“ശാസ്ത്രമെഴുത്തിൽ” പി.ജെ.കുര്യൻ പുതുവഴിവെട്ടുന്നു.

Share News

കാമ്പ് ഒട്ടും കൈമോശം വരാതെ, മുതിർന്നവർക്കും കുട്ടികൾക്കും വായനസുഖം നൽകിക്കൊണ്ടുള്ള ശാസ്ത്രമെഴുത്ത്.


പ്രൊഫ.(ഡോ.) പി.ജെ. കുര്യന്റെ ”ജ്യോതിശ്ശാസ്ത്രം-ഉത്ഭവവും വികാസവും” എന്ന പുതിയ പുസ്തകം ഒറ്റവാക്യത്തിൽ ഇതാണ്.
ഡോ. കെ. ഭാസ്‌കരൻ നായർ ജീവശാസ്ത്രത്തിലും പ്രൊഫ. എസ്.ശിവദാസ് രസതന്ത്രത്തിലും ഡോ. അച്യുത് ശങ്കർ ഐടിയിലും തുറന്നുവച്ച മലയാള ശാസ്ത്രസാഹിത്യശൈലി ഊർജതന്ത്രത്തിന്റെ (ഫിസിക്‌സ്) മേഖലയിലേക്കു സ്വതസിദ്ധമായ വിധത്തിൽ അഭിനന്ദനീയമായി വെട്ടിത്തെളിയിച്ചിരിക്കുകയാണു പ്രൊഫ. കുര്യൻ.


കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 70 രൂപയ്ക്കു ജനങ്ങളിലെത്തിക്കുന്ന ഈ പുസ്തകത്തിന്റെ നൂറേനൂറു പേജേ വന്നുള്ളൂ അദ്ദേഹത്തിനു ജ്യോതിശ്ശാസ്ത്രത്തിന്റെ ഉദയവികാസങ്ങളിലൂടെ വായനക്കാരെ നടത്തിക്കാൻ. അതാവട്ടെ, ബാബിലോണിയൻ-ഗ്രീക്ക് ജ്യോതിശ്ശാസ്ത്രങ്ങളുടെയും ഭാരതീയ പൗരാണിക ജ്യോതിശ്ശാസ്ത്രത്തിന്റെയും ‘ക്ഷോഭിക്കുന്ന പ്രപഞ്ചം’വരെയുള്ള പ്രമുഖ സമകാലിക ശാസ്ത്രധാരകളുടെയുമെല്ലാം കഥയും കാര്യവും അവതരിപ്പിച്ചുകൊണ്ട്.
മാനത്തു നോക്കി വിസ്മയം കൂറിയ ആദിമനുഷ്യന്റെ ലോകത്തുനിന്ന് വാൽനക്ഷത്രങ്ങളുടെ സ്‌പെക്ട്രം എടുക്കാൻ ശ്രമിക്കുന്ന ഇന്നത്തെ ശാസ്ത്രജ്ഞരുടെ ലോകത്തേക്ക് ഹൃദ്യമായ മൃദുഭാഷണത്തിന്റെ ശൈലിയിൽ പ്രൊഫ. കുര്യൻ വഴിനടത്തുമ്പോൾ, മാനവ സാംസ്‌കാരികപരിണാമത്തെക്കുറിച്ചുള്ള അവബോധവും അനുവാചകമനസ്സിൽ വിടരും.

ഇതുപോലെ ലളിതമായ രേഖാചിത്രങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് ഭൗതികശാസ്ത്രവായന സുഖദമാക്കുന്ന ഗ്രന്ഥങ്ങൾ മലയാളത്തിൽ വിരളമാണ്. സാങ്കേതികപദങ്ങളുടെ കാര്യത്തിൽ, ഹിന്ദിക്ക് അടിപ്പെട്ട പഴയ ഇൻസ്റ്റിറ്റ്യൂട്ട് മലയാളത്തിനു പകരം മലയാളത്തനിമ നിലനിറുത്തുന്ന ലളിതപദങ്ങളും, ഒപ്പം, അവയുടെ ഇംഗ്ലീഷ് തത്സമവും നൽകിയിരിക്കുന്നു.


അസ്‌ട്രോഫിസിക്‌സിലും പ്ലാസ്മാഫിസിക്‌സിലുമായി നിരവധി പഠനങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രൊഫ. കുര്യൻ മൂന്നു പതിറ്റാണ്ടിലേറെ ചങ്ങനാശേരി എസ്.ബി. കോളജിൽ ഭൗതികവിഭാഗം അധ്യാപകനും ഗവേഷകനുമായിരുന്ന ശേഷമാണു വകുപ്പുമേധാവിയായി വിരമിച്ചത്. 2015-17 കാലത്ത് കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ആയിരുന്നു. 2014-ൽ ഭാരത് ജ്യോതി അവാർഡ്(ന്യൂഡൽഹി) ലഭിച്ചു.

വിശ്രുത ശാസ്ത്രജ്ഞൻ ഡോ. ഇ.സി.ജി. സുദർശന്റെ ശാസ്ത്രജീവിതചരിത്രം ലോകഭാഷകളിൽ ആദ്യമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി തയ്യാറാക്കുന്ന പി.ജെ. കുര്യൻ തന്റെ ഗവേഷണമേഖലയായ പ്ലാസ്മയുടെ ലോകത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെയും പണിപ്പുരയിലാണ്.


കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ കെ.പി.സി.സി. സെക്രട്ടറിയുമായ സുധാ കുര്യനാണു സഹധർമ്മിണി.

– ജയനാരായണൻ

Share News