എംടി, വായിക്കുന്ന എല്ലാ മലയാളികള്‍ക്കുമെന്ന പോലെ എനിക്കും വാക്കുകളുടെ ഉത്സവം. കവിതാമയമായ ഗദ്യം കൊണ്ടും വാങ്മയസായകം കൊണ്ടും ഹൃദയസംഗീതമുണര്‍ത്തുന്ന വാക്കിന്റെ ആചാര്യന് നവതി ആശംസകള്‍!

Share News

പതിമൂന്നാം വയസ്സിലാണ് മഞ്ഞ് വായിക്കുന്നത്. ഡാഡിയുടെ സാമാന്യം വലിയ പുസ്തക ഷെല്‍ഫില്‍ നിന്ന് എംടിയുടെ സര്‍ദാര്‍ജി പറയുന്നതു പോലെ ‘വീണു കിട്ടിയ’ ചെറിയ പുസ്തകം (നോവലല്ല, നോവെല്ല). അന്ന് മുതല്‍ ഈ പ്രായത്തിനിടയ്ക്ക് എത്ര തവണ മഞ്ഞ് വായിച്ചിട്ടണ്ട് എന്നറിയില്ല. ഒരു പക്ഷേ, ഒരു ഡസനോളം തവണ പലപ്പോഴായി, പല പുറങ്ങളായി

ഗദ്യം കാവ്യമാകുന്നതിന്റെ രാസലാവണ്യ ജാലകങ്ങള്‍ എട്ടാം ക്ലാസുകാരന്‍ പയ്യനു മുന്നിൽ തുറന്നിട്ടത് മഞ്ഞ്. എന്തൊരു ഭംഗിയാണാ വരികള്‍ക്ക്. വാക്കുകള്‍ കൊണ്ടു തീര്‍ക്കുന്ന സംഗീതം. നൈനിത്താളിന്റെ താഴ്വരയില്‍ അവസാന സായാഹ്നം കൊണ്ടാടാനെത്തിയ സര്‍ദാര്‍ജിയുടെ ഏകതാരയുടെ നേര്‍ത്ത വിഷാദനിമന്ത്രണം പോലെ. അറിഞ്ഞോ അറിയാതെയോ അത്തരമൊരു എഴുത്തുരീതിയെ ഹൃദയത്തിലേറ്റിയിട്ടുണ്ട് ഇക്കാലമത്രയും.

പിന്നെ രണ്ടാമൂഴം. ഭാഷയുടെ ഊര്‍ജം കൈമോശം വരുന്നു എന്ന് തോന്നുമ്പോഴൊക്കെ പേര്‍ത്തും പേര്‍ത്തും എടുത്ത് മറിക്കുന്ന താളുകള്‍. ഭീമന്റെ മനസ്സ്. കൊടുങ്കാറ്റിന്റെ മര്‍മരം. രോഗക്കിടക്കയില്‍ കിടന്നാണ് കാലം വായിച്ചത്.

ഇരുപത് വര്‍ഷം മുമ്പ്. കാലപ്രവാഹത്തില്‍ നദി പോലെ കലങ്ങിപ്പോയ സേതുവിന്റെ മനസ്സും ജീവിതവും എന്റെ കൂടി ആത്മനൊമ്പരമായി. ഒരാഴ്ചയാണ് അതിന്റെ ഹാങ്ങോവറില്‍ വിറങ്ങലിച്ചു കിടന്നത്. രക്തം വാര്‍ന്നു പോയ നിള പോലെ, എഴുതാന്‍ കൊതിച്ചിട്ടും ഓര്‍മ വരാതെ പോയ കവിതയിലെ വരികള്‍ പോലെ ആ നേര്‍ത്ത നൊമ്പരം കാലത്തിന്റെ താഴ്വരയിലെവിടെയോ സ്പന്ദിക്കുന്നുണ്ടിപ്പോഴും.

ചുരികത്തലപ്പിന്റെ മുര്‍ച്ഛയുള്ള വാക്കുകള്‍ കൊണ്ട് അഭ്രപാളികളെ വിറപ്പിച്ച തിരക്കഥകളും ആരാധനയോടെ നോക്കിക്കണ്ടു.

എംടി, വായിക്കുന്ന എല്ലാ മലയാളികള്‍ക്കുമെന്ന പോലെ എനിക്കും വാക്കുകളുടെ ഉത്സവം. കവിതാമയമായ ഗദ്യം കൊണ്ടും വാങ്മയസായകം കൊണ്ടും ഹൃദയസംഗീതമുണര്‍ത്തുന്ന വാക്കിന്റെ ആചാര്യന് നവതി ആശംസകള്‍!

Abhilash Fraizer

Share News