കോടിക്കണക്കിന് ദൈവങ്ങൾ ഉള്ള ഹിന്ദു വിശ്വാസ പരമ്പരയിൽ ജനങ്ങളുടെ ഏറ്റവും ജനപ്രീതി നേടിയ ഇഷ്ട ദേവനാണ് ഗണപതി ഭഗവാൻ.|ഗണപതിയെ മറക്കാൻ ഒക്കത്തില്ല…!

Share News

*ഗണപതിയെ മറക്കാൻ ഒക്കത്തില്ല…!!!*

ഗണപതി ഭഗവാൻ ആണല്ലോ ഇപ്പോൾ ഒരു പ്രധാന ചർച്ചാ വിഷയം.ശശി തരൂർ അദ്ദേഹത്തിൻറെ ഇന്ത്യ : അർദ്ധരാത്രി മുതൽ അര നൂറ്റാണ്ട് എന്ന പുസ്തകത്തിൽ ഗണപതി ഭഗവാനെ കുറിച്ച് ഏതാനും കാര്യങ്ങൾ പറയുന്നുണ്ട്.

ഈ സമയം അത് വളരെ പ്രസക്തമാണെന്ന് തോന്നുന്നു.

കോടിക്കണക്കിന് ദൈവങ്ങൾ ഉള്ള ഹിന്ദു വിശ്വാസ പരമ്പരയിൽ ജനങ്ങളുടെ ഏറ്റവും ജനപ്രീതി നേടിയ ഇഷ്ട ദേവനാണ് ഗണപതി ഭഗവാൻ.

ദക്ഷിണേന്ത്യക്കാരായിട്ടുള്ള വിശ്വാസികളുടെ മുറികളുടെ ഷെൽഫിൽ കല്ലിന്റെയും കളിമണ്ണിന്റെയും ലോഹത്തിന്റെയും വിവിധ രൂപത്തിലുള്ള ഗണേശന്മാർ നിരന്നിരിപ്പുണ്ടാകും.

ഹൈന്ദവ സഹോദരങ്ങൾ അവരുടെ ഏതു കാര്യവും ഗണേശ സ്തുതിയോടെ മാത്രമേ ആരംഭിക്കാറുള്ളൂ. മാത്രമല്ല ഹിന്ദു പുരാണം അനുസരിച്ച് ബുദ്ധിയുടെയും ശക്തിയുടെയും പ്രതീകമാണ് അദ്ദേഹം.

മഹാഭാരതമെന്ന ഇതിഹാസം 2000 വർഷം മുമ്പ് വേദവ്യാസ മഹർഷി ഗണേശന് പറഞ്ഞു കൊടുത്തെഴുതിച്ചു എന്നാണ് ഒരു ഐതിഹ്യം. അത് എഴുതിയെടുത്താണത്രേ അദ്ദേഹത്തിൻറെ ഒരു കൊമ്പ് തേഞ്ഞു പോയതും….!!!

ഗണേശ ഭഗവാൻറെ ആ രൂപത്തെ സംബന്ധിച്ചും ചില ഐതിഹ്യമുണ്ട്:

പാർവതി ദേവി കുളിക്കാൻ പോയപ്പോൾ തൻറെ പുത്രനായ ഗണപതിയെ കാവൽ നിർത്തി എന്നും പാർവതിയുടെ ഭർത്താവ് ശിവൻ വന്നപ്പോൾ പോലും ഗണേശൻ അദ്ദേഹത്തെ കടത്തിവിട്ടില്ല.

അതിൽ കുപിതനായ അദ്ദേഹം കുട്ടിയുടെ ശിരസ്സ് ഛേദിച്ചു കളഞ്ഞു എന്നും അത് കണ്ട് ദുഃഖിതയായ പാർവതി തൻറെ പുത്രനെ പുനർജീവിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശിവൻ ആദ്യം കണ്ട ജീവിയായ ഒരു ആനയുടെ തല ഗണപതിയുടെ ഉടൽ വച്ച് പിടിപ്പിച്ചു എന്നുമാണ് ഒരു കഥ.

ഗണപതിയുടെ കുറിച്ചുള്ള മറ്റൊരു കഥ പറയുന്നത് ഇപ്രകാരമാണ്: പാർവതി തൻറെ രണ്ട് പുത്രന്മാരായ ഗണേശനേയും കാർത്തികയയും ഒരു മത്സരത്തിന് പ്രേരിപ്പിച്ചു. ആദ്യം ലോകം ചുറ്റി വരുന്നവൻ ആരായിരുന്നു എന്നറിയാനുള്ള മത്സരം.

മത്സരം തുടങ്ങിയ ഉടൻ പരാക്രമിയായ കാർത്തികേയൻ യാത്ര പുറപ്പെട്ടു. കുട വയറനായ ഗണേശൻ ആകട്ടെ അൽപ്പനേരത്തെ വിശ്രമത്തിനുശേഷം ഒന്ന് എഴുന്നേറ്റ് അമ്മയുടെ ചുറ്റും ഒരു തവണ നടന്നിട്ട് വീണ്ടും അവിടെ തന്നെ ഇരുന്നു. മത്സരത്തെ കുറിച്ച് അമ്മ പാർവതി ഓർമ്മിപ്പിച്ചപ്പോൾ പുള്ളിക്കാരൻ പറഞ്ഞു “ഞാൻ ലോകം ചുറ്റി കഴിഞ്ഞു അമ്മയാണ് എൻറെ ലോകം!!!.”

എന്തു തന്നെയായാലും ഗണേശ ദേവനോട് പൊതുവേ ഒരു മമത അഹിന്ദുക്കൾക്ക് പോലും ഉണ്ട്. അദ്ദേഹത്തിൻറെ രൂപത്തിന്റെ സവിശേഷതയാകാം അതിനുള്ള ഒരു കാരണം.വിഘ്നേശ്വരൻ എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്.

പൊണ്ണത്തടിയും നീണ്ട മൂക്കും ഒടിഞ്ഞ കൊമ്പും വലിയ ചെവികളുമായി നമ്മുടെ ശാരീരിക വൈകല്യങ്ങളുടെ പ്രതീകമായി അദ്ദേഹം വിരാജിക്കുന്നുണ്ട്.

എങ്കിലും വളരെയധികം പ്രശ്നങ്ങളുള്ള നമ്മുടെ രാജ്യത്ത് എല്ലാ വിഘ്നങ്ങളെയും തരണം ചെയ്യാൻ കെൽപ്പുള്ള ഒരു ദൈവം എന്ന രീതിയിൽ തന്നെയാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

പറഞ്ഞു വരുന്നത് ഗണപതി ചരിത്രപുരുഷനാണോ അല്ലയോ എന്ന് സ്ഥാപിക്കാൻ അല്ല. ഇക്കാര്യത്തിൽ യുക്തി വാദികളുടെ അഭിപ്രായവും വിശ്വാസികളുടെ അഭിപ്രായവും രണ്ടും രണ്ടാകാം. അതു ചിലപ്പോൾ ശരിയും മറ്റു ചിലപ്പോൾ തെറ്റുമാകാം.

എങ്കിലും പരസ്പരം ബഹുമാനിക്കാനുള്ള ഉത്തരവാദിത്തം ഇരു കൂട്ടർക്കുമുണ്ട്.അത്ര മാത്രം….

എന്തായാലും മഹാരാഷ്ട്രയിലെ തെരുവുകളിലെ ഗണേശോത്സവത്തിൽ ഒരിക്കലെങ്കിലും പങ്കെടുത്ത എന്നെപോലെയുള്ള ഒരുവന് ഈ പുള്ളിക്കാരനെ അങ്ങനെയങ്ങ് മറക്കാൻ പറ്റത്തില്ല .

*ഗണപതി ബപ്പാ…. മോറിയാ…..!!!*

ഫാ. നൗജിൻ വിതയത്തിൽ

Share News