60 ന്റെ ചിരി .|പ്രിയ ശിഷ്യൻ ഡോ. സാബു .ഡി. മാത്യുഇന്ന് അറുപതിന്റെ പടിവാതിൽ ചവിട്ടിയത് ആരേയും തോല്പിക്കുന്ന — സർവ്വരെയും നിരായുധരാക്കുന്ന – – ഹൃദ്യമായചിരിയോടെയാണ്.

Share News

60 ന്റെ ചിരി .

പ്രിയ ശിഷ്യൻ ഡോ. സാബു .ഡി. മാത്യുഇന്ന് അറുപതിന്റെ പടിവാതിൽ ചവിട്ടിയത് ആരേയും തോല്പിക്കുന്ന — സർവ്വരെയും നിരായുധരാക്കുന്ന – – ഹൃദ്യമായചിരിയോടെയാണ്. ആ ചിരിയിൽ എല്ലാo ഉണ്ടെന്നു വിശ്വസിക്കുവാനാണു എനിക്കിഷ്ടം.

ജീവിതത്തിലുണ്ടായ ദൈവപ്രസാദത്തിനുളള നന്ദിയും തന്റെമനസ്സിന്റെ യൗവ്വനത്തെ തോല്പിക്കാൻപോയിട്ടു മങ്ങലേല്പിക്കുവാൻ പോലുംഒരറുപതൊന്നുo ഒന്നുമല്ലെന്നു അറുപതിനോടു പറയാതെ പറയുന്ന വെല്ലുവിളിയും മകളുടെ കല്യാണ ദിവസം സാബുവറിയാതെ ഫോട്ടോഗ്രാഫർഅരുൺ പകർത്തിയ ചിത്രത്തിലെചിരിയിലുണ്ടെന്നു തോന്നുന്നു.

പാലാകോളജിൽ വിദ്യാർത്ഥിയായിരിക്കുന്നകാലം മുതൽ സാബുവങ്ങനെയാണ്.എന്തു വന്നാലും ഒരു കൂസലുമില്ല.നേവൽ എൻ.സി.സി.യിലെ ബെസ്ററുകേഡറ്റായിരുന്നു.

ഡിഗ്രി കഴിഞ്ഞുനാവിക സേനയിൽ ചേർന്നിരുന്നെങ്കിൽ സാബു ഇപ്പോൾ എവിടെ എത്തു മായിരുന്നുവെന്ന് ഞാനും ചിലപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്. മിക്കവാറും ഒരു വൈസ് അഡ്മിറലൊക്കെ ആയിപ്പോ യേനേ !

ഒരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയുടെ യുദ്ധ നയം തന്നെയാണ് സാബുവിനും. അങ്ങോട്ടു ചെന്നു ആക്രമണമില്ല.പക്ഷേ ഇങ്ങോട്ടു വന്നാൽ നിന്നു നേരിടാനുള്ള യുദ്ധ തന്ത്രങ്ങളൊക്കെ സാബുവിനു നന്നായറിയുകയും ചെയ്യാം.

പി.ജി.ക്കു ചേർന്നപ്പോൾശാസ്ത്രം വിട്ടു മലയാളമായി. ബി.എഡുo കഴിഞ്ഞു പത്തു വർഷംഹൈസ്കൂളിൽ പഠിപ്പിച്ച ശേഷമാണ്സാബു കോളജധ്യാപകനായത്. ഒന്നാംതരം അധ്യാപകനെന്നു സ്കൂളിലുംകോളജിലും പേരെടുത്തു. സാബുമലയാളത്തിൽ ഡോക്ടറേറ്റെടുത്തത്സാക്ഷാൽ ഡോ. സുകുമാർ അഴീക്കോടിന്റെ കീഴിൽത്തന്നെ ഗവേഷണ പഠനംപൂർത്തിയാക്കിയാണ് .

ശിഷ്യരിലെ ത്രിമൂർത്തികൾ. ഡോ. സ്റ്റാനി, നവനീത കൃഷ്ണൻ, സാബു .ഡി.

നവഭാരത വേദിയിൽ സക്കീറും സാബുവും കണ്ണനുംസ്റ്റാനിയുമായിരുന്നു പാലായിൽ അഴീക്കോടു സാറിന്റെ വിശ്വസ്തരായയുവനിര .

നവഭാരതവേദി സ്‌ഥാപക നേതാക്കളിലൊരാളായ പ്രൊഫ. ജോസ് പാറക്കടവിലിനും ടീച്ചർക്കുമൊപ്പം ഒരു സൗഹൃദ സംഗമം.

സാബുവിന്റെ മലയാളംപ്രസംഗങ്ങളിൽ പ്രസന്നനായ അഴീക്കോടു മാസ്റ്റർ ഇങ്ങോട്ടു പറഞ്ഞാണ്സാബുവിനെ കോഴിക്കോടു സർവ്വകലാശാലയിൽ തന്റെ തന്നെ മേൽനോട്ടത്തിൽ ഗവേഷണ വിദ്യാർത്ഥിയാക്കിയത്. അഴീക്കോടു സാറിന്റെഅവസാന ഗവേഷണ വിദ്യാർത്ഥിയുംസാബുവായി. അതു വഴി സാബുവിനു ഗുരുത്വവും അഴീക്കോട് സാറിനു ശിഷ്യ ഭാഗ്യവും ഉണ്ടായി.

ഷേർലിയുമൊത്തൊരു യുഗ്മഗാനം.

ഇത്ര ആകർഷകമായി പ്രസംഗിക്കുന്നവരുo ഇത്ര മനോഹരമായി കവിതചൊല്ലുന്നവരും അധികമില്ല. നവഭാരതവേദിക്കാലത്ത് ഒരു സമ്മേളനത്തിൽസുഗതകുമാരിടീച്ചറുടെ “അമ്പലമണി “എന്ന കവിത ടീച്ചറുടെ സാന്നിധ്യത്തിൽസാബു അതിന്റെ എല്ലാ വികാരതീവ്രതയിലും ചൊല്ലിയതു കേട്ടു ടീച്ചർ കണ്ണുതുടച്ചതിനു ഞാനും അന്നു സാക്ഷിയാ യിരുന്നു. സാബു അന്നുമുതൽ സുഗതകുമാരി ടീച്ചറിന്റെയും വാത്സല്യ ഭാജനമായി.ഇപ്പോൾ മലയാളഭാഷവിജ്ഞാനീയത്തിന്റെ അവസാന വാക്കായി നാമൊക്കെ കാണുന്ന ചാക്കോ പൊരിയത്തുസാറിനും സാബു”ഇഷ്ടശിഷ്യൻ “തന്നെ എന്നു പറയാം.

പാലാ രൂപതയുടെ 75 വർഷത്തെചരിത്ര ഗ്രന്ഥം തയ്യാറാക്കാനുള്ളയജ്ഞമാരംഭിച്ചപ്പോൾ അതിന്റെചീഫ്എഡിറ്ററായി കല്ലറങ്ങാട്ടു പിതാവുനിയോഗിച്ചതും സാബുവിനെത്തന്നെയായിരുന്നു. ഡോ.ഏ. റ്റി. ദേവസ്യ സാർപാലാ രൂപതാ പാസ്റ്ററൽ കൗൺസിൽചെയർമാനായിരുന്നപ്പോൾ സെക്രട്ടറി യായതും സാബു തന്നെ. ആർ.വി. സ്മാരക സമിതിയുടെ ആരംഭം തൊട്ടു അതിന്റെ സംഘാടക സമിതി കൺവീ നറായി കഴിഞ്ഞ 25 വർഷമായി പ്രവർ ത്തിക്കുന്നതും സാബുവാണ്.

പ്രസംഗ ത്തിലും സംഘാടനത്തിലും പാട്ടിലും കവിതയിലുമെല്ലാം ദൈവാധീനമുള്ള ഒരു ഭാഷാ ഭക്തനുമാണ് സാബുവെന്ന തിനു പ്രത്യേകസാക്ഷ്യപത്രമൊന്നുംആവശ്യവുമില്ല.

ആരേപ്പറ്റിയും പൊതുവേദികളിൽ നല്ലതു പറയുവാൻ സാബുവിനേപ്പോലെ സ്വർണ്ണ നാവുള്ളവരും കുറവാണ്.മറ്റുള്ളവരിലെ നന്മ കാണാൻ സാബുവിനുള്ള സാമർത്ഥ്യം ഒന്നു വേറെയാണെന്നു തന്നെ പറയണം . മറ്റുള്ളവരെഅളന്നു തൂക്കാനും സാബുവിനുള്ളഉൾക്കാഴ്ച്ച എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. വിശ്വാസിയുംഭക്തനുമാണ് സാബു . കുടുംബകാര്യങ്ങളിൽ ഒട്ടൊരു യാഥാസ്ഥിതികനും.സാബുവിന്റെ ഭാഗ്യവും അനുഗ്രഹവുംഭാര്യ ഷെർലി തന്നെ. സംശയമില്ല.സാബുവിന്റെ ഇച്ചായനെയും അമ്മയെയും അവരുടെ അവസാനകാലത്തു പൊന്നുപോലെ നോക്കി. അതിന്റെഅനുഗ്രഹം ദൈവം സാബുവിനുംഷേർലിക്കും തിരിയെക്കൊടുത്തത്അവരുടെ മക്കളിലൂടെയാണ്. അതേനുകത്തിൽ കെട്ടാവുന്ന ഒരു മരുമകനെയും!

ഭാഷയിലെ സരസ്വതീഭാഗ്യം മാത്രമല്ല,ശരീരഭാഷാ സൗഭാഗ്യവും കൊടുത്താ ണ് ദൈവം സാബുവിനെ ഭൂമിയിലേക്കയച്ചത്. നല്ല വസ്ത്രങ്ങളോടു മാത്രമല്ല പുസ്തകങ്ങളോടും നല്ല പേനക ളോടുo ഭംഗിയുള്ള ഡയറികളോടു മൊക്കെ സാബുവിനു ഇഷ്ടം തന്നെ.നല്ല ഭക്ഷണത്തിന്റെ ആസ്വാദകനുംപ്രചാരകനുമാണ്. മറിച്ചുള്ളതിനോ ടുള്ള ക്ഷോഭവും മറച്ചുവയ്ക്കാനറിഞ്ഞു കൂട. യാത്രകളിലാണ് സാബുവും സ്റ്റാനിയും കെ.കെ.ജോസുംകണ്ണനും മുരളീവല്ലഭനും സക്കീറുoബോബനും മനോജും ജിനിറ്റും ശ്രീഹരിയുമൊക്കെ അവരുടെ നർമ്മവും നമ്പറുകളും പുറത്തെടുക്കുക.അവരുടെ തമ്മിൽത്തമ്മിലുള്ള”അന്യോന്യ ” വും എന്നും ആസ്വാദ്യകരവുമാണ്.

ഇന്നു ശിഷ്യൻ സാബു .ഡി.യ്ക്കുഷഷ്ടി പൂർത്തിയാണത്രേ ! ചിത്തിര നക്ഷത്രം.നമ്മുടെ നാടു കണ്ട ഏറ്റവും ശാന്തനും സൗമ്യനും സുന്ദരനുമായിരുന്ന രാജാവിന്റെ ജന്മനക്ഷത്രം. അറുപതൊന്നുംഇപ്പോൾ ഒരു പ്രായമേയല്ലല്ലോ.

ദൈവവും കാലവും ഇനിയും പലതും കാത്തു വച്ചിട്ടുണ്ടാകും. ആർക്കെങ്കിലും വച്ചിട്ടുണ്ടെങ്കിൽ വച്ചിട്ടുള്ളതൊന്നും വരാതെ പോവുകയുമില്ല. പൂർവികർഅതിനെയാണ് ഭാഗ്യജാതകമെന്നൊക്കെ പറഞ്ഞു പോന്നിട്ടുള്ളത്.60 ന്റെ ചിരിയിൽ അതെല്ലാമുണ്ട്.

ഡോ. സിറിയക് തോമസ്.

Share News