
ഓസിനു കിട്ടിയാൽ ആസിഡും കുടിക്കാം എന്ന മലയാളിയുടെ ഒരു രീതി മനസ്സിൽ വന്നപ്പോൾ ഓർമ്മ വന്ന ഒരു കഥയാണ്.|സർക്കാരിന് സാമൂഹ്യ പരിരക്ഷ ചെയ്യേണ്ടേ?
ചെറുപ്പത്തിൽ വളരെ നാളുകൾ വിദേശത്തു ജീവിച്ചത് കൊണ്ട് ഞാൻ ദൂരദർശൻന്റെ ആദ്യ കാലം ഒക്കെ വിട്ടു പോയിരുന്നു. പിന്നീടൊരിക്കൽ നാട്ടിൽ വന്നപ്പോൾ ഒരു ഞായറാഴ്ച ഉച്ചക്ക് എന്റെ ഒരു ബന്ധു ഏതോ മറുഭാഷയിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അത്ഭുതത്തോടെ ചോദിച്ചു, ഇത് കൊള്ളാമല്ലോ, ഈ ഭാഷയൊക്കെ മനസ്സിലാക്കി ആസ്വദിക്കുന്നല്ലോ എന്ന്. അദ്ദേഹം പറഞ്ഞ മറുപടി, എടാ എനിക്കീ കുന്തം ഒന്നും മനസ്സിലാകുന്നുമില്ല, ഇഷ്ട്ടപ്പെടുന്നുമില്ല, പക്ഷെ സൗജന്യമായി കാണാൻ പറ്റുന്നതല്ലേ, എന്തിനാ, പാഴാക്കുന്നത് എന്ന്. മലയാളിയുടെ ഓസിനു കിട്ടിയാൽ ആസിഡും കുടിക്കാം എന്ന ഒരു രീതി മനസ്സിൽ വന്നപ്പോൾ ഓർമ്മ വന്ന ഒരു കഥയാണ്.
സത്യസന്ധമായ വിദ്യാഭ്യാസം, സത്യസന്ധമായ മാർക്ക്; സത്യസന്ധമായ യോഗ്യത, സത്യസന്ധമായ തൊഴിൽ; സത്യസന്ധമായ അധ്വാനം, സത്യസന്ധമായ വേതനം; എന്നതിന് പകരം, പഠിക്കാതെ എ പ്ലസ്, കൈക്കൂലിയും, സ്വാധീനവും കൊണ്ട് തൊഴിൽ, പണി കൃത്യമായി ചെയ്യാതെ കൂലി കണക്ക് പറഞ്ഞ് വാങ്ങുക, ഇങ്ങനെ ഓരോ കുറുക്കു വഴികളും, മറ്റുമായി ജീവിതം തീർക്കും. അല്ലെങ്കിൽ അല്ലങ്കിൽ വല്ല ട്യൂഷൻ കച്ചവടക്കാരുടെയും, ആൾ ദൈവങ്ങളുടെയും, പൊടികൈകളിൽ പെടുക, പിരമിഡ് സ്കീമുകളും മറ്റും കൊണ്ട് ഒറ്റ രാത്രി കൊണ്ട് കോടീശ്വരൻ ആകാൻ പോവുക, അങ്ങനെ ആ കുറുക്കു വഴിയിൽ ഒരു മോൺസനെയോ, അത് പോലെയുള്ള മറ്റു തട്ടിപ്പുകാരുടെ വലയിലോ പെടും. ഇതിലെ തമാശ എന്നെന്താൽ, ഇവർ രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കാൻ നോക്കുകയാണ്. എന്തെങ്കിലുമൊക്കെ സൗജന്യമായി കിട്ടാൻ വേണ്ടി നമ്മൾ നെട്ടോട്ടം ഓടി നടക്കുകയാണ്.
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് “There ain’t no such thing as a free lunch” എന്ന് വച്ചാൽ സൗജന്യമായി ഒന്നും ഇല്ല എന്ന് സാരം. ഈ അടിസ്ഥാന തത്വം ഉൾകൊള്ളാത്തിടത്തോളം കാലം, നമ്മൾ ഈ ചുഴിയിൽ തന്നെ കിടക്കും.
ഉപഭോക്താവിന് ഫ്രീ ആയോ, 10 രൂപയ്‌ക്കോ, 20 രൂപയ്‌ക്കോ, ഒരു ഊണ് കിട്ടുമ്പോൾ, അതിന്റെ അടിസ്ഥാന വില മാറുന്നില്ല. ഉദാഹരണത്തിന് ഒരു ഊണിനു നൂറു രൂപ ചിലവ് ആണെങ്കിൽ അത് തന്നെയാണ് അതിന്റെ ചിലവ്. അപ്പോൾ ബാക്കി വരുന്ന തുക സർക്കാർ മറ്റു രീതിയിൽ കണ്ടെത്തണം. നൂറു രൂപയുടെ ആയിരം ഊണ് ഒരു ദിവസം 20 രൂപയ്ക്കു വിറ്റാൽ, സർക്കാർ സംവിധാനം 80,000 രൂപ മറ്റു രീതിയിൽ കണ്ടെത്തണം. നികുതി അല്ലാതെ സർക്കാരിന് പ്രത്യേകിച്ച് വരുമാനം ഒന്നും ഇല്ലാത്തപ്പോൾ, നികുതി കൂട്ടുകയോ, കടം വാങ്ങിയോ, വില്പനയ്ക്ക് അനുപാതമായി സമ്മാനം കൊടുക്കാതെ ലോട്ടറി ടിക്കറ്റ് വിൽക്കുകയോ ഒക്കെ ചെയ്യേണ്ടി വരും. അതും അല്ലെങ്കിൽ ജനക്ഷേമത്തിനുള്ള മറ്റു കാര്യങ്ങൾ ചെയ്യാതിരിക്കേണ്ടി വരും. അതിന്റെ ദുഷ്ടവശങ്ങൾ സമൂഹം മുഴുവനായി അനുഭവിക്കേണ്ടി വരും. പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡ് നന്നാക്കാതിരിക്കും, മുൻ നിര ആരോഗ്യ സംവിധാനങ്ങൾക്ക് വകയിരുത്താൻ പറ്റില്ല, മാലിന്യ നിർമ്മാജനം ചെയ്യാൻ നിവൃത്തി ഉണ്ടാവില്ല, അങ്ങനെ പലതും
സർക്കാർ കച്ചവടത്തിൽ കയറിയ ഒരു കാര്യവും യഥാർത്ഥത്തിൽ ലാഭത്തിൽ ഓടാറില്ല. അത് എയർ ഇന്ത്യ ആയാലും, കെഎസ്ആർടിസി ആയാലും, ഭക്ഷണ ശാലകൾ ആയാലും. നഷ്ടത്തിൽ ഓടുന്ന എയർ ഇന്ത്യ ഫ്രീ ബാഗ്ഗജ് തരുമ്പോൾ, നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസി വീണ്ടും നഷ്ടം ഉണ്ടാക്കാൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുമ്പോൾ, എല്ലാം പൊതു ജനത്തിന്റെ ബാധ്യത കൂടുകയാണ് ചെയ്യുക, അല്ലാതെ ഫ്രീ ആയി പോവുകയല്ല. ഇക്കണോമിക്സ് മനസ്സലിക്കാത്തതിന്റെ കുറവാണിത്.
അപ്പോൾ സർക്കാരിന് സാമൂഹ്യ പരിരക്ഷ ചെയ്യേണ്ടേ?
വിശക്കുന്നവരെ സഹായിക്കേണ്ടേ എന്ന ധാർമികമായ ചോദ്യം ഉണ്ടാവാം. എന്റെ അഭിപ്രായത്തിൽ വേണം. നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ല. അതിനാണല്ലോ നമുക്ക് റേഷൻ സംവിധാനങ്ങൾ ഉള്ളത്. അതിലും പെടാത്ത, ഭക്ഷണം ആവശ്യമുള്ളവർക്ക്, ആവശ്യമുള്ള ആ ചെറിയ എണ്ണത്തിലുള്ള നമ്മുടെ കൂടെ ഉള്ളവർക്ക് മാത്രം പൂർണ്ണമായി സൗജന്യമായി തന്നെ ഭക്ഷണം കൊടുക്കുക. അല്ലാതെ ആവശ്യം ഉള്ളവർക്കും, ഇല്ലാത്തവർക്കും, സബ്സിഡി വച്ച് ഒന്നും കൊടുക്കേണ്ട കാര്യം ഇല്ല. ഓണ കിറ്റും, കോവിഡ് കിറ്റും മറ്റും സൗജന്യമായി ലക്ഷാധിപതികൾക്ക് കൊടുക്കുന്ന ദുർവ്യയം മാതിരി.
ആവശ്യമുള്ളവർക്ക് ഇങ്ങനെ സഹായം ചെയ്യുമ്പോൾ, സൗജന്യമായി കൊടുക്കുമ്പോൾ, കഴിവുള്ള മറ്റു നാട്ടുകാരേയും, സ്വകാര്യ സ്ഥാപനങ്ങളെയും അതിൽ പങ്കാളികൾ ആക്കുക. അമേരിക്കയിലെ സൂപ്പ് കിച്ചൻ മാതിരി. അവിടെ മുൻ പ്രസിഡന്റ് മാർ ഉൾപ്പെടെ ഇതിൽ പങ്കാളികളാകുന്നു. സാധാരണ നികുതിദായകരുടെ പണം ചിലവാക്കി വാർത്ത സൃഷ്ഠിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർക്ക് ഇത് ഒരു മാതൃക ആവട്ടെ.
കേരളത്തിലെ ഖജനാവിന്റെ സ്ഥിതി അതീവ പരിതാപകരം ആണ്. സർക്കാർ ഈ സ്ഥിതിയിൽ ചിലവ് കുറയ്ക്കാനാണ് നോക്കേണ്ടത്. അല്ലാതെ തട്ടിപ്പിനും, വെട്ടിപ്പിനും സാഹചര്യം ഉണ്ടാക്കുന്ന, പിആർ ജാലവിദ്യകളിലേക്ക് ചുരുങ്ങി ജനങ്ങളുടെ കട ബാധ്യത വീണ്ടും കൂട്ടുക അല്ല ചെയ്യേണ്ടത്.

ടോണി തോമസ്
