
ഇത് നമ്മുടെ മണിക്കുറാണ്
മഹാമാരി കടന്നുപോകുംവരെ നമ്മുടെ പഴകിയ പതിവുവിനോദങ്ങൾ മരവിപ്പിക്കുകയെങ്കിലും ചെയ്യാം.
വാർത്താമാധ്യമങ്ങൾ നമ്മെ സംഭ്രമിപ്പിക്കുകയോ ഇക്കിളികൂട്ടുകയോ ചെയ്യട്ടെ. നമ്മുടെ അതിജീവനത്തിന്റെ അജണ്ട നമ്മൾതന്നെ സെറ്റ് ചെയ്‌തേ തീരൂ.
നിങ്ങൾക്കുവേണ്ടിയും സഹജീവികൾക്കുവേണ്ടിയും നിങ്ങൾ കരുതലെടുക്കുമോ?
ഭൂതകാല ചരിത്രമല്ല, ഈ മണിക്കൂറുകൾതന്നെ ഇതു നമ്മോടു ചോദിക്കുന്നു.
രാജ്യത്തെ മഹാനഗരങ്ങൾക്ക് അപ്പുറമിപ്പുറം ചെറുപട്ടണങ്ങളിലേക്കു കൂടിയും രോഗവ്യാപനം തീവ്രമാകുന്നു. ഒഴിഞ്ഞ ആശുപത്രിക്കിടക്കകളുള്ള പട്ടണങ്ങൾ ഇല്ലാതാവുന്നത് അതിവേഗത്തിലാണ്. പരിശോധനാഫലം വരുംമുമ്പേയുള്ള മരണങ്ങൾ കണക്കിൽപ്പെടാതെ പോകുന്നു. ഹോം ക്വാറന്റീനിലുള്ളവർ വീടുവിട്ടു പുറത്തിറങ്ങിയില്ലെങ്കിലും കുടുംബാംഗങ്ങൾവഴി പുറത്തേക്കു സമ്പർക്കമുണ്ടാവുന്ന കേസുകൾ വർധിക്കുന്നു.
അസാധാരണമായതു റിപ്പോർട്ടു ചെയ്യാനുള്ളതാണു മാധ്യമങ്ങൾ. സർവസാധാരണമായിക്കൊണ്ടിരിക്കുന്ന പ്രവണതകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോവും.
ആവശ്യവും അത്യാവശ്യവും തമ്മിലുള്ള ദൂരം കൃത്യമായി കണക്കുകൂട്ടേണ്ട നേരമാണിത്.
അത്യാവശ്യമാണെങ്കിൽ മാത്രം വീടുവിട്ടു പുറത്തിറങ്ങുക-അത്യാവശ്യനേരത്തേക്കു മാത്രം.
എത്ര നാൾ? ഈ മഹാമാരി ദേശത്തെ കടന്നുപോകുംവരെ.
അവിടംവരെ സർക്കാരുകൾക്കു ലോക്ഡൗൺ നീട്ടാൻ കഴിയില്ല. ഓരോ ആളും, അത്യാവശ്യമൊഴിച്ചുള്ള കാര്യങ്ങളിൽ ലോക്ഡ് ഡൗൺ ആവുകയേ തരമുള്ളൂ.
ശാരീരിക അകലം, സാമൂഹിക ദൃഢൈക്യം (Physical Distance, Social Solidarity) – ഇത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഇന്റർനെറ്റിന്റെ വരവോടെ ആരംഭിച്ച പുതിയ യുഗത്തിലെ പുതിയ ലോകത്തിന്റെ മുഖമുദ്രയാണ്. ‘ശാരീരിക അകലമുള്ളപ്പോഴും സാമൂഹിക ദൃഢൈക്യം’ എന്നതാണ് അതിന്റെ ആദ്യരൂപം. മഹാമാരിയുടെ കാലത്ത് അത് ‘സാമൂഹികദൃഢൈക്യം പാലിച്ചുകൊണ്ട് നിർബന്ധിത ശാരീരിക അകലം’ എന്നാവുന്നു എന്നേയുള്ളൂ.

അകലം ഹൃദയങ്ങളോടല്ല, സാമൂഹിക ദുരന്തത്തോടാണ്.
പ്രളയം കേരളത്തിനു നൂറ്റാണ്ടിലെ ദുരന്തമായിരുന്നു. അതിൽ നമുക്കു ജാതിയും മതവും പാർട്ടിയുമുണ്ടായിരുന്നില്ല. പ്രളയത്തെക്കാൾ വലിയ ദുരന്തത്തിന്റെ പ്രോബബിലിറ്റി ആണ് ഇപ്പോൾ ഉയർന്നുവരുന്നത്.
ജാതി, മതം, വർഗം – ഒന്നും നമ്മുടെ ദൃഢൈക്യത്തിനു മീതെയല്ല.

അയൽക്കൂട്ടം, തറക്കൂട്ടം എന്നീ ആശയങ്ങൾ അവതരിപ്പിക്കുകയും അതു ജീവിക്കുകയും ചെയ്ത കഞ്ഞിപ്പാടത്തെ പങ്കജാക്ഷക്കുറുപ്പിനെ ഓർക്കാൻ കേരളത്തിന് ഇതു സമയമാണ്. കൂട്ടംകൂടിയിരുന്നു സർവജഗത്തിനും നന്മ ഭാവനചെയ്യുന്ന ധ്യാനരീതിയുടെ പ്രവാചകൻ.
പ്രാർത്ഥന, ഭാവന, ആശംസ, മനനം, വിചിന്തനം, ധ്യാനം – എന്തു പേരും സങ്കല്പിച്ചോളൂ. നമുക്ക് ഓരോ രാത്രിയും ഒമ്പതു മണിക്ക് ഒരു നിമിഷം ഭാവികേരളത്തിന്റെ നന്മ ഭാവന ചെയ്യാം/പ്രാർത്ഥിക്കാം/ആശംസിക്കാം/ധ്യാനിക്കാം. ഇതു സാമൂഹിക ഐക്യദാർഢ്യമാണ്.
നമ്മുടെയും അയൽക്കാരുടെയും പഞ്ചായത്തുകാരുടെയും ജില്ലക്കാരുടെയും മുഴുവൻ കേരളീയരുടെയും ഭാരതീയരുടെയും ലോകം മുഴുവന്റെയും നന്മ – രോഗപ്രതിരോധവും അതിജീവനവും – ഒരു നിമിഷം മനസ്സിൽ കൊണ്ടുവരാം.

അകലങ്ങളിലിരുന്നു നമുക്കു ഐക്യദാർഢ്യപ്പെടാം. ബഹുജന കാരുണ്യബോധം ഉണർത്താം. കരുതൽ വേണ്ടിടത്തോളമാക്കാം.
അതിന് ഈ രാത്രിജാഗരണം.

ജോസ് ടി. തോമസ്
ദീപിക യുടെ മുഖപ്രസംഗകനും ചീഫ് ന്യൂസ് എഡിറ്ററും എഡിറ്റർ-ഇൻ-ചാർജുമായിരുന്ന ജോസ് ടി ദീർഘകാലമായി മാനവ സാംസ്കാരികപരിണാമചരിത്രം ഗ്രന്ഥപരമ്പരയുടെ എഡിറ്റോറിയൽ റിസർച്ച് ചെയ്യുന്നു.
നാളത്തെ അറിവ്, ഭാവിവിചാരം, കുരിശും യുദ്ധവും സമാധാനവും, ഭാരതത്തിന്റെ സൗമ്യശക്തി പ്രധാന കൃതികൾ
bhavivicharam.com • muziristimes.com