
ഫോർട്ടു കൊച്ചി-വൈപ്പിൻ റോറോ സർവീസിൽ കെടുകാര്യസ്ഥത
കൊച്ചി കോർപ്പറേഷന്റെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോൾ-ഓൺ റോൾ-ഓഫ് (റോ-റോ) ഫെറി സർവീസ് കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ ലാഭകരമാകുമെന്ന് കൊച്ചി കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
*കോർപ്പറേഷൻ്റെ നിസ്സഹായാവസ്ഥ*

റോറോയുടെ കാര്യത്തിൽ “പ്രവർത്തന, അറ്റകുറ്റപ്പണി ചെലവുകൾ താങ്ങാൻ കഴിയാത്തതിനാലും, പ്രത്യേകിച്ച് അടുത്ത മാസം മൂന്നാമത്തെ റോ-റോ സെറ്റ് കൂടി ഉൾപ്പെടുത്താൻ പോകുന്നതിനാലും, കോർപ്പറേഷന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തേണ്ടിവരും” എന്ന് കൊച്ചി മേയർ ശ്രീമതി മിനിമോൾ വ്യക്തമാക്കുന്നു. നിലവിലുള്ള രണ്ട് കപ്പലുകളുടെയും വാർഷിക ഡ്രൈ ഡോക്കിന് ₹4.50 കോടി ചെലവ് വരും. നിരക്കുകൾ കുറയ്ക്കാനുള്ള തങ്ങളുടെ അഭ്യർത്ഥന കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് നിരസിച്ചതായും മൂന്നാമത്തെ റോ-റോയും യാനങ്ങളുടെ മൂല്യത്തകർച്ചയും കണക്കിലെടുക്കുമ്പോൾ ചെലവ് ഇരട്ടിയാകുമെന്നും മേയർ പറയുന്നു.
*എന്താണ് ശാശ്വത പരിഹാരം?*
പ്രൈവറ്റ് പാർട്ടികളുടെ കൈയിലേക്ക് റോറോ സർവീസ് ഏല്പിച്ചുകൊടുക്കുന്നത് പൊതു ജനത്തോടു ചെയ്യുന്ന വൻദ്രോഹമായിരിക്കും എന്ന് ആദ്യമേ വ്യക്തമാക്കാതെ വയ്യാ. ഫോർട്ടു കൊച്ചി ഫെറി ബോട്ട് സർവീസ് പ്രൈവറ്റ് പാർട്ടിയുടെ കൈയിൽ ഏല്പിച്ചതിൻ്റെ ഫലമായിരുന്നു 2015ലെ ഫോർട്ടു കൊച്ചി ബോട്ടു ദുരന്തം.
നിലവിൽ റോറോ സർവീസ് നടത്തുന്ന കേരള ഷിപ്പിങ് ആൻഡ് ഇൻലാൻ്റ് നേവിഗേഷൻ കോർപ്പറേഷൻ്റെ (KSINC) നടത്തിപ്പുശൈലി തന്നെയാണ് പ്രശ്നമായിട്ടുള്ളത്. പഴയ ജങ്കാർ സർവീസിൻ്റെ കാലത്തെ നിരക്കുകൾ തന്നെയാണ് ഇപ്പോഴും ഉള്ളത്. ജങ്കാറുകൾക്ക് പ്രതിദിനം നൂറു ലിറ്റർ എണ്ണ മതിയായിരുന്നെങ്കിൽ, റോറോ സർവീസിന് 350 ലിറ്റർ എണ്ണ പ്രതിദിനം വേണ്ടിവരുന്നുണ്ട്. എണ്ണ വിലയിലും ഗണ്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്.

ഈ വസ്തുതകൾ നിലനില്ക്കുമ്പോൾത്തന്നെ, പരീക്ഷണാടിസ്ഥാനത്തിൽ കോർപ്പറേഷൻ നേരിട്ട് മൂന്ന് ദിവസം റോറോ ഫെറി സർവീസ് നടത്തിയപ്പോൾ പ്രതിദിനം 1.5 ലക്ഷം രൂപ വീതം വരുമാനം ലഭിച്ചു എന്ന യാഥാർത്ഥ്യവും കണ്മുമ്പിൽ തന്നെയുണ്ട്.
വരുമാനത്തിൻ്റെ കണക്കിൽ സുതാര്യത വരുത്താൻ നടത്തിപ്പുകാർക്ക് അത്ര ശുഷ്കാന്തി പോരാ എന്നു സംശയിക്കാൻ ഇടയാകും വിധമാണ് കാര്യങ്ങൾ! സാങ്കേതികവിദ്യയുടെയും കാഷ്ലെസ്സ് ഇക്കോണമിയുടെയും ഈ കാലഘട്ടത്തിൽ ഒരു ഗൂഗിൾ പേ സംവിധാനം ഒരുക്കാൻ പോലും KSINCക്കു കഴിഞ്ഞിട്ടില്ല.
ഫാ. ജോഷി മയ്യാറ്റിൽ
കടപ്പാട്: The Hindu ( April 18, 2026)
