മർമം അറിയുന്നവനാണ് മാധ്യമ പ്രവർത്തകൻ!| എന്തിനാണ് സർ ഇങ്ങനെചെയ്യുന്നത് എന്ന് ചോദിക്കാനുള്ള പൗരബോധം സമൂഹത്തിന്റെ നന്മ ലക്‌ഷ്യം വയ്ക്കുന്ന ഓരോ വ്യക്തിക്കും ഉണ്ടാകണം. സംഘടനകൾക്കും ഉണ്ടാകണം.

Share News

മർമം അറിയുന്നവർക്ക് തല്ലാൻ കഴിയില്ലെന്ന് പണ്ട് പറഞ്ഞിരുന്നത് നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്ന നന്മനിറഞ്ഞ മനുഷ്യരെപ്പറ്റിയാണ്.

കാലം മാറി. കഥ മാറി. ഇപ്പോൾ മർമ്മംനോക്കിമാത്രമേ തല്ലാവൂ എന്നാണു പ്രമാണം. തല്ലേണ്ടവരെ നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്.

തല്ലുകാർ മുൻകൂട്ടി അച്ചാരവും വാങ്ങി അവസരംനോക്കി കാത്തിരിക്കുകയാണ്.

കണ്ടുനിൽക്കുന്നവർ കുറ്റംപറയരുതല്ലോ. അതുകൊണ്ടു തല്ലുകൊള്ളുന്നവനെ ഒരു ഭീകരനായിത്തന്നെ അവതരിപ്പിക്കേണ്ടതുണ്ട്. അവതരണ മികവിലാണ് കാര്യമിരിക്കുന്നത്. പേരെടുത്ത അവതാരകർ ജനത്തിനുമുന്പിൽ കഥ അവതരിപ്പിക്കും. കേട്ടുനിൽക്കുന്നവന്റെ കണ്ണുതള്ളുന്നതിലാണ് വിജയം. ഇത്തരക്കാരുടെ നാവിന്റെ ബലത്തിലാണ് കേരളത്തിലെ ചില പ്രധാന മാധ്യമങ്ങളുടെ മാർക്കറ്റുവിജയം കുടികൊള്ളുന്നത്. നേരെനിന്നു നിരന്തരം അവർ പറയുന്നതാണ് നേര്! (“സത്യമെങ്‌അന്വേഷിപ്പൂ പണ്ഡിതൻ…” അയ്യപ്പപ്പണിക്കരുടെ കവിത ഓർത്തുപോകും!)

പ്രതിസ്ഥാനത്തു കത്തോലിക്കാ പുരോഹിതനാണെങ്കിൽ മർമം ബ്രഹ്മചര്യ വ്രതമായിരിക്കണം! ഓർത്തഡോക്സ് ആണെങ്കിൽ മർമം കൂദാശ ആയിരിക്കണം. കഴിയുമെങ്കിൽ കുമ്പസാരംതന്നെയാവണം. അതിനേയൊരു രഹസ്യാത്മകതയുടെ ത്രില്ലുള്ളൂ!

പ്രൊട്ടസ്റ്റന്റോ പെന്തക്കോസ്‌തോ ആണെങ്കിൽ വിദേശപ്പണം മർമ്മം! നൈഷ്ഠിക ബ്രഹ്മചാരികളായ കത്തോലിക്കാ പുരോഹിതർക്ക് എങ്ങിനെ സ്ത്രീ പുരുഷന്മാർ ഉൾപ്പെട്ട സമൂഹത്തിൽ ബ്രഹ്മചര്യം പാലിച്ചു മനുഷ്യരായി ജീവിക്കാൻ കഴിയും?

അസാധ്യം!മനുഷ്യന് അസാധ്യമെന്നു തോന്നുന്ന ഒരു ജീവിത ക്രമം പാലിക്കുന്നതിന് നിരന്തരം യത്‌നിക്കുക എന്നതാണ് ക്രിസ്ത്യാനി എന്നതിന്റെ അർത്ഥമെന്നു ബോധപൂർവം മറക്കുന്നു, മറയ്ക്കുന്നു! ശത്രുവിനെ സ്നേഹിക്കുക, നിന്നോട് തെറ്റ് ചെയ്യുന്നവരോട് ക്ഷമിച്ചതിനുശേഷം മാത്രം സ്വർഗ്ഗസ്ഥനായ പിതാവിനോട് നിന്റെ തെറ്റിന് മാപ്പപേക്ഷിക്കുക, സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ പൂര്ണനാവുക, നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ സൂര്യനുദിപ്പിക്കുകയും മഴപെയ്യിക്കുകയും ചെയ്യുന്ന, പിതാവിനെപ്പോലെ കരുണയുള്ളവരാവുക, ആദ്യം സഹോദരനോട് രമ്യതപ്പെടുക, പിന്നെവന്നു ബലിയർപ്പിക്കുക… ഇതുവല്ലതും മനുഷ്യസാധ്യമാണോ?,’പരിശുദ്ധാതമാവിലും ഞങ്ങൾ വിശ്വസിക്കുന്നു’ എന്നാണ് ക്രിസ്ത്യാനിയുടെ ഉത്തരം!

ബ്രഹ്മചര്യം പൊട്ടാൻപോകുന്ന ബോംബാണെന്ന ചിന്തകൾ പങ്കുവയ്ക്കുന്ന വിശാരദന്മാരോട് ഇത്തരം കാര്യങ്ങൾ എങ്ങിനെ വിശദീകരിക്കും? അവർ വിളിച്ചിരുത്തിയിരിക്കുന്ന “കൂടിയാട്ടക്കാർക്കു” ഇതെങ്ങനെ സ്വീകാര്യമാകും? ക്രിസ്ത്യാനിറ്റിയുടെ ക്രെഡിബിലിറ്റിയെയാണ് അവർ ഉന്നം വച്ചിരിക്കുന്നത്… ഇടിച്ചു തകർക്കുകയാണ് അവരുടെ ഒരേ ഒരു ലക്‌ഷ്യം.

പാവങ്ങളോടും പരിത്യക്തരോടും എല്ലാത്തരം പാപികളോടും കൂട്ടുകൂടിയവൻ പാപമില്ലാത്തവനായിരുന്നു എന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുമോ? ‘വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും’ എന്ന് പറഞ്ഞാൽ അവർക്കു മനസ്സിലാവുമോ? അയൽക്കാരനോടുള്ള സ്നേഹത്തെ മാറ്റിനിർത്തിക്കൊണ്ടു ദൈവത്തെ നേഹിക്കാൻ കഴിയില്ല എന്ന ക്രൈസ്തവ ബോധ്യത്തിനു ക്രെഡിബിലിറ്റി ഉണ്ടെന്നു അവർ അംഗീകരിക്കുമോ? ‘വാൾ ഉറയിലിടുക’ എന്ന കൽപ്പന പാലിക്കുന്നവർക്കു അവരുടെ മുൻപിൽ എന്ത് വിലയാണുള്ളത്?

അവരുടെ വിചാരണ നീളുകയാണ്…

കണ്ണുരുട്ടേണ്ടവർ കണ്ണുരുട്ടിയാൽ മാത്രം അവരുടെ ‘മീശ’ കീഴോട്ടാകുന്നത് കാണാം!

സഭയുടെ വിശ്വാസങ്ങളെയും വിശ്വാസ്യതയേയും തകർക്കാൻ ശ്രമിക്കുന്നവർക്കറിയാം ക്രിസ്ത്യാനിയുടെ പ്രതിഷേധം (മറ്റെല്ലാ സമാധാന പ്രിയരുടെയും പോലെ) പ്രാർത്ഥനാ സമ്മേളനങ്ങളിലും മെഴുകുതിരി കത്തിച്ചുള്ള, (മെഴുതിരി കെടുന്ന ഒരു ശ്വാസം പോലും ഉയരാത്ത!), പ്രതിഷേധ ജാഥയിലും അവസാനിക്കുമെന്ന്. അതാണവരുടെ ശക്തിയും!

തല്ലുന്നവനോട് താങ്കൾ എന്തിനാണിങ്ങനെ തല്ലുന്നത് എന്ന് മര്യാദക്ക് ഭംഗം വരാതെ ചോദിയ്ക്കാൻ ഓരോ ഇന്ത്യൻ പൗരനും അവകാശമുണ്ട്. അത് ചോദിക്കാൻ തയാറാകാതിരിക്കുന്നതു ഭീരുത്വവുമാണ്.

നുണയും, വിദ്വേഷ പ്രചാരണവും വിധിപ്രസ്താവങ്ങളും വെല്ലുവിളികളും മര്യാദ മറന്നു നടക്കുമ്പോൾ, തൊട്ടടുത്ത മാധ്യമ കേന്ദ്രത്തിൽ വരെ ഒന്നുപോയി, താങ്കൾ എന്തിനാണ് സർ ഇങ്ങനെചെയ്യുന്നത് എന്ന് ചോദിക്കാനുള്ള പൗരബോധം സമൂഹത്തിന്റെ നന്മ ലക്‌ഷ്യം വയ്ക്കുന്ന ഓരോ വ്യക്തിക്കും ഉണ്ടാകണം.

സംഘടനകൾക്കും ഉണ്ടാകണം.

അതിനുള്ള ആത്മധൈര്യം ഇല്ലെങ്കിൽ മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ക്ഷമിക്കുന്നതും, സഹിക്കുന്നതും, സ്നേഹിക്കുന്നതും ഭീരുക്കൾക്കു പറഞ്ഞിട്ടുള്ളതല്ല.

മീഡിയയുടെ ആക്രമണം പരിധി വിടുമ്പോൾ, അതിന്റെ ക്രെഡിബിലിറ്റി നഷ്ടമാകും.

മീഡിയ അതിന്റെ ക്രെഡിബിലിറ്റി നഷ്ടമാക്കിയാൽ, ഭരണകൂടം അതിനെ വരുതിയിൽ നിർത്തും… സത്യമറിയാനുള്ള ജനങ്ങളുടെ അവകാശം തീരെ ഇല്ലാതാകുകയും ചെയ്യും. ഒന്നും പരിധി വിടാതിരിക്കുന്നതാണ് ഉത്തമം.

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News