അഭിലാഷ് ഫ്രേസറുടെ കവിതാസമാഹാരം അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ചു
കൊച്ചി . എഴുത്തുകാരനും കവിയുമായ അഭിലാഷ് ഫ്രേസറുടെ പുതിയ ഇംഗ്ലീഷ് കവിതാസമാഹാരം ‘ഫാദർ’ അമേരിക്കയിൽ നിന്ന് ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചു. ഒറിഗൺ സ്റ്റേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപ്ഫ് ആൻഡ് സ്റ്റോക്ക് പബ്ലിഷേഴ്സ് Wipf & Stock publishers) ആണ് പ്രസാധകർ. ആഗോളതലത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം അമ്പതിലേറെ ലോകരാജ്യങ്ങളിൽ ലഭ്യമാണ്. ആമസോൺ, ബാർണെസ് ആൻഡ് നോബിൾ, ഗൂഗുൾ പ്ലേ സ്റ്റോർ, ഇൻഗ്രാം ബുക്ക്സ് തുടങ്ങി പ്രമുഖ വിതരണശൃംഘലകളിലൂടെ പ്രിന്റഡ് കോപ്പിയും ഇ-ബുക്കും വിതരണത്തിനുണ്ട്.
ആന്തരിക നഗ്നതയിൽ നീറുന്ന ആധുനിക മനുഷ്യന് ദൈവവും പ്രകൃതിയും ഉടയാട ഒരുക്കുന്നു എന്ന കേന്ദ്ര ആശയത്തിൽ അധിഷ്ഠിതമായി രചിക്കപ്പെട്ടിരിക്കുന്ന കവിതകളിൽ ബൈബിളിലെയും ചരിത്രത്തിലെയും കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു.
ഈ കഥാപാത്രങ്ങളുടെ മനസ്സിലൂടെ ഒരു ആന്തരിക സഞ്ചാരം നടത്തി ആധുനിക മനുഷ്യന്റെ ഏറ്റവും കാതലായ പ്രശ്നങ്ങളെ അനാവരണം ചെയ്യുകയാണ് എഴുത്തുകാരൻ. ഈശ്വരനിൽ നിന്നുള്ള വേർപാടിലൂടെ മനുഷ്യൻ അനുഭവിക്കുന്ന നീറുന്ന നഗ്നതയും സാഹോദര്യത്തിൽ നി്ന്നുള്ള പലായനങ്ങളും, പരിസ്ഥിതി പ്രശ്നങ്ങളും, പ്രകൃതിയിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ട മനുഷ്യന്റെ അസ്തിത്വ ദുഖവും ആത്മാവിലെ വിലാപങ്ങളുമെല്ലാം കവിതയ്ക്ക് വിഷയമാകുന്നു.