മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ശ്രേഷ്ഠാചാര്യത്വം സിറോ മലബാർ സഭയുടെ സുവർണ കാലഘട്ടം
മാർത്തോമാ ശ്ലീഹയുടെ പിൻഗാമിയായി മലബാർ സുറിയാനി കത്തോലിക്കാ സഭയ്ക്ക് നേതൃത്വം നൽകുന്ന മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ശ്രേഷ്ഠാചാര്യ കാലഘട്ടം സഭയുടെ ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്. ഒരു നൂറ്റാണ്ടിൽ കൈവരിക്കാൻ ബുദ്ധിമുട്ടുന്ന വലിയ നേട്ടങ്ങളാണ് ഒരു ദശകം എന്ന ചുരുങ്ങിയ കാലത്തിനിടയിൽ സിറോ മലബാർ സഭ മാർ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയത്. അവയിൽ സുപ്രധാനാമായവ ചുവടെ ചേർക്കുന്നു:
1. സിറോ മലബാർ സഭയുടെ അഖിലേന്ത്യാ ശുശ്രൂഷാ ദൗത്യം
മാർത്തോമാ നസ്രാണികളുടെ മെത്രാപ്പോലീത്തയുടെ പരമ്പരാഗതമായ ശീർഷകം ഭാരതം മുഴുവന്റെയും മെത്രാപ്പോലീത്ത എന്നായിരുന്നു. അക്കാലത്ത് ഇന്നത്തെ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന വലിയൊരു ഭൂഭാഗത്തെയാണ് ഇന്ത്യ എന്ന പേരുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. വൈദേശികാധിപത്യത്തിന്റെ കീഴിൽ മാർത്തോമാ ക്രിസ്ത്യാനികളുടെ സഭ തീർത്തും ശുഷ്കിച്ച് മധ്യതിരുവിതാംകൂറിലും കൊച്ചി രാജ്യത്തിലും ഒതുങ്ങി. മലബാർ സുറിയാനി കത്തോലിക്കാ സഭയുടെ ഹയരാർക്കി 1923-ൽ പുന സ്ഥാപിക്കുമ്പോൾ സഭയുടെ ശുശ്രൂഷാധികാരം ഭാരതപ്പുഴക്കും പമ്പയാറിനും ഇടയിൽ മാത്രമായിരുന്നു. സഭയുടെ ശുശ്രൂഷാ മേഖലകൾ കാലക്രമത്തിൽ കുറെയൊക്കെ വ്യാപിച്ചെങ്കിലും സഭക്ക് അവകാശപ്പെട്ട അഖിലേന്ത്യാ ശുശ്രൂഷാ അധികാരം ഇന്ത്യയിലെ ലത്തീൻ ഹയരാർക്കിയുടെ നിരന്തരമായ എതിർപ്പ് മൂലം കിട്ടാക്കനി ആയിരുന്നു. ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലുള്ള അശ്രാന്തമായ പരിശ്രമത്തിന്റെ ഫലമായി 2017 ഒക്ടോബർ 10-ആം തീയതി സിറോ മലബാർ സഭക്ക് പൂർണമായ അഖിലേന്ത്യാ ശുശ്രൂഷാധികാരം കൈവന്നു. വിദേശ മിഷനറിമാർ കവർന്നെടുത്ത മാർത്തോമാ നസ്രാണികളുടെ ശീർഷകവും ശുശ്രൂഷാധികാരവും സഭക്ക് വീണ്ടുകിട്ടി. 16-ആം നൂറ്റാണ്ടുവരെ മലങ്കരയിൽ (മലബാറിൽ/കേരളത്തിൽ) ഉണ്ടായിരുന്ന അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും കവാടവുമായ സഭാധ്യക്ഷന്മാരുടെ പിൻഗാമിയായി മാർ ജോർജ് ആലഞ്ചേരി പിതാവ് മാറി.
2. ആഗോള സഭയായി മാറിയ സിറോ മലബാർ സഭ
കേരളത്തിൽ മാത്രം മുഖ്യമായി ഉണ്ടായിരുന്ന സിറോ മലബാർ സഭ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലും പരിശ്രമം വഴിയായും ആഗോള സഭയായി വളർന്നു. ഇന്ന് ഈ സഭക്ക് നാലു ഭൂഖണ്ഡങ്ങളിൽ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളിൽ മിഷനുകളും ഉണ്ട്. സിറോ മലബാർ സഭയുടെ വിശ്വാസ ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ക്രൈസ്തവ ലോകത്തുനിന്നും മുഴുവൻ പ്രശംസ ഏറ്റുവാങ്ങി. ഇതര സഭകൾക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സിറോ മലബാർ സഭ നിലകൊള്ളുന്നു.
3. പുതിയ രൂപതകളും അജപാലന സംവിധാനങ്ങളും
മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലുള്ള പരിശ്രമഫലമായി ലഭിച്ച രൂപതകളും അജപാലന സംവിധാനങ്ങളും ഇവയാണ്:രൂപതകൾ A. ഫരീദാബാദ് B. മെൽബൺ (ആസ്ട്രേലിയ)C. ഗ്രേറ്റ് ബ്രിട്ടൻ D. മിസ്സിസാഗാ (കാനഡ)E. ഷംഷാബാദ് F. ഹൊസൂർ അജപാലന സംവിധാങ്ങൾ G. യൂറോപ്പ് അപ്പോസ്തോലിക വിസിറ്റേഷൻ H. ന്യൂസിലാൻഡ് ഉൾപ്പെടെ ഓഷ്യാന ഭൂഖണ്ടം മുഴുവനും മെൽബൺ രൂപതയുടെ ശുശ്രൂഷാപരിധി വ്യാപിപ്പിച്ചു.
4. റോമിൽ സിറോ മലബാർ സഭക്ക് പ്രൊക്യൂറ
റോമിലുള്ള സിറോ മലബാർ സഭയുടെ ആസ്ഥാനമാണ് പ്രൊക്യൂറ. സഭക്ക് പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധത്തിലും പ്രൊക്യൂറ നിർണായകമായ പങ്ക് വഹിക്കുന്നു. റോമിൽ സ്വന്തമായി പ്രൊക്യൂറ ഉള്ള ചുരുക്കം സഭകളിൽ ഒന്നാണ് സിറോ മലബാർ സഭ.
5. മാർ തിയോദോറിന്റെയും മാർ നെസ്തോറിയസിന്റെയും കൂദാശകൾ
മാർത്തോമാ നസ്രാണികളുടെ സഭയെ വൈദേശിക ആധിപത്യത്തിന് കീഴിൽ കൊണ്ടുവന്ന ഉദയംപേരൂർ സൂനഹദോസിൽ പാഷണ്ഡത ആരോപിച്ച് നിർബന്ധപൂർവം നിർത്തിക്കളഞ്ഞ മാർ തിയദോറിന്റെയും മാർ നെസ്തോറിയസിന്റെയും കൂദാശകൾ (അനാഫൊറകൾ) മാർ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ പുനരുദ്ധരിച്ചു. ഇതുവഴി സിറോ മലബാർ സഭ പരോക്ഷമായി ഉദയംപേരൂർ സൂനഹദോസിനെ തള്ളിപ്പറയുകയും ഉദയംപേരൂരിനു മുൻപു മലങ്കരയിൽ (മലബാറിൽ/കേരളത്തിൽ) നിലനിന്നിരുന്ന സ്വതന്ത്ര സഭയുടെ പിന്തുടർച്ച സ്വന്തമാക്കുകയും ചെയ്തു.
6. ഐക്യത്തിന്റെ പാതയിൽ
ആരാധനാ അനൈക്യം പിടിച്ചുലച്ചിരുന്ന സിറോ മലബാർ സഭ മാർ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ ഐക്യത്തിന്റെ പാതയിൽ ബഹുദൂരം മുന്നോട്ട് പോയി. ആരാധനാ ഐക്യരൂപത്തിനായുള്ള പരിശ്രമങ്ങളായിരുന്നു എറണാകുളത്ത് ഉടലെടുത്ത വൈദിക ലഹളയുടെ ഒരു സുപ്രധാന കാരണം. നിലവിൽ 35 ൽ 34 രൂപതകളിലും കുർബാന ഏകീകരണം നടന്നു. എറണാകുളം അങ്കമാലി അതിരൂപതയും ഏകീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
7. സഭാ ബോധത്തിന്റെ പുരോഗതി
വൈദേശിക ശക്തികളുടെ കീഴിലുള്ള ലത്തീനീകരണത്തിൽ സിറോ മലബാർ സഭക്ക് വന്ന ഏറ്റവും വലിയ കോട്ടം ആത്മബോധത്തിന്റെ ശോഷണമായിരുന്നു. തങ്ങൾ “റോമൻ” കത്തോലിക്കരാണെന്നും യഥാർത്ഥ റോമൻ കത്തോലിക്കരായ റോമൻ സഭാംഗങ്ങൾ ലത്തീൻ കത്തോലിക്കർ മാത്രം ആണെന്നും (“റോമൻ” അല്ലെന്നും) ഉള്ള തെറ്റായ ധാരണ ഒരു ആർഭാടമായിത്തന്നെ കൊണ്ടുനടന്നു സിറോ മലബാർ വിശ്വാസികൾ. കർദിനാൾ മാർ ആലഞ്ചേരി പിതാവിന്റെ പീഡാനുഭവമായ വൈദിക ലഹളകൊണ്ട് സഭക്കുണ്ടായ ഏറ്റവും വലിയ നേട്ടമായിരുന്നു സിറോ മലബാർ സഭ (മലബാറിലെ സുറിയാനി സഭ) എന്ന അവബോധനത്തിന്റെ പുനഃസ്ഥാപനം. സിറോ മലബാർ സഭ “റോമൻ” സഭയല്ലെന്നും കത്തോലിക്കാ കൂട്ടായ്മയിലുള്ള ഒരു സ്വയാധികാര സഭയാണെന്നും വിശ്വാസികൾ മനസ്സിലാക്കിത്തുടങ്ങി.
മലബാർ സുറിയാനി കത്തോലിക്കാ സഭയുടെ മഹാനായ അധ്യക്ഷനായി മാർ ജോർജ് ആലഞ്ചേരി പിതാവ് എക്കാലവും അറിയപ്പെടും. അദ്ദേഹത്തിന്റെ ശുശ്രൂഷാ കാലഘട്ടത്തിൽ തന്നെ ഗൾഫ് നാടുകളിൽ ഒരു അജപാലന സംവിധാനവും സഭയിൽ പൂർണമായ ആരാധനാ ഐക്യവും സഭക്ക് പാത്രിയാർക്കൽ പദവിയും കൈവരട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. അദ്ദേഹത്തിന്റെ നേതൃശുശ്രൂഷ വഴിയായി വരും വർഷങ്ങളിൽ നമ്മുടെ സഭ കൂടുതൽ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കുമെന്നു നമുക്ക് ന്യായമായിത്തന്നെ പ്രതീക്ഷിക്കാം.