‘സുമതി ചേച്ചി’ഇപ്പോഴും കടയുടമയാണ്.

Share News

മൂവാറ്റുപുഴ നഗരഹൃദയത്തിലെ സത്രക്കുന്ന് അഥവാ B T S ( ഇപ്പോഴത്തെ T T I ) സ്കൂളിലെ വിദ്യാർത്ഥിയായിരിക്കെ, തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാം പകുതിയിലാണ് സുമതി ചേച്ചിയെ പരിചയപ്പെടുന്നത്.

അന്നത്തെ സത്രക്കുന്ന് സ്കൂൾവിദ്യാർത്ഥികളെ സംബന്ധിച്ച്, ക്ലാസ്സിന്റെ ഇടവേളകളിൽ, പൂവൻ എന്ന് വിളിക്കപ്പെട്ടിരുന്നയാൾ തങ്ങളുടെ സമീപത്തെത്തിച്ച് വില്പനനടത്തുകവഴി ലഭിച്ചിരുന്ന പലവിധ ‘ഐസു’കൾക്കുമപ്പുറമുണ്ടായിരുന്ന മറ്റൊരുലക്ഷ്യസ്ഥാനം, ഒറ്റയോട്ടത്തിന് വന്നുപോകാവുന്നത്ര ദൂരത്തിൽ, ടി.ബി റോഡും സ്കൂൾ റോഡും സംഗമിക്കുന്നിടത്ത് സ്ഥിതി ചെയ്തിരുന്ന ചേച്ചിയുടെ പെട്ടിക്കടയായിരുന്നു.

ചുണ്ണാമ്പുപാടുകളാൽ അലംകൃതമായിരുന്ന ഈ പെട്ടിക്കടയായിരുന്നു, കല്ലുപെൻസിൽ മുതൽ റബ്ബർ നൂലുപിടിപ്പിച്ച കമർക്കട്ട് , കട്ടി , ഗ്യാസ്, ഓറഞ്ച്, നാരങ്ങാ, അട്ടാണി, മധുരത്തിൽ പൊതിഞ്ഞ നിലക്കടല, തുടങ്ങി ഒരു പൈസയ്ക്കും രണ്ടു പൈസയ്ക്കുമൊക്കെ ലഭിച്ചിരുന്ന വിവിധ മിഠായികൾ, സിനിമാ ഫിലിമുകൾ, എന്നുവേണ്ട, ഇരുമ്പുകൈ മായാവി, മണൽമൃഗം, CID മൂസ, ആദിയായ പലവിധ വീരേതിഹാസങ്ങളായ മുഴുനീള ചിത്രകഥകൾ, കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്, തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ ഡിക്ടറ്റീവ് കഥാപുസ്തകങ്ങൾ, എന്നിവയ്ക്കുവരെ ഞങ്ങൾക്ക് ആശ്രയമായിരുന്നത്.

കടയുടെ പരിസരങ്ങളിൽ ഉപയോഗശേഷം വലിച്ചെറിയപ്പെട്ടുകിടന്നിരുന്ന തീപ്പെട്ടിക്കൂടുകളിൽ നിന്നും പടങ്ങൾ ശേഖരിക്കുന്നതിൽ ഒരു മത്സരംതന്നെ ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നു.

കാലിയായ സിഗററ്റ് കൂടുകൾ പൊളിച്ചുനോക്കിയാൽ, ഒരു വൃത്തത്തിനുള്ളിൽ എഴുതിയിരിക്കുന്നതായ അക്ഷരങ്ങളിൽ H, M, T എന്നിവ ലഭിച്ചാൽ ഒരു ‘HMT വാച്ച് ‘ സൗജന്യമായി ലഭിക്കുമെന്നുള്ള പ്രചാരണവും പ്രതീക്ഷയും, ഞങ്ങളെ ഈ പെട്ടിക്കടയ്ക്ക് ചുറ്റും ഉറപ്പിച്ചുനിർത്തിയിരുന്ന മറ്റൊരു പ്രധാനഘടകമായിരുന്നു.

കടയുടെ സമീപത്തുണ്ടായിരുന്ന പൊതുടാപ്പിലെ വെള്ളത്തിനാണെങ്കിൽ കമിഴ്ന്നുനിന്ന് എത്ര വലിച്ചുകുടിച്ചാലും മതിവരാത്തത്ര മധുരവും.

രാവിലെ സ്കൂളിലേയ്ക്കുള്ള വരവിലും വൈകിട്ടത്തെ തിരിച്ചുപോക്കിലുമെല്ലാം കടയിലെ സ്റ്റോക്ക് സംബന്ധിച്ച അപ്ഡേഷനും ഞങ്ങൾ മനസ്സിലേറ്റിയിരുന്നു.

അക്കാലത്തെ സത്രക്കുന്ന് സ്കൂൾവിദ്യാർത്ഥികൾക്ക് മറക്കാനാകാത്ത മധുരഗൃഹാതുരത്വം സമ്മാനിച്ച പ്രധാനയിടങ്ങളിലൊന്ന് സുമതിചേച്ചിയുടെ ഈ വ്യാപാരസ്ഥാപനമായിരുന്നു.

നാലരപ്പതിറ്റാണ്ടുകൾക്കിപ്പുറം,അമ്മവീടിനടുത്തുള്ള മുറിക്കൽ കോളനിയുടെ സമീപം റോഡരുകിൽക്കാണുന്ന, അന്നത്തെയത്ര പകിട്ടില്ലാത്ത മറ്റൊരുപെട്ടിക്കടയിൽ വീണ്ടും അതേമുഖം ശ്രദ്ധയിൽപ്പെട്ടു. ചെന്നുകണ്ട് വിശേഷങ്ങൾ തിരക്കി. അച്ഛനെക്കുറിച്ചുണ്ടായിരുന്ന ബഹുമാനാദരങ്ങളുടെകൂടി പശ്ചാത്തലത്തിൽ, സങ്കടങ്ങളുടെ പെരുമഴയുതിർന്നു.

ഭർത്താവായിരുന്ന പാപ്പിയുടെ മരണത്തെ തുടർന്ന് കുടുംബം പുലർത്തുവാൻ, മറ്റൊരാളുടേതായിരുന്ന ഒരു പെട്ടിക്കടവാങ്ങിയശേഷം, അന്ന്, ഈ തൊഴിലിലേയ്ക്കിറങ്ങുകയായിരുന്നു ഇവർ.

ഇപ്പോൾ വയസ്സ് 84. ഇടക്കാലത്ത് ഗൃഹജോലികളടക്കമുള്ള തൊഴിലുകളും പരീക്ഷിച്ചു. പ്രായാധിക്യവും, ആരോഗ്യവും അനുവദിക്കാതെ വന്നതോടെ വീണ്ടും, പെട്ടിക്കടയിലേയ്ക്ക് എത്തപ്പെട്ടു. കൈയ്യുയർത്തി കടയുടെ മുൻവശത്തെ പലക തുറന്നിടാനാകാത്തതിനാൽ, കടയ്ക്കകത്തേക്കുള്ള പ്രവേശനവാതിൽ മാത്രം തുറന്നിരുന്നാണ് പലപ്പോഴും കച്ചവടം.

ഗവ: മോഡൽ ഹൈസ്കൂൾ റോഡിൽ, കോ.ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിനുസമീപം, ഇടിഞ്ഞുപൊളിയാറായതും വഴിയില്ലാത്തതുമായ ഒരുവീട്ടിൽ ഒറ്റക്കാണ് താമസമെന്നും, പെൻഷൻപോലും ലഭിക്കുന്നില്ലെന്നതുമുൾപ്പെടെയുള്ള മിഴിനിറഞ്ഞ പരിഭവപ്രളയം.പ്രായാധിക്യരോഗങ്ങൾ കലശലായിത്തുടങ്ങിയിരിക്കുന്നു..

. തീരെ വയ്യാതാകുമ്പോഴേയ്ക്കും ഏതെങ്കിലും അഭയസ്ഥാനം കണ്ടെത്തണമത്രെ…

Pramodkumar Mangalath

Share News