മക്കളെത്ര വലുതായാലും അവരുടെ ഒരു ചുംബനം പല സമയങ്ങളിലും അച്ഛനും അമ്മയും ആഗ്രഹിക്കാറുണ്ട് , പക്ഷേ, നമ്മളതറിഞ്ഞ് കൊടുക്കേണ്ടത് തന്നെയാണ്

Share News

ആദ്യമായിട്ടാണ് ഇന്നലെ ഞാനെൻ്റെ അച്ഛനെ ചുംബിക്കുന്നത്,,

ഇത് കേട്ട് ചിലർക്കൊക്കെ ആശ്ചര്യം തോന്നാം, കാരണം, നിങ്ങളിൽ പലരും

പണ്ട് മുതലേ അച്ഛനേയും അമ്മയേയും

ചുംബിക്കുന്നവരാവാം

പക്ഷേ എൻ്റെ കാര്യം അങ്ങനെ ആയിരുന്നില്ല

കർക്കശക്കാരനായ അച്ഛൻ,ചെറുപ്പം മുതലേ എന്നെ കൂട്ടിലടച്ചിട്ട കിളിയെ പോലെയാണ് വളർത്തിയിരുന്നത് ,

പ്ളസ്ടു വരെ അച്ഛൻ്റെ ചൊല്പടിക്ക് തന്നെയാണ് ഞാൻ ജീവിച്ചത്, വീട്ടിലൊരു ബൈക്ക് പോലുമിലാതിരുന്നിട്ടും,പതിനെട്ടാം വയസ്സിൽ ,എന്നെകൊണ്ട് നിർബന്ധിച്ച് ഡ്രൈവിംഗ് ലൈസൻസ് എടുപ്പിച്ചു.

ഇതിനിടയ്ക്ക് പ്ളസ് ടുവിൻ്റെ

റിസൾട്ട് വന്നപ്പോൾ 85% മാർക്ക് എനിക്കുണ്ടായിരുന്നു, അന്ന് രാത്രി അച്ഛൻ മുറിയിലേയ്ക്ക് വിളിച്ചിട്ട് എന്നോടൊരു കാര്യം ചോദിച്ചു

എന്താ നിൻ്റെ നെക്സ്റ്റ് പ്ളാൻ ?

ഏത് കോഴ്‌സ് വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള മാർക്ക് നിനക്ക് കിട്ടിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞു , അത് കൊണ്ട് ഇഷ്‌ടമുള്ളതെന്തും നിനക്ക് തിരഞ്ഞെടുക്കാം, നല്ലവണ്ണം ആലോചിച്ചിട്ട് നാളെ രാവിലെ ഒരു മറുപടി പറഞ്ഞാലും മതി , ഇപ്പോൾ നീ പോയി കിടന്നോളു

ആദ്യമായാണ് അച്ഛനെന്നോട് അങ്ങനൊരു അഭിപ്രായം ചോദിക്കുന്നത് ? എനിക്കത് കേട്ടിട്ട് സന്തോഷമടക്കാനായില്ല

ഞാൻ തിരിഞ്ഞ് എൻ്റെ മുറിയിലേയ്ക്ക് നടക്കാനൊരുങ്ങിയപ്പോൾ അച്ഛൻ ഒരു കാര്യം കൂടി പറഞ്ഞു

ഏറ്റവും നല്ലത് ,മെഡിക്കൽ ഫീൾഡ് തന്നെയാണ്, സമൂഹത്തിൽ കുറച്ച് നിലയും വിലയുമുണ്ടാകും ,ഇപ്പോഴാണെങ്കിൽ അതിനുള്ള സെൻ്ററുകൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്, മാത്രമല്ല ആൻ്റിമാരൊക്കെ

UKയിലുള്ളത് കൊണ്ട് , നിനക്കവിടൊരു ജോലി തരപ്പെടുത്താൻ അവർക്ക് കഴിയും, അതല്ലെങ്കിൽ പാപ്പൻ്റെയൊപ്പം ജർമ്മനിയിൽ ജോലി നോക്കാവുന്നതേയുളളു , അതിന് നല്ലത് നഴ്സിങ്ങാണ്, ഒപ്പം ജർമ്മൻ ഭാഷ കൂടെ പഠിച്ചാൽ മതിയല്ലോ ?

അച്ഛൻ പറഞ്ഞത് കേട്ട് അത് വരെ ഉണ്ടായിരുന്ന എൻ്റെ സന്തോഷമെല്ലാം എങ്ങോട്ടോ പോയി

പിന്നെയാണെനിയ്ക്ക് മനസ്സിലായത് അമ്മയുടെ നിർബന്ധം കൊണ്ട് മാത്രമാണ് എൻ്റെ കൂടെ അഭിപ്രായം ആരായാൻ അച്ഛൻ തുനിഞ്ഞതെന്ന്

ഞാൻ നഴ്സാകുന്നതായിരുന്നു ,

അച്ഛന് ഏറ്റവുമിഷ്ടം ,എന്നിട്ട് എന്നെ ജർമ്മനിക്ക് അയക്കാനും,

പിറ്റേന്ന് രാവിലെ എൻ്റെ അഭിപ്രായം അറിയാൻ കാത്തിരുന്ന അച്ഛനോട് ,

ഞാൻ നഴ്സിങ്ങ് പഠിച്ചോളാമെന്ന്

മനസില്ലാ മനസ്സോടെ പറഞ്ഞു.

മാസങ്ങളും വർഷങ്ങളും കടന്ന് പോയി, അച്ഛൻ്റെ ആഗ്രപ്രകാരം ഞാൻ പഠനം പൂർത്തിയാക്കിയപ്പോഴേക്കും ജർമ്മനിയിലേയ്ക്കുള്ള ജോബ് വിസ

പാപ്പൻ ശരിയാക്കിയിരുന്നു.

നാടും വീടും അമ്മയെയുമൊക്കെ വിട്ട് പിരിഞ്ഞ്, ജർമ്മനിയിൽ പോകാൻ എനിയ്ക്ക് തീരെ താല്പര്യമില്ലായിരുന്നു

എന്നിട്ടും എവിടുന്നൊക്കെയോ കാശ് സംഘടിപ്പിച്ച് അച്ഛൻ എന്നെ നാട് കടത്താൻ വാശി പിടിച്ചു

നിരാശയോടെ വീട്ടിൽ നിന്നിറങ്ങിയ ഞാൻ എയർപോർട്ട് വരെ ആരോടും മിണ്ടിയില്ല

പക്ഷെ, ചെക്കിൻ ചെയ്ത് ബോഡിങ്ങ് പാസ്സിനായി അകത്തേയ്ക്ക് പോകുന്നതിന് മുൻപ് ,ഞാൻ അമ്മയെ കെട്ടിപിടിച്ച് ചുംബിച്ചു, അപ്പോൾ അമ്മ കരഞ്ഞു, എനിയ്ക്കും കരച്ചിൽ വന്നെങ്കിലും

ഞാൻ സമയമനം പാലിച്ചു.

ശേഷം ,പാസ്പോർട്ടും ടിക്കറ്റും കൈയ്യിൽ പിടിച്ചിട്ട്, ട്രോളി ബാഗെടുക്കാൻ കുനിഞ്ഞപ്പോഴാണ് ,അച്ഛൻ ചോദിക്കുന്നത്.

മോനേ,, അച്ഛന് മുത്തം തരുന്നില്ലേടാ , എന്ന്

എനിയ്ക്കത് കേട്ടപ്പോൾ, അച്ഛനോട്

കടുത്ത അമർഷമാണ് തോന്നിയത്,

കാരണം അച്ഛൻ കാരണമാണല്ലൊ നാടും വീടും വിട്ട് ഞാൻ വിദേശത്തേയ്ക്ക് പോകേണ്ടി വന്നത്

അച്ഛൻ്റെ ചോദ്യം കേൾക്കാത്തമട്ടിൽ

ട്രോളി ബാഗും വലിച്ച് കൊണ്ട് ഞാൻ അകത്തേയ്ക്ക് പോയി

അങ്ങനെ ഞാൻ ജർമ്മനിയിലെത്തി ജോലിയ്ക്ക് കയറി, ഇടയ്ക്ക് അമ്മയെ വിളിക്കുകയും നാട്ടിലെ വിശേഷങ്ങളൊക്കെ തിരക്കുകയും ചെയ്യുമെങ്കിലും ഒരിക്കൽ പോലും അച്ഛനെക്കുറിച്ച് ഞാൻ അമ്മയോട് ചോദിച്ചിട്ടില്ല

മാസങ്ങൾ പിന്നെയും കടന്ന് പോയി

ഒരു ദിവസം അർദ്ധരാത്രി എനിക്കൊരു കോള് വന്നു ലീവിന് നാട്ടിൽ പോയ പാപ്പനായിരുന്നത്

മോനെ നീ എത്രയും വേഗം നാട്ടിലേയ്ക്ക് ടിക്കറ്റെടുത്ത് കയറിവാ , അച്ഛന് ഇത്തിരി സീരിയസ്സാണെന്ന്

അത് കേട്ട് ഞാൻ നിർച്ചികാരതയോടെ അല്പനേരം മിണ്ടാതിരുന്നു

എടാ ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ?

വീണ്ടും അക്ഷമയോടെയുള്ള പാപ്പൻ്റെ ചോദ്യം കേട്ട് ഞാനൊന്ന് മൂളി.

പാപ്പൻ പറഞ്ഞാൽ പിന്നെ എനിയ്ക്ക് പോകാതിരിക്കാൻ കഴിയില്ലായിരുന്നു

അങ്ങനെയാണ് ഞാൻ നാട്ടിലേയ്ക്ക് തിരിച്ചത് എയർ പോർട്ടിൽ എന്നെ കൂടിക്കൊണ്ട് പോകാൻ ആരുമില്ലാതിരുന്നത് കൊണ്ട് ടാക്സി പിടിച്ചാണ് ഞാൻ വീട്ടിലെത്തിയത്

ദൂരെ നിന്നേ ആൾക്കൂട്ടം കണ്ടപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം എനിയ്ക്ക് മനസ്സിലായത് , അച്‌ഛൻ മരിച്ചിരിക്കുന്നു

ആ സത്യം തിരിച്ചറിഞ്ഞിട്ട് പോലും എൻ്റെ മനസ്സിൽ യാതൊരു വിഷമവും തോന്നാതിരുന്നത് അത്രയും പ്രായത്തിനുള്ളിൽ അച്ഛനോട് സ്‌നേഹം തോന്നാനുള്ളതൊന്നും എൻ്റെ അനുഭവത്തിൽ ഇല്ലാത്തത് കൊണ്ടായിരുന്നു

പക്ഷേ, അവസാനമായി അച്ഛനെ വൃത്തിയാക്കി വസ്ത്രങ്ങളണിയിക്കുന്നതിന് മുമ്പാണ്, കൂട് കെട്ടിയ നെഞ്ചിന് താഴെ ഒട്ടിയ വയറിന് ഇടത് വശത്തായി ആ വലിയ തുന്നിക്കെട്ടിൻ്റെ പാട് ഞാൻ കാണുന്നത് ?

പാപ്പാ ,, ഇതെന്താ പറ്റിയത് ? അച്ഛനെങ്ങനെയാ മരിച്ചത് ?

അസരപ്പോടെയാണ് ഞാൻ

പാപ്പനോടത് ചോദിച്ചത്

അത് പിന്നേ , കുറച്ച് മാസങ്ങൾക്ക്

മുമ്പ് ,അച്ഛൻ ഒരാൾക്ക് കിഡ്നി കൊടുത്തായിരുന്നു, അതിൻ്റെ സർജറിയുടെ പാടാണ് , വിശ്രമവും, ശരിയായ പരിചരണവും വേണമെന്ന് ഡോക്‌ടർ പറഞ്ഞതായിരുന്നു, പക്ഷേ ,

നിൻ്റെ അച്ഛന് വെറുതെയിരുന്ന് ശീലമില്ലല്ലോ? അങ്ങനെ

സ്വന്തം ശരീരം നോക്കാതെ കുടുംബത്തിന് വേണ്ടി ജീവിച്ചത് കൊണ്ടാണ് ,അച്ഛന് ജീവൻ നഷ്ടപ്പെട്ടത്

ഒരു വിതുമ്പലോടെ പാപ്പനത് പറഞ്ഞപ്പോൾ എനിയ്ക്കും സങ്കടം വന്നു

അല്ല പാപ്പാ , അച്ചൻ, കിഡ്നി ആർക്കെങ്കിലും ദാനം ചെയ്തതാണോ ?

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു

അല്ല മേനേ,, നിന്നെ പഠിപ്പിക്കാനും ജർഡ്നിയിലേക്ക് അയക്കാനുമൊക്കെ അച്ഛൻ പലരോടും കടം വാങ്ങിയിരുന്നു,

നിൻ്റെ ശമ്പളം കിട്ടുമ്പോൾ തിരിച്ച് കൊടുക്കാമെന്ന പ്രതീകയിൽ പലിശയ്ക്ക് വാങ്ങിയ വായ്പയായിരുന്നത് , നീ പോയിട്ട് ഇത്ര നാളായിട്ടും ഒന്നും തന്നെ നാട്ടിലേക്ക്

അയച്ച് കൊടുക്കാതെ വന്നപ്പോൾ കടക്കാര് ബഹളം വച്ച് തുടങ്ങി, അങ്ങനെ മറ്റ് വഴിയില്ലാതെയാണ് ,ഒരു സ്വകാര്യ ഹോസ്പിറ്റലുകാർക്ക് ,അഞ്ച് ലക്ഷം രൂപയ്ക്ക് അച്ഛൻ ,കിഡ്നി കൊടുത്തത്, നീ വിഷമിക്കുമെന്ന് കരുതി , നിന്നെ ഒരിക്കലും ഇതറിയിക്കരുതെന്ന് ,അമ്മയോട് അച്ഛൻ ചട്ടം കെട്ടിയിരുന്നു ,

പാപ്പൻ പറഞ്ഞത് കേട്ട്, ഞാൻ സ്തബ്ധനായി പോയി, ശരിയാണ്, മാസം അമ്മയ്ക്ക് എന്തേലും ചില്ലറ അയച്ച് കൊടുക്കുന്നല്ലാതെ ,അച്ഛന് ഞാൻ പത്ത് പൈസ അയച്ചിട്ടില്ലായിരുന്നു , ഒരിക്കൽ പോലും കാശ് വേണമെന്ന് പറഞ്ഞ്, അച്ഛനോ അമ്മയോ എന്നെ വിളിച്ചിട്ടുമില്ല ,

പാപ്പാ, അഞ്ച് ലക്ഷം രൂപയെന്ന് പറയുന്നത്, എൻ്റെ മൂന്ന് മാസത്തെ ശമ്പളം മതിയാരുന്നല്ലോ ? എന്നിട്ടെന്താണ് പാപ്പാ അച്ഛൻ എന്നോടൊരു വാക്ക് ചോദിക്കാഞ്ഞത് ?

ഞാൻ തേങ്ങലോടെ പാപ്പനോട് ചോദിച്ചു

“”

മോനേ, മക്കളെ വിദേശത്ത് വിട്ടിട്ട് ആ വരുമാനം പ്രതീക്ഷിച്ചിരിക്കുന്ന ഒരുപാട് അപ്പൻമാരുണ്ടാവും ,പക്ഷേ നിൻ്റെ അച്ഛൻ അങ്ങനെയല്ലായിരുന്നു ,നിന്നെ പഠിപ്പിച്ചതും, ഒരു നല്ല ജോലി നേടി തന്നതും, ഒരിക്കലും അങ്ങേർക്ക് വേണ്ടി അല്ലായിരുന്നു, ഭാവിയിൽ നിനക്ക് നല്ലൊരു ജീവിത മാർഗ്ഗമുണ്ടാകാൻ വേണ്ടി മാത്രമായിരുന്നു,

നിനക്കറിയാമോ ? ഇത്രയും സമ്പത്തുള്ള എന്നോട് പോലും, നിൻ്റെ അപ്പൻ പത്ത് പൈസയുടെ സഹായം ചോദിച്ചിട്ടില്ല, നിൻ്റെ അച്‌ഛനൊരു അഭിമാനിയായിരുന്നെടാ ,

താൻ ആരുടെ മുന്നിലും കൈനീട്ടാത്തത് കൊണ്ട് ,തൻ്റെ മകനും അങ്ങനെ തന്നെ ആവണമെന്ന് ഏട്ടായിക്ക് നിർബന്ധമുണ്ടായിരുന്നു,,

പാപ്പൻ്റെ കണ്ണുകളിൽ നിന്നും ആശ്രുകണങ്ങൾ പൊഴിഞ്ഞ് വീണു

പക്ഷേ അപ്പോഴും മരവിച്ച് പോയ എൻ്റെ കണ്ണുകളിൽ അടരാൻ വയ്യാതെ കണ്ണീരുറഞ്ഞ് നിന്നു.

കുറ്റബോധത്തോടെ അച്ഛൻ്റെ മരവിച്ച

വലത് കൈയ്യിൽ ഞാൻ തെരികെ പിടിച്ചു,

ഒട്ടും മാർദ്ദവമില്ലാത്ത തഴമ്പുള്ള കൈപ്പത്തിയും , വെയില് കൊണ്ട് കരിഞ്ഞ് പോയ അച്ഛൻ്റെ ഒട്ടിയ കവിളും , എൻ്റെ കരളലിയിച്ചു.

മാസങ്ങൾക്ക് മുമ്പ് , എയർ പോർട്ടിൽ വച്ച്, എന്നോട് മുത്തം ചോദിച്ച് പ്രതീക്ഷയോടെ എന്നെ നോക്കിയ, ആ അടഞ്ഞ കണ്ണുകൾ തുറക്കാൻ ,ഞാൻ വൃഥാ ശ്രമിച്ചു,

ഒടുവിൽ പരാജിതനായി പോയ ഞാൻ, അച്ഛൻ്റെ മുഖത്തും , നെറ്റിയിലും, നെഞ്ചത്തു മൊക്കെ, തുരുതുരെ ഉമ്മ വച്ചു.

വൈകി മാത്രം കിട്ടിയ എൻ്റെ ചുംബനം അച്ഛന് കിട്ടിക്കാണുമോ ആവോ ?

NB:- മക്കളെത്ര വലുതായാലും അവരുടെ ഒരു ചുംബനം പല സമയങ്ങളിലും അച്ഛനും അമ്മയും ആഗ്രഹിക്കാറുണ്ട് , ചിലപ്പോൾ തന്നെക്കാൾ വളർന്ന മക്കൾക്ക്, എന്ത് തോന്നുമെന്ന് കരുതി ,അവരത് ചോദിക്കാറില്ല, പക്ഷേ, നമ്മളതറിഞ്ഞ് കൊടുക്കേണ്ടത് തന്നെയാണ് ,

തൈപ്പറമ്പൻ .

Share News