
മനഃസാക്ഷിക്കുത്തില്ലാതെ ക്രൈസ്തവർക്ക്ഓണം ആഘോഷിക്കാൻ കഴിയുമോ ?|മാത്യൂ ചെമ്പുകണ്ടത്തിൽ
മാത്യൂ ചെമ്പുകണ്ടത്തിൽ
ഗ്രീക്ക് – റോമൻ ഇതിഹാസങ്ങളിൽ പ്രകൃതിയിലെ ഋതുപരിണാമങ്ങളെയും കൊയ്ത്തുത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പ്രശസ്തമായ ഒരു കഥയുണ്ട്. കൃഷിയുടെയും ഫലസമൃദ്ധിയുടെയും ദേവിയായ ഡെമീറ്ററും മകൾ പെർസിഫോണുമാണ് ഇതിലെ കഥാപാത്രങ്ങൾ.
പാതാളത്തിന്റെ ദൈവമായ ഹേഡീസ് ഒരു ദിവസം പെർസിഫോണിനെ തട്ടിക്കൊണ്ടുപോയി. മകൾ നഷ്ടപ്പെട്ടതിൽ ദുഃഖിതയായ ഡെമീറ്ററിനു ഹേഡിസിനോടുള്ള കോപം നിയന്ത്രണാതീതമായി. അവൾ മഞ്ഞുകാലത്തെ വിളിച്ചുവരുത്തി; വൃക്ഷങ്ങളിൽനിന്ന് ഇലകൾ പൊഴിച്ചുകളഞ്ഞു, സസ്യലതാദികളെല്ലാം അതിശൈത്യത്തിൽ വരണ്ടുണങ്ങി. കൊടുംതണുപ്പിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കഷ്ടത്തിലായി.
ഡെമീറ്ററിന്റെ ക്രോധം മൂലം ഭൂമിയിലുണ്ടായ നാശനഷ്ടങ്ങൾ കണ്ട ഹേഡീസ് ഒടുവിൽ ഒരു ഒത്തുതീർപ്പിന് തയ്യാറായി. പെർസിഫോണിനു വർഷത്തിൽ ആറുമാസം അമ്മയോടൊപ്പം ഭൂമിയിലും, ബാക്കി ആറുമാസം തന്നോടൊപ്പം പാതാളത്തിലും ജീവിക്കണം എന്നതായിരുന്നു വ്യവസ്ഥ. ഡെമീറ്റർ ഇതു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. മകൾ തിരികെയെത്തിയ ആഹ്ലാദത്തിൽ ഡെമീറ്റർ ദേവി ഭൂമിയിലേക്ക് വസന്തത്തെ ക്ഷണിച്ചു. വസന്തം വന്നു, സസ്യലതാദികൾ തളിർത്തു, കർഷകർ വീണ്ടും വിത്തു വിതച്ചു, വിളകളെല്ലാം നൂറുമേനി ഫലം നൽകി. ഫലങ്ങൾ ശേഖരിച്ച് ജനങ്ങൾ ഉത്സവങ്ങൾ കൊണ്ടാടി, എങ്ങും ആഹ്ലാദം തിരതല്ലി.
ആറുമാസത്തിനു ശേഷം മകൾ പാതാളത്തിലേക്കു മടങ്ങാൻ സമയമായപ്പോൾ ഡെമീറ്റർ വീണ്ടും ദുഃഖിതയായി. അവൾ വസന്തത്തെ മടക്കിയയക്കുകയും കൊടുംതണുപ്പിനെ വിളിച്ചു വരുത്തുകയം ചെയ്തു. ഈ സംഭവം ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. പെർസിഫോണിൻ്റെ ആഗമനം വിളിച്ചറിയിച്ചു വസന്തം വരുമ്പോൾ യവനദേശത്ത് ആഘോഷം അലതല്ലും
****
ഇംഗ്ലീഷ് നാടോടിപ്പാട്ടുകളിൽ ഏറെ പ്രശസ്തമായ ഒരു കഥാപാത്രമാണ് ‘ജോൺ ബാർലികോൺ’ (John Barleycorn) ‘ബാർലി’ എന്ന ധാന്യത്തെ ജീവനുള്ള ഒരു മനുഷ്യനായി സങ്കൽപ്പിച്ചാണ് ആരോ പുരാതനകാലത്ത് ഈ ഗാനം രചിച്ചത്. ശത്രുക്കൾ ജോൺ ബാർലികോണിനെ കൊലപ്പെടുത്തി ഉഴുതുമറിച്ച മണ്ണിൽ കുഴിച്ചുമൂടി. എന്നാൽ വസന്തകാലത്തെ മഴയും വെയിലുമേറ്റ് അവൻ പുനർജനിച്ചു. ശത്രുക്കൾ നശിപ്പിക്കാൻ നോക്കിയെങ്കിലും അവൻ ഒരു വീരയോദ്ധാവിനെപ്പോലെ വയലിൽ തലയുയർത്തി നിന്നു.
ബാർലികോൺ വളർന്നപ്പോൾ ശത്രുക്കൾ അരിവാളുമായി വന്ന് അവനെ ചുവടോടെ വെട്ടിയെടുത്തു. ധാന്യമണികൾ വേർപെടുത്തി യന്ത്രക്കല്ലിൽ പൊടിച്ചു. ശത്രുക്കളുടെ ക്രൂരതകൾ ഒന്നൊന്നായി നേരിട്ടു പൊടിഞ്ഞു തകർന്നെങ്കിലും ജോൺ ബാർലികോൺ തോറ്റുകൊടുക്കാൻ തയ്യാറല്ല. അവനെ പൊടിച്ചു ജനങ്ങൾ അപ്പം ഉണ്ടാക്കിയപ്പോൾ അവൻ അവർക്ക് ആരോഗ്യവും സംതൃപ്തിയും നൽകി; അവന്റെ ജീവരസത്തിൽ നിന്നു ചിലർ ബിയറും വിസ്കിയും ഉണ്ടാക്കി, കുടിച്ചവർക്കെല്ലാം അവൻ ആനന്ദവും ധൈര്യവും നൽകി.
കൊയ്ത്തുത്സവങ്ങളും
ഐതിഹ്യങ്ങളും
മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ് വിതയും കൊയ്ത്തും. മനുഷ്യനും മണ്ണും കൃഷിയും തമ്മിലുള്ള കൂട്ടുകെട്ട് മാനവസംസ്കാരത്തിന്റെ വളർച്ചയോടൊപ്പം ശക്തമായി മുന്നേറി. ഭൂമിയിൽ നിന്നു സമൃദ്ധമായി വിളവ് ലഭിച്ചപ്പോൾ, ദൈവത്തോടും പ്രകൃതിയോടും നന്ദി പറയാനായി മനുഷ്യർ പ്രത്യേക ദിനങ്ങൾ ക്രമീകരിച്ചു. ഈ നന്ദിപ്രകടനങ്ങളാണ് പിന്നീടു കൊയ്ത്തുത്സവങ്ങളായി മാറിയത്. ഈ ആഘോഷങ്ങൾക്കു പിന്നിൽ പ്രകൃത്യാതീതമായ സംഭവങ്ങളും ഐതിഹ്യങ്ങളും ചേർന്ന കഥകൾ രൂപപ്പെട്ടു. കാർഷികവിളകൾക്കൊപ്പം ഈ കഥകളെയും അവർ വെള്ളവും വളവും നൽകി വളർത്തിയെടുത്തു. അവയിൽ ചിലതു നാടോടിക്കഥകളും പാട്ടുകളുമായി ലോകമെമ്പാടും പ്രചരിച്ചു. മറ്റു ചില കഥകൾ ഭക്തിയുടെയും ഇതിഹാസങ്ങളുടെയും പശ്ചാത്തലത്തിലാണു ജനിച്ചത്. അവ ആരാധനാലയങ്ങളോട് ചേർന്നു മതവിശ്വാസത്തിന്റെ ഭാഗമായി മാറി.
മധ്യപൂർവേഷ്യൻ നാടുകളിലും ഇസ്ളാമിക രാജ്യങ്ങളിലും വിവിധ കഥകളുടെ പശ്ചാത്തലത്തിൽ കൊയ്ത്തുത്സവങ്ങളുണ്ട്. ഈജിപ്തിൽ നൂറ്റാണ്ടുകളായി ഇസ്ലാമിക് – കോപ്റ്റിക് മതവിഭാഗങ്ങൾ ഒരുപോലെ ആഘോഷിക്കുന്ന പുരാതന കൊയ്ത്തുത്സവമാണ് ‘ഷാം അൽ-നസീം’ (Sham el-Nessim). ഫറവോമാരുടെ കാലം മുതൽ നിലനിൽക്കുന്ന ഈ ആഘോഷം, പുരാതന മിത്തുകൾ പ്രകാരം സൂര്യദേവനായ ‘റാ’ പ്രപഞ്ചം സൃഷ്ടിച്ച ദിവസമാണു നടക്കുന്നത്. നൈൽ നദിയിലെ വെള്ളപ്പൊക്കത്തിനു ശേഷം ഭൂമി ഫലഭൂയിഷ്ഠമാകുമ്പോൾ ജനങ്ങൾ കൃഷിയിറക്കുകയും, വിളവെടുപു കാലത്ത് അവരെല്ലാം നൈൽക്കരയിൽ ഒത്തുചേരുകയും ചെയ്യുന്നു. ഉപ്പിലിട്ട മീനും പച്ചക്കറികളും പച്ചയുള്ളിയും കഴിച്ചാണ് അവർ ഷാം അൽ-നസീം ആഘോഷിക്കുന്നത്.
മനുഷ്യസമൂഹത്തിൽ ചരിത്രാതീതകാലം മുതൽ നിലനിൽക്കുന്ന കൊയ്ത്തുത്സവങ്ങളുടെ പരമ്പരയിലാണ് നമ്മുടെ ഓണത്തിൻ്റെ ജനനവും. മഹാബലിയും വാമനനും ഓണത്തുമ്പിയും ഓണത്തല്ലും ഓണക്കോടിയും തിരുവോണസദ്യയുമെല്ലാം ഡെമീറ്ററിന്റെയും ജോൺ ബാർലികോണിന്റെയും കഥകൾ പോലെ, വിളവെടുപ്പിൽ ആനന്ദിച്ച കർഷകരുടെ മനോമുകുരത്തിൽ നാമ്പെടുത്ത കഥകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കപ്പെടുന്ന മറ്റു കൊയ്ത്തുത്സവങ്ങളുടെ അതേ നിരയിലാണ് ഓണത്തിന്റെയും സ്ഥാനം. അതിജീവനത്തിനായി മണ്ണിൽ ഒഴുക്കിയ വിയർപ്പുതുള്ളികളെ ഓർമ്മിച്ചുകൊണ്ട്, ഫലസമൃദ്ധിയിൽ സന്തോഷിക്കാൻ എല്ലാ നാട്ടിലും എന്നപോലെ നമുക്കും ഒരൈതീഹ്യം കൂടിയേ തീരു. അതിനു നമ്മുടെ പൂർവ്വികർ കണ്ടെത്തിയ മഹാഗാഥയിലാണ് മഹാബലിയും വാമനനും കടന്നു വന്നത്.
വിളവെടുപ്പ് ആഘോഷവും
ബൈബിളും
ഓണം അടിസ്ഥാനപരമായി ഒരു കൊയ്ത്തുത്സവമാണ്. ഇതിന് പിന്നിലെ ഐതിഹ്യത്തിനു ലോകത്തുള്ള മറ്റേതൊരു കൊയ്ത്തുത്സവ കഥകളുടെയും സ്ഥാനമേയുള്ളൂ; ദേശം മാറുന്നതിനനുസരിച്ച് കഥകളിൽ മാറ്റം വരുന്നു, കഥാപാത്രങ്ങൾ മാറുന്നു. എന്നാൽ ഈ ആഘോഷങ്ങളിലെ ഐതീഹ്യങ്ങളെ മാറ്റിനിർത്തിയാൽ കാണുന്നത്, താൻ വിയർപ്പൊഴുക്കി നേടിയ ധാന്യമണികൾ കണ്ടു സന്തോഷിച്ച്, ദൈവത്തിന് നന്ദിയർപ്പിക്കുന്ന കർഷകനെയായിരിക്കും.
കൃതജ്ഞതയുള്ള ഹൃദയത്തോടെ ജനങ്ങൾ കൊയ്ത്തുത്സവം ആഘോഷിക്കണമെന്ന് പഴയനിയമകാലത്ത് ദൈവം നൽകിയ നിർദ്ദേശങ്ങളിൽ കാണാം. വയലിൽ നിന്ന് ആദ്യഫലങ്ങൾ കൊയ്യുമ്പോൾ ‘പുത്തരിപ്പെരുനാളും’, വർഷാവസാനം പ്രയത്നഫലം ശേഖരിച്ചു കഴിയുമ്പോൾ ‘സംഭരണത്തിരുനാളും’ ആഘോഷിക്കണം (പുറപ്പാട് 23:16). മണ്ണിൽ നിന്ന് വിളവ് നൽകുന്ന ദൈവത്തിന് നന്ദി പറയാനായുള്ള ഈ ആഘോഷങ്ങളുടെ അതേ ലക്ഷ്യത്തോടെ ക്രൈസ്തവരും ഓണത്തെ മനസ്സിലാക്കുകയും ആഘോഷിക്കുകയും വേണം.
“ഭക്ഷിച്ചു കുടിച്ച് സ്വന്തം പ്രയത്നത്തിൽ ആനന്ദിക്കുന്നതിനേക്കാൾ നല്ലതായി മനുഷ്യന് വേറൊന്നുമില്ല; ഇതും ദൈവത്തിന്റെ കരങ്ങളിൽ നിന്നാണെന്ന് ഞാൻ ഗ്രഹിച്ചു” (സഭാപ്രസംഗി 2:24) എന്നാണ് ശലോമോൻ രാജാവ് പറഞ്ഞത്. ഓണസദ്യയും ഓണക്കോടിയും ദൈവം നൽകിയ സമൃദ്ധിയെ ഓർമ്മിക്കുന്നതിന്റെ ഭാഗമായി കരുതുന്നതിൽ തെറ്റില്ല.
ദൈവികദാനങ്ങളെ സന്തോഷത്തോടെ അനുഭവിക്കുമ്പോൾ നമ്മൾ തിരുവചനത്തോടാണു ചേർന്നുനിൽക്കുന്നത്. ജാതി-മത വിവേചനമില്ലാതെ മനുഷ്യരെല്ലാം ഒന്നാണെന്നു പ്രബോധിപ്പിക്കുന്ന തിരുവചനസന്ദേശം ഓണാഘോഷത്തിലും പ്രതിഫലിക്കുന്നുണ്ട്. “യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്” (ഗലാത്യർ 3:28) മനുഷ്യർക്കിടയിലെ ഈ സാഹോദര്യം തന്നെയാണ് ഓണത്തിന്റെയും കാതൽ.
ഓണാഘോഷങ്ങളെ ഭയക്കുന്ന
മതമൗലീകവാദികൾ
നാടിന്റെ പാരമ്പര്യ കഥകളും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന കൊയ്ത്തുത്സവമായ ഓണം ആഘോഷിക്കുന്നതിനെ എതിർക്കുന്ന ഇസ്ളാമിക്, ക്രിസ്ത്യൻ പ്രഭാഷകരെ സോഷ്യൽ മീഡിയയിൽ കാണാനിടയായി. അയൽവാസിയുടെയോ സുഹൃത്തിന്റെയോ ഭവനത്തിൽ പോയി ഓണസദ്യ കഴിക്കുന്നതും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതും വിലക്കുന്നവരുണ്ട്. ഓണം ആഘോഷിച്ചാൽ വിശുദ്ധി നഷ്ടപ്പെടുമെന്നും അത് ആത്മീയജീവിതത്തെ ബാധിക്കുമെന്നു പറഞ്ഞ് വിശ്വസികളെ ഭയപ്പെടുത്തുന്നവരുമുണ്ട്. ഓണാഘോഷങ്ങൾ സാത്താൻ സേവയാണെന്നും അതിൽ വിഗ്രഹാരാധനയും ബഹുദൈവാരാധനയും ആരോപിച്ച് മാറിനിൽക്കാനാണ് ഇക്കൂട്ടർ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്തരം ഉപദേശങ്ങളെ വിശുദ്ധ ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിരോധിക്കേണ്ടത് സത്യവിശ്വാസികളുടെ കടമയാണെന്നു കരുതുന്നു.
ഓണം പോലുള്ള ആഘോഷങ്ങളെ പഴയനിയമത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ പുറപ്പാട് 34:15, സങ്കീർത്തനങ്ങൾ 106:28 എന്നീ വാക്യങ്ങളിൽ നമ്മൾ ചെന്നെത്തും. അവിടെ നൽകപ്പെട്ട കൽപ്പന എന്തായിരുന്നു? അന്യദേശക്കാരുമായി ഉടമ്പടി ചെയ്യരുതെന്നും, അവരുടെ ദേവന്മാർക്ക് ബലിയർപ്പിക്കുമ്പോൾ ആ ഭക്ഷണത്തിൽ പങ്കുചേരരുതെന്നുമായിരുന്നു. എന്നാൽ പുതിയ നിയമം എന്തു പറയുന്നു ?
“എല്ലാവിധ സ്വാതന്ത്ര്യവും നൽകിയാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്” (ഗലാത്യർ 5:1). ഈ വചനത്തിനു മുന്നിൽ നിഷ്പ്രഭമാകുന്നതാണ് ഓണാഘോഷത്തിന് എതിരായി പറയുന്ന എല്ലാ വാദങ്ങളും. ക്രിസ്തുവിൽ സ്വതന്ത്രനായ വ്യക്തിയെ സ്വാധീനിക്കാൻ യാതൊന്നിനും കഴിയില്ല എന്ന തിരിച്ചറിവും വിശ്വാസവുമാണ് ആദ്യം വേണ്ടത്. പുതിയനിയമം വിശ്വാസികളോടു പറയുന്നത് നോക്കൂ: “അവിശ്വാസിയായ ഒരുവൻ നിന്നെ ഭക്ഷണത്തിന് ക്ഷണിക്കുകയും പോകാൻ നീ ആഗ്രഹിക്കുകയും ചെയ്താൽ, വിളമ്പിത്തരുന്നതെന്തും മനസ്സാക്ഷിക്കുത്തില്ലാതെ ഭക്ഷിച്ചുകൊള്ളുക” (1 കൊരിന്ത്യർ 10:27).
മോശെയുടെ കാലത്ത് സജീവമായി നിലനിന്നതും ക്രിസ്തുവിൻ്റെ കാലത്ത് കാലഹരണപ്പെട്ടതുമായ ബൈബിൾ വാക്യങ്ങൾ തപ്പിയെടുത്താണ് ചിലർ ഓണാഘോഷത്തിൽ നിന്നു ക്രിസ്ത്യാനികളെ വിലക്കാൻ വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
മനഃക്ഷിക്കുത്തില്ലാതെ ക്രൈസ്തവർക്ക്
ഓണം ആഘോഷിക്കാൻ കഴിയുമോ ?
ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്ന വിശ്വാസികൾക്കു മനസ്സാക്ഷിക്കുത്തില്ലാതെ ഏത് സാംസ്കാരിക ആഘോഷത്തിലും പങ്കെടുക്കാമെന്നാണ് കൊരിന്ത്യ ലേഖനത്തിൽ നിന്ന് വ്യക്തമാകുന്നത്. പഴയനിയമത്തിന്റെ ബന്ധനങ്ങളിൽ നിന്ന് മോചിതരാകാൻ കഴിയാത്ത ചിലരാണ് ‘ക്രിസ്ത്യാനികൾക്ക് ഓണം ആഘോഷിക്കാമോ’ എന്ന ചോദ്യമുയർത്തി സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത് എന്നു നിസ്സംശയം പറയാം.
ക്രിസ്ത്യാനിയായി ജീവിക്കുക എന്നാൽ മാതൃരാജ്യത്തിന്റെയോ നാടിന്റെയോ സാംസ്കാരിക വേരുകൾ ഉപേക്ഷിക്കുക എന്നല്ല അർത്ഥമാക്കുന്നത്. നമ്മുടെ സംസ്കാരത്തെയും കാർഷിക പാരമ്പര്യത്തെയും എങ്ങനെയാണ് തള്ളിക്കളയാനാവുക? ക്രിസ്തീയ വിശ്വാസത്തിന്റെ കാതൽ സ്നേഹവും കൂട്ടായ്മയുമായിരിക്കെ, നാടിന്റെ ആഘോഷങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ ആവശ്യപ്പെടുന്നതിനു പിന്നിൽ തിരുവചനത്തെക്കുറിച്ചുള്ള അജ്ഞത മാത്രമാണ്.
“നിങ്ങൾ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുമ്പോൾ, അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിൻ.” ദൈവനാമത്തിന്റെ മഹത്വത്തിനായി ഈ വർഷത്തെയും ഓണം മനസ്സാക്ഷിക്കുത്തില്ലാതെ സന്തോഷത്തോടെ ആഘോഷിക്കാൻ എല്ലാ ക്രൈസ്തവ സഹോദരങ്ങളെയും ആഹ്വാനം ചെയ്യുന്നു

മാത്യൂ ചെമ്പുകണ്ടത്തിൽ
.
