വിടചൊല്ലി തലസ്ഥാനം: വിലാപയാത്ര കോട്ടയത്തേക്ക്
തിരുവനന്തപുരം: ജനസാഗരത്തിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാേശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുന്നത്. വൈകിട്ട് തിരുനക്കര മൈതാനത്ത് പൊതുദർശനം. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ മൃതദേഹം സംസ്കരിക്കും.
ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയായാണ് നിയന്ത്രണം. ലോറികള്‍ പോലുള്ള വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് തിരിച്ചുവിടും. നാളെ പുതുപ്പള്ളിയിൽ എത്തുന്ന വാഹനങ്ങൾക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു ഉമ്മൻചാണ്ടി(79)യുടെ മരണം. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇന്നലെ തിരവുനന്തപുരത്ത് പൊതുദർശനത്തിന് വെച്ചിരുന്നു. പുതുപ്പള്ളി ഹൗസ്, ദർബാർ ഹാൾ, പാളയം പള്ളി, കെ പി സി സി ആസ്ഥാനം എന്നിവിടങ്ങളിൽ നടന്ന പൊതുദർശനത്തിൽ നിയന്ത്രണാതീതമായി ആളുകൾ ഒഴുകിയെത്തുകയായിരുന്നു.