
‘മാജിക് ബുള്ളറ്റല്ല’; പക്ഷെ ക്ഷയരോഗ വാക്സിൻ കൊവിഡ് മരണങ്ങള്‍ പിടിച്ചു നിര്‍ത്തുമെന്ന് ഗവേഷകര്‍
ന്യൂഡൽഹി: കുട്ടികള്‍ക്ക് ക്ഷയരോഗത്തിനെതിരെ നല്‍കുന്ന ബിസിജി വാക്സിൻ കൊവിഡ് ബാധയും മരണനിരക്കും പിടിച്ചു നിര്‍ത്താൻ സഹായിക്കുമെന്ന് കണ്ടെത്തൽ. കൊവിഡ്-19നെതിരെ ഫലപ്രദമായ വാക്സിൻ ലോകമെമ്പാടും ലഭ്യമാകാൻ മാസങ്ങള്‍ ബാക്കി നിൽക്കേയാണ് കണ്ടെത്തൽ. ബിസിജി വാക്സിൻ നിര്‍ബന്ധിതമാക്കിയ രാജ്യങ്ങളിൽ കൊവിഡ് മരണനിരക്ക് വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു.
ഒരു യുഎസ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബിസിജി വാക്സിൻ കൊവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യുമെന്ന പരാമര്‍ശമുള്ളത്. പതിറ്റാണ്ടുകള്‍ക്കു മുൻപേ യുഎസ് സര്‍ക്കാര്‍ ബിസിജി വാക്സിനേഷൻ നിര്‍ബന്ധമാക്കിയിരുന്നെങ്കിൽ അമേരിക്കയിൽ ഇത്രയും ഉയര്‍ന്ന കൊവിഡ് മരണനിരക്ക് ഉണ്ടാകുമായിരുന്നില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്. കൊവിഡ്-19 പ്രതിരോധത്തിൽ ബിസിജി വാക്സിനേഷൻ സഹായകമാണെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
ക്ഷയരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ ജനനസമയത്തു തന്നെയാണ് കുട്ടികള്‍ക്ക് ബിസിജി കുത്തിവെയ്പ്പ് എടുക്കുന്നത്. ക്ഷയരോഗ പ്രതിരോധത്തിനായി വികസിപ്പിച്ച ബിസിജി വാക്സിൻ മറ്റു പല രോഗങ്ങളും ചെറുക്കാൻ സഹായകമാണെന്ന് പിൽക്കാലത്ത് കണ്ടെത്തിയിരുന്നു. ഇതേ വാക്സിൻ തന്നെ കൊവിഡിനെതിരെയും ഫലപ്രദമായേക്കാമെന്നാണ് കണ്ടെത്തൽ. 134 രാജ്യങ്ങളിലെ ആദ്യ 30 ദിവസത്തെ കൊവിഡ് രോഗബാധയും മരണനിരക്കും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ബിസിജി വാക്സിനേഷൻ നിര്‍ബന്ധാക്കിയ രാജ്യങ്ങളിൽ മരണനിരക്കിലടക്കം വലിയ കുറവുണ്ടാകുന്നതായി കണ്ടെത്തിയത്. എന്നാൽ കൊവിഡിനെതിരെ ബിസിജി വാക്സിൻ ഒരു മാജിക് ബുള്ളറ്റല്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
നിലവിൽ കൊവിഡ്-19 വൈറസിനെതിരെ നൂറിലധികം വാക്സിനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്. യുകെയിലും യുഎസിലും ചൈനയിലും വികസിപ്പിച്ച വാക്സിനുകള്‍ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. ഇതിനു പുറമെ കൊവിഡിനെതിരെ ബിസിജി വാക്സിൻ്റെ ഫലപ്രാപ്തി അറിയാനുള്ള ക്ലിനിക്കൽ പരീക്ഷണവും മൂന്നാം ഘട്ടത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധൻ അറിയിച്ചിട്ടുണ്ട്.