‘ഏക സിവില്‍ കോ‍ഡ് ബിജെപി അജണ്ട; ലക്ഷ്യം ഹിന്ദു രാഷ്ട്രം,വര്‍ഗീയ ധ്രുവീകരണം ’: സീതാറാം യെച്ചൂരി

Share News

കോഴിക്കോട്: ഏക സിവില്‍ കോഡിലൂടെ ബിജെപി ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രാജ്യത്തെ വൈവിധ്യങ്ങള്‍ക്കാണ് ഭരണഘടന ഊന്നല്‍ നല്‍കുന്നതെന്നും അതാണ് സംരക്ഷിക്കപ്പെടേണ്ടതാണെന്നു അദ്ദേഹം വ്യക്തമാക്കി. ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവില്‍കോ‍ഡില്‍ ബിജെപിക്ക് പ്രത്യേക അജണ്ടയുണ്ട്. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യം മുന്നില്‍വച്ചുള്ള നീക്കമാണിതു. ലോകത്ത് പല രാജ്യങ്ങളും വ്യത്യസ്തതയും വൈവിധ്യങ്ങളുടെ സൗന്ദര്യം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. അപ്പോഴാണ് ഏകീകരണമെന്ന പേരില്‍ പുതിയ ആശയവുമായി കേന്ദ്ര സര്‍ക്കാര്‍ വരുന്നത്. ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങളെ അപ്പാടെ തകര്‍ക്കുകയാണ് അവരുടെ വിശാല ലക്ഷ്യം. യെച്ചൂരി വ്യക്തമാക്കി

ഹിന്ദു- മുസ്ലിം വിഭാഗീയത സൃഷ്ടിച്ച്‌ 2024ലെ തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നില്‍. ഒരു മതത്തിലോ, സുമദായത്തിലോ മാറ്റങ്ങള്‍ വേണമെങ്കില്‍ തുറന്ന ചര്‍ച്ചയിലൂടെയാണ് അതു കൊണ്ടു വരേണ്ടത്. ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കേണ്ടതില്ല.

ഇന്ത്യയിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരവും അനുഷ്ഠാനവും പാരമ്ബര്യവും സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കപ്പെടണം. ഇത് പരിഗണിക്കാതെയാണ് നിലവിലെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായുള്ള നീക്കങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share News