അനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ പ്രകടിപ്പിക്കുന്നു.
അനുസരണ ശീലം മോശപ്പെട്ട ഒന്നായി കരുതുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും കനത്ത തിരിച്ചടിയായി അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻന്റെ (APA) പുതിയ പഠന റിപ്പോർട്ട് പുറത്തിറങ്ങി. അനുസരണശീലം കുറഞ്ഞ കുട്ടികളെ അപേക്ഷിച്ച് അനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ പ്രകടിപ്പിക്കുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കൾ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ ഉൾക്കൊള്ളുകയും പാലിക്കുകയും ചെയ്യുന്ന കുട്ടികൾ മുതിർന്നു കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസമുള്ളവരും വിജയികളും ആയിത്തീരുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
Parenting That Work എന്ന പേരിൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) 2025-ൽ പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നത്.
* ചുവടുവയ്പുകളിലെ കൃത്യത : രക്ഷിതാക്കളുടെ മാർഗ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാകുന്ന കുട്ടികളിൽ ലക്ഷ്യബോധത്തിനായുള്ള ശീലങ്ങൾ വളർന്നു വരാൻ എളുപ്പമാണെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇത് അവരുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തബോധം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൃത്യമായ അതിർവരമ്പുകൾ നിർണ്ണയിക്കുന്നതിൽ ഇവർ പ്രത്യേക മിടുക്ക് പ്രകടിപ്പിക്കും. സ്വാഭാവികമായും ഇക്കൂട്ടർക്ക് ലഭിക്കുന്ന മാതാപിതാക്കളുടെ പിന്തുണയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് കൂടുതലാക്കി മാറ്റുന്നു.
* ബന്ധങ്ങളിലെ വൈകാരികത : അനുസരണ കൈമുതലായ കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള വൈകാരിക ബന്ധം കൂടുതൽ ശക്തമാക്കുന്നു. ഈ സുരക്ഷിതബോധം കുട്ടികൾക്ക് ലോകത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാനുള്ള അടിത്തറ നൽകുന്നു. പരസ്പര വിശ്വാസത്തിലും ആശയവിനിമയത്തിലും അധിഷ്ഠിതമായ ഇത്തരം വളർച്ചാരീതികൾ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപോലെ ഗുണകരമാകുന്നു. അനുസരണ എന്നത് കേവലം ആജ്ഞാനുവർത്തി മനോഭാവമല്ലെന്നും മറിച്ച് മാതാപിതാക്കളുടെ അനുഭവപരിചയത്തെയും നിർദ്ദേശങ്ങളെയും ഉൾക്കൊള്ളാനുള്ള മനസ്സ് കാണിക്കുന്നതിലെ പാടവമാണെന്നും പഠനം വിലയിരുത്തുന്നു. ഈ ശീലമാണ് കുട്ടികളുടെ വളർച്ചയിൽ നിർണ്ണായകമാകുന്നത്. കൃത്യമായ സമയങ്ങളിൽ ലഭിക്കുന്ന ശരിയായ ഇത്തരം ശിക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് APA റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു…
Luka Molly Jose Edathil
