ഒരു കഥയുണ്ടാക്കി അതിന്‌ കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ?

Share News

ഒരു കഥയുണ്ടാക്കി അതിന്‌ കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ?

ഇങ്ങനെ സാമാന്യവൽക്കരിക്കുന്ന സിനിമാ പേരുകൾ തെറ്റായ സന്ദേശങ്ങൾ നൽകും. ഏതെങ്കിലും സംസ്ഥാനത്തിലെ ആർക്കെങ്കിലുമൊക്കെ പണി കൊടുക്കാൻ അതിന് ചേർന്ന കഥയുണ്ടാക്കി ആ സ്റ്റേറ്റിന്റെ പേരുമിട്ട് സിനിമ ഉണ്ടാക്കുന്നവർ ഈ കേരളാ സ്റ്റോറിയുടെ പിറകെ വന്നാൽ എന്ത് ചെയ്യും?

ഇത് മാറ്റാനെങ്കിലും സെൻസർ ബോര്‍ഡ് നിർദ്ദേശിക്കേണ്ടേ? രാജ്യത്തിൽ അശാന്തി പടർത്തുന്ന സത്യങ്ങൾ വിളമ്പുന്നതിലും വേണ്ടേ ചില നിയന്ത്രണങ്ങൾ?

ഇതും സെൻസർ ബോര്‍ഡ് ഓര്‍ക്കുക.

കേരള സ്റ്റോറിയെന്ന സിനിമയെ ചുറ്റി പറ്റിയുള്ള വിവാദം ഇന്ത്യയിൽ നിലവിലുള്ള സെൻസറിങ്ങിനെ കുറിച്ചുള്ള ചില ചിന്തകൾ ഉയർത്തുന്നു. ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ കാണുമ്പോൾ എന്തെങ്കിലും ഒരു മാനദണ്ഡമുണ്ടോയെന്ന സംശയം തോന്നുന്നു.

ബോർഡുകളിലെ അംഗങ്ങളുടെയോഗ്യത പോലും സംശയത്തിന്റെ നിഴലിലാണ്. സർട്ടിഫിക്കേഷൻ കാറ്റഗറി പോലും തോന്നിയ പോലെയാണ് നല്‍കുന്നത്.

കുട്ടികള്‍ക്ക് കാണാവുന്ന ഉള്ളടക്കമെന്നും മുതിർന്നവർക്കുള്ളതെന്നുമുള്ള രണ്ട് വിഭാഗങ്ങൾ കര്‍ശനമായി വേർതിരിക്കണം.

കേരളാ സ്റ്റോറി പോലെയുള്ള സിനിമകൾ മുതിർന്നവർക്കായി മാത്രമെന്ന ടാഗിൽ വരണം. ഡിബേറ്റബിൾകണ്ടെന്റ് എന്ന മുന്നറിയിപ്പ് വേണം. നിരോധനം നടക്കില്ല. തെറ്റായ വിവരങ്ങൾ നൽകുന്ന സിനിമയെ ജനം തള്ളി കളയണം. ചർച്ച ചെയത് വധിക്കണം. കേരളത്തിന്റെ സ്റ്റോറി അല്ലെന്നാണ് സിനിമ ഇറങ്ങിയതിന് ശേഷമുള്ള പ്രാഥമിക റിപ്പോർട്ടുകളെങ്കിൽ ഈ സിനിമ കാണാൻ മലയാളികൾ ആരും പോകരുത്.

ഓ ടി ടിയിൽ കാണുകയുമരുത്. ഓരോ സംസ്ഥാനത്തിന്റെയും പേര് ചേർത്ത് സിനിമ ഉണ്ടാക്കുന്ന ഈ പ്രവണത അപകടകരമാണെന്ന ബോധം സെൻസർ ബോർഡിന് ഉണ്ടാകണമെന്നില്ല.

ഈ ഓ. ടി. ടി കാലത്ത്‌ ഇവക്കൊക്കെ വ്യാപകമായ പ്രേക്ഷക പിന്തുണ ഉണ്ടാകാം. അത് കൊണ്ട്‌ നിയമ വിരുദ്ധവും പൊതു സമൂഹത്തെ തെറ്റുധരിപ്പിക്കുന്നതുമായ ഉള്ളടക്കത്തിന് എതിരെ നിയമ പോരാട്ടമാകാം. അങ്ങനെയുണ്ടെന്ന കോടതി വിധി വന്നാൽ സെൻസറിങ്ങിൽ പങ്കാളികളായ അംഗങ്ങളെയും ശിക്ഷിക്കണം.

സെൻസറിംഗ് നയങ്ങൾ പുതിയ കാലത്തിന്‌ അനുസരിച്ചു പരിഷ്‌ക്കരിക്കണം. യോഗ്യത ഉള്ളവരെ നിയോഗിക്കണം.

(സി ജെ ജോൺ)

Dr c j john Chennakkattu

Share News