
മലയാളത്തിൽ പുതിയതായി ഒരു വാർത്താ ചാനൽകൂടി വരികയാണ്.
മലയാളത്തിൽ പുതിയതായി ഒരു വാർത്താ ചാനൽകൂടി വരികയാണ്. പക്ഷേ, ചാനൽ കാണുന്നവരുടെ എണ്ണം കൂടുകയാണോ കുറയുകയാണോ എന്നു കൃത്യമായി കണ്ടെത്താൻ നിലവിൽ നമുക്ക് യാതൊരു മാർഗവുമില്ല. ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്നത് ബാർക് ആണെങ്കിൽ പത്രങ്ങളുടേത് ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷനാണ് (എബിസി). പത്രവായനക്കാരുടെ എണ്ണം നിശ്ചയിക്കാൻ ഇൻഡ്യൻ റീഡർഷിപ് സർവേയുടെ (ഐആർഎസ്) കണക്കുകളേയും ആശ്രയിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലമായി എബിസിയുടേയും ഐആർഎസിന്റെയും കണക്കുകൾ നാം കേൾക്കാറില്ല. പക്ഷേ, ബാർക് റേറ്റിംഗിനെപ്പറ്റി എന്തെങ്കിലുമൊക്കെ അവകാശവാദങ്ങൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുറത്തുവരാറുമുണ്ട്.
ബാർക് റേറ്റിംഗ് ഓരോ രണ്ടാഴ്ചയും പുറത്തുവിടപ്പെടുന്നതിനാൽ ചാനൽ കാണുന്നവരുടെ എണ്ണം കൂടുന്നുവെന്ന് അനുമാനിക്കാനാകില്ല. ഏതാണ്ട് ആയിരത്തിൽതാഴെ മാത്രം യന്ത്രങ്ങൾ സ്ഥാപിച്ച് അതിൽനിന്നെടുക്കുന്ന കണക്കുപയോഗിച്ചാണ് ബാർക് റേറ്റിംഗ് നിശ്ചയിക്കുന്നത്. ഓരോ ചാനലും ഇതിൽ എത്ര പേർ കാണുന്നു, എത്ര സമയം കാണുന്നു എന്നതൊക്കെ നോക്കി നൽകുന്ന പോയിന്റാണ് ബാർക് റേറ്റിംഗിന്റെ നിരക്ക്. കേബിൾ കണക്ഷനുള്ള വീടുകളിലേക്ക് കണക്ഷൻ നൽകുന്ന പോസ്റ്റിലാണ് ബാർക്കിനുള്ള യന്ത്രം സ്ഥാപിക്കുന്നതെന്നാണ് പറയുന്നത്. ഡിഷ് ടിവി ഇതിൽ ഉൾപ്പെടുകയുമില്ല. ബാർക്കിന്റെ തന്നെ കണക്കുപ്രകാരം കേരളത്തിൽ 70 ലക്ഷത്തോളം കുടുംബങ്ങളിൽ ടെലിവിഷനും കേബിൾ കണക്ഷനുമുണ്ട്. ആകെ കണക്ഷൻ 50 ലക്ഷമെന്നു കൂട്ടിയാൽ പോലും അതിന്റെ 0.02 ശതമാനം മാത്രമേ വരൂ ബാർക് റേറ്റിംഗിന് കണക്കിലെടുക്കുന്ന കണക്ഷനുകൾ. 50 ലക്ഷത്തിൽ 1000 എണ്ണം ഏതൊരു കണക്കെടുപ്പിനും അനുയോജ്യമായ മോഡലാണോ എന്ന് ആലോചിച്ചുനോക്കുക. ബാർക് റേറ്റിംഗിന് ആശ്രയിക്കുന്ന വീട്ടുകാർ കണക്ഷൻ വേണ്ടെന്നുവച്ചാൽ ആ യന്ത്രമെടുത്ത് വേറൊരു പോസ്റ്റിൽ സ്ഥാപിച്ച് കണക്ക് ടാലിയാക്കും, അത്രതന്നെ. അല്ലാതെ കണക്ഷൻ ഉപേക്ഷിച്ചവർ ലിസ്റ്റിൽ വരികയേയില്ല!
പത്തുപതിനഞ്ചു വർഷം മുൻപ് കേരളത്തിൽ ഇപ്പോത്തുടങ്ങുമെന്നു പറഞ്ഞ കുറേ ചാനലുകളുണ്ടായിരുന്നു. ഭാരത് ടിവി, ന്യൂ ടിവി അങ്ങനെയെന്തൊക്കെയോ. ഇതിനിടയിൽ സീ ടിവി, രാജ് ടിവി തുടങ്ങിയവയും വന്നുവെങ്കിലും ആളുകൾ കണ്ടതേയില്ല. ദി ഫോർത്ത് മാധ്യമപ്രവർത്തനത്തെ കുറേക്കൂടി ഗൗരവത്തോടെ കണ്ടുവെങ്കിലും അവർക്ക് സാറ്റലൈറ്റ് ചാനലിലേക്കു പ്രവേശിക്കാൻ സാധിച്ചതുമില്ല. ജനം ടിവി, ന്യൂസ് 18, മീഡിയ വൺ തുടങ്ങിയവ ചെറിയതോതിലൊക്കെ അനക്കമുണ്ടാക്കി പ്രവർത്തിക്കുന്നുവെന്നുപറയാം. എന്നാൽ 24 ന്യൂസ്, റിപ്പോർട്ടർ എന്നിവ ആഘോഷത്തോടെയെത്തി മുൻനിരയിലേക്ക് പ്രവേശിച്ചതായാണ് ബാർക് പറയുന്നത്. ന്യൂസ് മലയാളവും തരക്കേടില്ലാത്ത ഓളം ഉണ്ടാക്കുന്നുണ്ട്. ആദ്യകാലത്ത് തുടങ്ങിയ ചാനലുകളിൽ ഇൻഡ്യാവിഷൻ ഒഴികെയുള്ളവ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്, ചിലതൊക്കെ പേരിനുമാത്രമാണെങ്കിലും.
എന്നാൽ പത്രങ്ങളുടെ സ്ഥിതി ഇതല്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പുതിയതായി ഒരു പത്രം പോലും മലയാളത്തിൽ തുടങ്ങി എന്ന് പറയാനാവില്ല. ഏറ്റവും അവസാനം പ്രസിദ്ധീകരണമാരംഭിച്ചത് മെട്രോ വാർത്തയും സുപ്രഭാതവും ആണ്. കലാകൗമുദി പത്രം തുടങ്ങിയെങ്കിലും അത് അച്ചടിച്ച് ഇറക്കുന്നുണ്ടോ എന്നു സംശയമാണ്. വർത്തമാനം, തേജസ് എന്നീ പത്രങ്ങളാണ് ഏറ്റവും അവസാനം പ്രസിദ്ധീകരണം നിറുത്തിയതെന്നാണ് ഓർമ. തേജസ് നിയമക്കുരുക്കിൽപെട്ടാണ് അച്ചടി അവസാനിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പല പത്രങ്ങളും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിലയിലെങ്കിലും ദിവസവും അച്ചടിക്കപ്പെടുന്നുണ്ട്. പക്ഷേ, ഇവയൊന്നും എബിസിയുടെ ഏഴയലത്തേക്കുപോലും പോകാറില്ല.
അച്ചടിമാധ്യമങ്ങളുടെ ജനപിന്തുണ അളക്കുന്ന രണ്ട് സംഗതികളും ഏകദേശം കൃത്യമായ കണക്കുകളുള്ള സംവിധാനങ്ങളാണ്. നിലവിൽ മലയാളത്തിൽ പത്തിലധികം പത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി എന്നീ പത്രങ്ങൾ മാത്രമാണ് എബിസിയിൽ അംഗത്വം എടുക്കുകയും നിലനിറുത്തുകയും ചെയ്തിട്ടുള്ളത്. അവരുടെ പ്രചാരത്തിന്റെ കണക്ക് എബിസിയിൽ ഇപ്പോഴും ഭദ്രമായുണ്ട്. ആറുമാസം കൂടുമ്പോഴാണ് ഈ കണക്കുകൾ എബിസി പ്രസിദ്ധീകരിക്കുക. എന്നാൽ അതിൽ വർധനവോ എടുത്തുപറയത്തക്ക നേട്ടങ്ങളോ അവകാശപ്പെടാനില്ലാത്തതിനാൽ സമീപകാലത്ത് മലയാള പത്രങ്ങളിൽ ആ കണക്കുകൾ പ്രസിദ്ധീകരിക്കപ്പെട്ടുകാണുന്നില്ല. പ്രത്യേകിച്ച് കോവിഡിനുശേഷം. ദേശാഭിമാനി ഇടയ്ക്ക് അൽപം നേട്ടമുണ്ടാക്കിയപ്പോൾ ഒന്നുരണ്ടുതവണ വാർത്ത വന്നതുമാത്രമാണ് അപവാദം. റീഡർഷിപ് സർവ്വേയുടെ കണക്ക് കുറേയേറെക്കാലമായി കേൾക്കുന്നതേയില്ല. അതിന്റെയർഥം പത്രങ്ങളുടെ സർക്കുലേഷനും വായനക്കാരുടെ എണ്ണവും കുറയുന്നുവെന്നതുതന്നെയാണ്.
അച്ചടിമാധ്യമങ്ങളേക്കാൾ കൂടുതൽ സെൻസേഷൻ സൃഷ്ടിക്കാനും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാനും അങ്ങനെ ആളുകളെ വഴിതെറ്റിക്കാനും തെറ്റിക്കാതിരിക്കാനും ചാനലുകൾക്ക് സാധിക്കുന്നുവെന്നതുകൊണ്ടാകും കൃത്യമായ കണക്കൊന്നുമില്ലെങ്കിലും മലയാളത്തിലിങ്ങനെ ചാനലുകൾ പൊട്ടിമുളയ്ക്കുന്നത്…
TC Rajesh Sindhu (ടീസി)
