കോൺഗ്രസിൽ തലമുറമാറ്റം: വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ വിഡി സതീശന് പ്രതിപക്ഷ നേതാവാവും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് സതീശനെ നേതാവാക്കാനാനുള്ള തീരുമാനം. ഇക്കാര്യം കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളെ അറിയിച്ചു.
ഇരുപത്തിയൊന്നംഗ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 12 പേര് സതീശനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഭൂരിപക്ഷം മാനിച്ച് സതീശനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹൈക്കമാന്‍ഡ്. എന്നാല്‍ അപ്രതീക്ഷിതമായി സതീശനെതിരെ ഉമ്മന്‍ ചാണ്ടി രംഗത്തുവന്നതോടെ പ്രഖ്യാപനം നീട്ടി. രമേശിനെ തന്നെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്തണമെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.