
വ്യാജരേഖ നിർമാണത്തിനു പിന്നിൽഇനിയും പ്രതികളുണ്ടോ ?മാത്യൂ ചെമ്പുകണ്ടത്തിൽ
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജ രേഖകൾ സൃഷ്ടിച്ച കേസിൻ്റെ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അൽമായ സംഘടന MTNS (മാർ തോമാ നസ്രാണി സംഘം) രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ് 22ന് ശനിയാഴ്ച രാവിലെ 10 ന് എറണാകുളം കളക്ടറേറ്റിന് മുന്നിൽ സംഘടന ധർണ നടത്തും.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ തുടങ്ങുവാനിരിക്കുന്ന വ്യാജരേഖ കേസിൽ, രണ്ടാം പ്രതിയായ ഫാ. പോൾ തേലക്കാട് തനിക്കു വിചാരണ നേരിടുവാൻ “പ്രൊഫ. ഇഞ്ചിയോടി കമ്മീഷൻ റിപ്പോർട്ട്” കൂടിയേ തീരൂ എന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി വ്യാജരേഖ കേസിൻ്റെ തുടർനടപടികൾക്കു സ്റ്റേ നൽകിയിരുന്നു. എന്നാൽ ഈ ക്രിമിനൽ കേസിൽ വിചാരണ നേരിടാൻ പ്രൊഫ. ഇഞ്ചിയോടി കമ്മീഷൻ റിപ്പോർട്ട് ആവശ്യമില്ലെന്നും സ്റ്റേ മാറ്റിയെടുക്കാൻ സർക്കാർ ഇടപെടണം എന്നുമാവശ്യപ്പെട്ടാണ് MTNS ആഭ്യന്തര മന്ത്രിക്കു പരാതി നൽകിയതും ഇപ്പോൾ ധർണ നടത്തുന്നതും.
വിചാരണ നേരിടുവാൻ “പ്രൊഫ. ഇഞ്ചിയോടി കമ്മീഷൻ റിപ്പോർട്ട്” കൂടിയേ തീരൂ എന്ന ആവശ്യം നേരത്തേ പ്രതികൾ മജിസ്ട്രേറ്റ് കോടതിയിൽ ഉയർത്തിയപ്പോൾ പ്രൊഫ. ഇഞ്ചിയോടിയുടെ റിപ്പോർട്ട് വിചാരണക്ക് ആവശ്യമില്ലെന്നും, പ്രോസീക്യൂഷൻ ഇതിൽ നിന്ന് യാതൊരു ചോദ്യങ്ങളും സാക്ഷികളോടോ പ്രതികളോടോ ചോദിക്കില്ലെന്നും സ്പെഷ്യൽ പ്രോസിക്കൂട്ടർ ഉറപ്പു നൽകിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഫാ. തേലക്കാടന്റെ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ടിയാൻ ഹൈക്കോടതിയെ സമീപിച്ചതും സ്റ്റേ നേടിയതും. രണ്ടു വർഷം മുമ്പ് ഈ കേസിലെ മൂന്നാം പ്രതിയായ ഫാ. ബെന്നി മാരാംപറബിൽ ഇതേ ആവശ്യം ഉന്നയിച്ചു ഹൈകോടതിയിൽ നിന്ന് സ്റ്റേ വാങ്ങുന്നതിനു ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഈ ഹർജി പിൻവലിക്കുകയായിരുന്നു.
എന്താണ് “ഇഞ്ചിയോടി
കമ്മീഷൻ റിപ്പോർട്ട്” ?
എറണാകുളം അങ്കമാലി അതിരൂപതയിൽ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നപ്പോൾ പഠിച്ചു റിപ്പോർട്ടു നൽകാൻ പ്രഫസർ ഇഞ്ചിയോടി അധ്യക്ഷനായുള്ള ഒരു കമ്മീഷനെ റോം നിയോഗിച്ചിരുന്നു. അതിരൂപതയുടെ അന്നത്തെ അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടത്തു വഴി റോമിൻ്റെ മേൽനോട്ടത്തിലാണ് ഈ കമ്മീഷൻ പ്രവർത്തിച്ചത്. ഈ കമ്മീഷൻ രേഖകൾ മറ്റാർക്കും വായിക്കാൻ അനുവാദമില്ലായിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സഭാ കോടതിയായ ”അപ്പൊസ്തൊലിക് സിഞ്ഞത്തൂര” (The Supreme Tribunal of the Apostolic Signatura) മാർ ആലഞ്ചേരി ഭൂമിയിടപാടിൽ കുറ്റക്കാരനല്ല എന്നു പ്രഖ്യാപിച്ചത്.
വ്യാജരേഖ കേസ് അന്വേഷിച്ച കേരളാ പോലീസ് സംഘം പ്രൊഫ. ഇഞ്ചിയോടിയോടു റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തരുത് എന്ന് തനിക്കു സഭാതലത്തിൽ നിർദേശം ഉണ്ടെന്നും, ആയതിനാൽ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കുവാൻ തന്നെ അനുവദിക്കണം എന്നുമാവശ്യപ്പെട്ട് അന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യത്തിന് മാത്രം റിപ്പോർട്ട് പോലീസിന് വായിച്ചു പഠിക്കുവാൻ കൈമാറണമെന്നും, എന്നാൽ പോലീസ് റിപ്പോർട്ടിന്റെ കോപ്പി എടുക്കുവാനോ പകർപ്പ് സൂക്ഷിക്കാനോ പാടില്ല എന്നും ഹൈക്കോടതി കർശനനിർദേശം നൽകിയിരുന്നു.
സഭയുടെ നിലപാടുകൾ തിരിച്ചറിഞ്ഞു
പ്രതികളുടെ നിർബന്ധബുദ്ധി !
റോം നേരിട്ട് ആവശ്യപ്പെട്ട് തയ്യാറാക്കുന്ന ഇത്തരം സ്വകാര്യ റിപ്പോർട്ടുകൾ പുറത്തു വിടാറില്ല. പരസ്യപ്പെടുത്തിയാൽ തന്നെ അതു ചിലപ്പോൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടായിരിക്കും. ഈ വസ്തുതകളെല്ലാം തിരിച്ചറിഞ്ഞാണ് വ്യാജരേഖ കേസിലെ പ്രതികൾ ഇതു ലഭിച്ചിട്ടു മാത്രമേ വിചാരണ പാടുള്ളൂ എന്ന നിർബന്ധബുദ്ധി പ്രയോഗിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ ഈ ക്രിമിനൽ കേസ് എങ്ങും എത്താതെ പോവുകയും വ്യാജരേഖ കേസിൻ്റെ വിചാരണ ഒരിക്കലും നടക്കുകയും ഇല്ല. തൽഫലമായി പ്രതികൾ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച മാർ ജോർജ് ആലഞ്ചേരിക്കു നീതി ലഭിക്കില്ല. ഈ തിരിച്ചറിവിലാണ് MTNS സമരമുറകളുമായി രംഗത്തു വന്നിരിക്കുന്നത്.
വ്യാജരേഖ കേസിലെ പ്രതികൾക്കു ഹൈക്കോടതി നൽകിയ സ്റ്റേ വെക്കേറ്റ് ചെയ്യുവാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് സീറോ മലബാർ സിനഡിനോടും MTNS ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാജരേഖ നിർമാണത്തിനു പിന്നിൽ
ഇനിയും പ്രതികളുണ്ടോ ?
നിലവിൽ വിചാരണ നേരിടുന്ന പ്രതികൾക്ക് ഒരിക്കലും നിർമ്മിക്കാൻ സാധ്യമല്ലാത്ത വിധം സങ്കീർണമായ രേഖകളാണ് ഇവർ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഈ രേഖകൾ സാമ്പത്തിക രംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധർക്ക് മാത്രം നിർമ്മിക്കുവാൻ കഴിയുന്നവയാണ്. അതിനാൽ അതിനു പിന്നിൽ പ്രവർത്തിച്ച മറ്റു വ്യക്തികളിലേക്കും അന്വേഷണം നടത്തണമെന്നും ആഭ്യന്തര മന്ത്രിക്കു നൽകിയ നിവേദനത്തിൽ MTNS ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാ ജോഷി പുതുവയുടെ തുറന്നുപറച്ചിൽ
എന്തുകൊണ്ട് വിസ്മരിച്ചു ?
വ്യാജരേഖ കേസിലെ മൂന്നാം പ്രതിയായ ഫാ. ബെന്നി മാരാംപറംമ്പിലിന്റെ നേതൃത്വത്തിൽ ഭൂമി വിവാദത്തെപ്പറ്റി ആദ്യം അന്വേഷിച്ച കമ്മീഷനു മുൻപാകെ അതിരൂപതയിലെ അന്നത്തെ പ്രോക്യൂറേറ്റർ ആയിരുന്ന ഫാ. ജോഷി പുതുവ വിശദീകരണം നൽകിയിരുന്നു. ആ റിപ്പോർട്ടിൽ ഫാ പുതുവാ പറയുന്നത് “മാർ ജോർജ് ആലഞ്ചേരി പിതാവ്, പ്രോക്യൂറേറ്റർ ആയ തന്നെ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട്, ഭൂമി വിൽപ്പനയുമായി താൻ നൽകിയ ബന്ധപ്പെട്ട ദീർഘമായ രേഖകളിൽ ഒപ്പിട്ടു നൽകിയെന്നും, സ്ഥലം വിൽപ്പനയിൽ പിതാവ് നേരിട്ട് ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും” ആയിരുന്നു. ഫാ പുതുവയുടെ ഈ വെളിപ്പെടുത്തൽ എങ്ങും ചർച്ചയായില്ല (കോപ്പി കമൻ്റ് ബോക്സിൽ)
സത്യത്തോട് അല്പമെങ്കിലും കടപ്പാടുണ്ടായിരുന്നെങ്കിൽ ഫാ. ബെന്നി മാരാംപറംമ്പിൽ വസ്തുതകൾ മനസ്സിലാക്കി, സഭയിൽ ഒരിക്കലും സംഭവിക്കുവാൻ പാടില്ലാത്ത വൈദീകലഹളയ്ക്ക് പശ്ചാത്തലം ഒരുക്കില്ലായിരുന്നു. ഭൂമി വിൽപ്പനയെ സംബന്ധിച്ച അന്വേഷണത്തിന് തീരുമാനം എടുത്ത വൈദീക സമിതി യോഗത്തിൽ ആലഞ്ചേരി പിതാവിനെതിരെ ഏറ്റവും രൂക്ഷമായി സംസാരിച്ച ഫാ. ബെന്നിയോട്, “എന്നാൽ ബെന്നി അച്ഛൻ തന്നെ ഇത് അന്വേഷിക്ക്” എന്ന് പിതാവ് പറഞ്ഞത്, അദ്ദേഹം നിഷ്കളങ്കൻ ആയതുകൊണ്ടും, തന്റെ കൈകൾ പരിശുദ്ധമാണെന്ന് ഉറപ്പുള്ളതുകൊണ്ടും ആയിരിക്കും. എന്നാൽ, എന്ത് വേണമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്ന ഫാ. ബെന്നി, സത്യസന്ധനായ സഭാതലവനെ കുരിതി കൊടുക്കുവാനുള്ള അവസരമാക്കി കമ്മീഷൻ സ്ഥാനത്തെ മാറ്റി. അതുവഴി, സീറോ മലബാർ സഭ പൊതുസമൂഹത്തിന്റെ മുമ്പിൽ അപഹാസിതയാവുകയും, സഭയിൽ പുരോഹിതർക്കും മെത്രന്മാർക്കും വിലയില്ലാതാവുകയും ചെയ്തു.
ഇഞ്ചിയോടി കമ്മീഷൻ റിപ്പോർട്ട് പഠിച്ചു വിലയിരുത്തിയ വത്തിക്കാൻ, പിന്നീട് ആലഞ്ചേരി പിതാവിന് അതിരൂപതയുടെ ഭരണനിർവ്വഹണ ചുമതല തിരികെ നൽകുകയും സഹായ മെത്രാന്മാരെ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു.
മാത്യൂ ചെമ്പുകണ്ടത്തിൽ
