
മയക്ക് മരുന്നിന്റെ സ്വാധീനത്തിലോ, മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ മൂലമോ അക്രമ സ്വഭാവം കാണിക്കാനിടയുള്ളവരെ തിരിച്ചറിയാനുള്ള വൈഭവം പോലീസിനുണ്ടാകണം.
മനസ്സിന്റെ താളം തെറ്റി യാഥാര്‍ത്ഥ ലോകവുമായുള്ള കണ്ണി മുറിയുന്ന ഒരു ചെറിയ വിഭാഗം വ്യക്തികൾ അക്രമം മറ്റുള്ളവരോടോ, അവനവനോടോ കാട്ടാൻ ഇടയുണ്ട്.

ശാന്തരായി ഇരിക്കുന്ന ആളുകൾ പോലും ചെറിയ പ്രകോപനം ഉണ്ടാകുമ്പോൾ അക്രമാസക്തരായേക്കും.
പൂർവ ചരിത്രവും, അപ്പോൾ പ്രകടിപ്പിക്കുന്ന വൈകല്യങ്ങളും, ലഹരിയുടെ സാന്നിധ്യവുമൊക്കെ പരിഗണിച്ചാൽ ഇത്തരം ആളുകളെ തിരിച്ചറിയാൻ എളുപ്പമാണ്.
പൊലീസിന് മാത്രമല്ല ആരോഗ്യ പ്രവർത്തകർക്കും വേണം ഈ വൈഭവം.

റിസ്ക് വിലയിരുത്തൽ വേണം. അക്രമം ഉണ്ടായാൽ നേരിടാനുള്ള മുന്നൊരുക്കം വേണം. സമർഥമായി നേരിടുകയും വേണം.
ഇതൊന്നും കൊട്ടാരക്കര താലൂക്ക് ആശുപത്രി സംഭവത്തിൽ ഉണ്ടായില്ല.
ഒരു യുവ ഡോക്ടറുടെ ഉയിര് നഷ്ടമാവുകയും ചെയ്തു. ലഹരി പദാർത്ഥങ്ങളുടെ വ്യാപനം വർധിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരക്കാരുമായുള്ള പൊലീസിന്റെ ഇടപെടലുകൾ കൂടുതലാകും.

ഇവരെ വൈദ്യ പരിശോധനക്കോ, മാനസികാരോഗ്യ ചികിത്സക്കോ, ജഡ്ജിയുടെ മുമ്പിലോ കൊണ്ട് പോകുന്ന വേളകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ വേണ്ടി വരും. മാനസികാസ്വസ്ഥതയുള്ള വ്യക്തികളെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പൊലീസിന് പരിശീലനം നല്‍കണം.
പൊലീസിന്റെസുരക്ഷയും പ്രധാനമാണ്.

സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ചകളെ കുറിച്ച് ധാരാളം വാർത്തകൾ അടുത്തയിടെ വന്നിരുന്നു.
സുരക്ഷ ഉറപ്പാക്കാൻ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് കൊണ്ട് അവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് പറയപ്പെടുന്നു.
ഇപ്പോഴും ഉണ്ടെന്ന് പറയുന്നു. അടുത്ത ദുരന്തം ഉണ്ടാവും വരെ കാത്തിരിക്കണോ?
(സി ജെ ജോൺ)

Dr cj john Chennakkattu