മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ എസ് ജെ എറണാകുളത്ത് എത്തി.

Share News

സിറോ മലബാർ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതർ ഉയർത്തുന്ന തർക്കങ്ങൾ പരിഹരിച്ച് അവിടെയും സഭയുടെ സിനഡും, പൗരസ്ത്യ തിരുസംഘവും, മാർപ്പാപ്പയും അംഗീകരിച്ച കുർബാന ക്രമം നടപ്പിലാക്കാൻ വത്തിക്കാനിൽ നിന്നും മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ എസ് ജെ എറണാകുളത്ത് എത്തി.

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മാർപാപ്പയുടെ പ്രത്യേക പ്രതിനിധി കൊച്ചിയിലെത്തി. ഗ്രീക്ക് കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് സിറിൽ വാസിലാണ് പൊന്തിഫിക്കൽ ഡെലിഗേറ്റായി കൊച്ചിയിൽ എത്തിയിരിക്കുന്നത്. 

അദ്ദേഹത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സീറോമലബാർസഭയുടെ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയാ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി ജനറാൾമാരായ ഫാ. വർഗീസ് പൊട്ടയ്ക്കലും ഫാ. ആന്റണി പെരുമായനും ചേർന്ന് സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിൽ പൊന്തിഫിക്കൽ ഡെലഗേറ്റിനോട് ഒപ്പമുണ്ട്.

സീറോ മലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡു തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

2011ൽ സീറോമലബാർസഭയുടെ മുൻ മേജർ ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ വർക്കി വിതയത്തിൽ പിതാവിന്റെ മൃതസംസ്കാരശുശ്രൂഷകളിൽ മാർപാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തത് ആർച്ചുബിഷപ്പ് സിറിൽ വാസിൽ ആയിരുന്നു. 2018 ജനുവരിയിൽ ഷംഷാബാദ് രൂപതാമെത്രാന്റെ സ്ഥാനാരോഹണത്തിന് എത്തിയ ആർച്ചുബിഷപ്പ് സിറിൽ വാസിൽ സിറോമലബാർസഭയുടെ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട്.

Share News