണ് അടുത്തവര്‍ഷത്തെ പഠനം. പത്താംക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ ജയിച്ചു. തുടര്‍പഠനം അപ്പോഴും ചോദ്യ ചിഹ്നമായി നിന്നു. അപ്പച്ചന് പ്രായമായി. മറ്റ് സഹോദരന്മാരെല്ലാം കൂലിപ്പണി. ജീവിതം അനിശ്ചിതത്വത്തിലായെന്ന ഘട്ടം.

അന്നം നല്‍കിയ മീന്‍

fish-7896

ശനി, ഞായര്‍ ദിവസങ്ങള്‍ അയല്‍വീടുകളിലെയും മറ്റും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കൊടുത്ത് ഫ്രാന്‍സിസ് പ്രീഡിഗ്രി പഠിച്ചു.

ഒരു വസ്ത്രം തേച്ചാല്‍ കിട്ടുക അമ്പത് പൈസയാണ്. അതെല്ലാം കൂട്ടി വെച്ചാണ് കോളേജില്‍ ചേര്‍ന്നത്. സ്‌കൂള്‍, കോളേജ് കാലത്തെ ജീവിതമൊന്നും ആസ്വദിക്കാന്‍ സാഹചര്യം അനുവദിച്ചിട്ടില്ലെന്ന് എം.സി. ഫ്രാന്‍സിസ് പറയുന്നു.

പഠിക്കാന്‍ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു അന്നെല്ലാം.പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ഡിഗ്രിക്ക് ചേരാന്‍ തീരുമാനിച്ചു.

അപ്പച്ചന് ജോലിയില്ല. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കിട്ടിയ പത്തുരൂപയുണ്ട് കൈയില്‍. അപ്പച്ചന്റെ സൈക്കിളുണ്ട് വീട്ടില്‍. അപ്പച്ചനോട് പറഞ്ഞു-: ”അപ്പച്ചാ, എനിക്ക് പഠിക്കണം. എന്റെ കൈയില്‍ പത്തുരൂപയുണ്ട്. അപ്പച്ചന്റെ സൈക്കിള്‍ എനിക്ക് തരാമോ? ഞാന്‍ മീന്‍ വിറ്റ് കിട്ടുന്ന പണംകൊണ്ട് പഠിച്ചോളാം”. ഇതു കേട്ട് ചാക്കോ നെടുവീര്‍പ്പിട്ടു.

അങ്ങനെ കൊച്ചിന്‍ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. പഠനമൊഴികെയുള്ള സമയങ്ങളില്‍ മീന്‍ വിറ്റ് പഠിക്കാനുള്ള പണമുണ്ടാക്കി.

അപ്പച്ചന്റെ കൂടെ മീന്‍ വിറ്റുനടന്ന് പരിചയമുള്ളതിനാല്‍ ജോലി എളുപ്പമായി. തോപ്പുംപടി ഫിഷിങ് ഹാര്‍ബറിലാണ് മീനെടുക്കാന്‍ പോവുക. അവിടെ ചെല്ലുമ്പോള്‍ മീന്‍ കച്ചവടം ചെയ്യുന്ന അമ്മമാരെ കാണും.

മത്സ്യം വിറ്റ് വീടുപുലര്‍ത്തുന്ന ആ അമ്മമാരോട് അവരുടെ മക്കള്‍ക്കുള്ള മനോഭാവത്തെക്കുറിച്ചായി പിന്നീടുള്ള ചിന്തകള്‍. അങ്ങനെ ഡിഗ്രി പൂര്‍ത്തിയാക്കി.

കടവന്ത്ര ഗിരിനഗറില്‍ എം.സി. കുരുവിള ആന്‍ഡ് കമ്പനിയില്‍ ചെറിയൊരു ജോലി കിട്ടി. അന്ന് 600 രൂപയാണ് ശമ്പളം. സൗദി ആരോഗ്യമാതാ പള്ളിയിലെ വികാരി ഫാ. സ്റ്റീഫന്‍ പഴമ്പാശ്ശേരിയെ ചെന്നുകണ്ടു.

തീരദേശങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷനെടുക്കാനുള്ള സൗകര്യം ചെയ്തുതരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു .അച്ചന്‍ അനുമതി നല്‍കി.

അങ്ങനെ പള്ളിഹാളില്‍ അഞ്ചുവര്‍ഷം കുട്ടികള്‍ക്ക് ട്യൂഷനെടുത്തു. അധ്യാപകനാവാനുള്ള യോഗ്യതയുണ്ടെന്ന തിരിച്ചറിവുണ്ടാവുന്നത് ആ പള്ളി ഹാളിലെ നാളുകളിലാണ്. എം.എ.യും ബി.എഡും എടുത്തു. കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷനെടുത്തു. തോപ്പുംപടി സെയ്ന്റ് ജോസഫ് വിമന്‍സ് കോളേജില്‍ ആറുകൊല്ലം പഠിപ്പിച്ചു. 2000-ല്‍ അപ്പച്ചന്‍ മരിക്കുമ്പോള്‍ അധ്യാപകനായിരുന്നു ഞാന്‍. മകന്റെ കഷ്ടപ്പാടുകള്‍ ഫലം കണ്ടെന്ന തിരിച്ചറിവോടെയാകാം അപ്പച്ചന്‍ മടങ്ങിയത്.

ട്യൂഷന്‍ ടീച്ചറില്‍നിന്ന് അസിസ്റ്റന്റ് പ്രൊഫസറിലേക്ക്അരൂര്‍ സെയ്ന്റ് അഗസ്റ്റിന്‍സില്‍ ജോലി കിട്ടി. പക്ഷേ, ഡിവിഷന്‍ ഫാള്‍ വന്നപ്പോള്‍ ജോലി പോയി.

പിന്നീട് 2013-ല്‍ സെയ്ന്റ് ആല്‍ബര്‍ട്‌സില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് കയറി. അപ്പോഴാണ് ഡോക്ടറേറ്റ് എടുക്കുന്ന കാര്യം ചിന്തിച്ചത്.

ഫിഷിങ് ഹാര്‍ബറില്‍ മത്സ്യത്തിനായി കാത്തുനില്‍ക്കുന്ന മീന്‍കച്ചവടക്കാരായ അമ്മമാരുടെ ജീവിതവും കാര്യപ്രാപ്തിയുമായിരുന്നു മനസ്സില്‍.പുതുതലമുറയില്‍ വനിതാ സംരംഭകരുടെ സ്വാധീനം ഗവേഷണവിഷയമായെടുത്തു.

fishing

കൊച്ചിന്‍ കോളേജില്‍ തന്നെ പഠിപ്പിച്ച ഡോ. എന്‍. അജിത്കുമാറായിരുന്നു ഗൈഡ്. സ്‌പെഷ്യല്‍ സ്‌കൂളില്‍ അധ്യാപികയാണ് ഭാര്യ സിന്‍സി. മക്കള്‍ ഒമ്പതാം ക്ലാസ്സുകാരന്‍ എല്‍നിനോയും ആറാംക്ലാസ്സുകാരന്‍ എല്‍വിനും തോപ്പുംപടി സാന്റമരിയ കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

മക്കള്‍ താന്‍ അതിജീവിച്ച പ്രതിബന്ധങ്ങളും കഷ്ടപ്പാടുകളും അറിഞ്ഞ് വളരട്ടെ. ” ഫ്രാന്‍സിസ് പറയുന്നു.

കടപ്പാട് :മാതൃഭൂമി

Babu George

Share News