ബ്രെസ്റ്റ് കാൻസർ ചികിത്സയിലെ വ്യത്യാസങ്ങൾ|Dr Sanju Cyriac

Share News

ബ്രെസ്റ്റ് കാൻസർ ചികിത്സയിലെ വ്യത്യാസങ്ങൾ

ഗീതേ, ബ്രെസ്റ്റ് കാൻസർ ഇനി വരാതിരിക്കാൻ ഒരു ഇഞ്ചക്ഷൻ ഉണ്ടെന്നാ കേട്ടേ. നിനക്കത് കിട്ടുന്നുണ്ടോ?

വളരെ ടെൻഷനടിച്ചാണ് ഗീത അന്ന് ഓ.പിയിൽ വന്നത്. ഉറ്റ സുഹൃത്ത് അങ്ങനെ പറയുമ്പോൾ എന്തെങ്കിലും കാര്യം കാണുമല്ലോ?

ഇതാണ് ഇക്കാലത്തെ ഒരു വലിയ പ്രശ്നം.

ഫോണും വാട്സ്ആപ്പും വന്നതോടെ പിന്നെ ആരെയും ആർക്കും വിളിക്കാം തോന്നിയത് വിളിച്ചു പറയാം. അങ്ങനെയാണോ വേണ്ടത്? ഫോണുണ്ടെങ്കിൽ ആരുടെയും അനുവാദമില്ലാതെ റെക്കോർഡ് ചെയ്യാം ! എല്ലാം കാലത്തിൻ്റെ വികൃതികൾ.

ഒരു കാര്യം ഓർക്കുക, കാൻസർ ചികിത്സ ഓരോരുത്തരിലും ഓരോ രീതിയിലാണ്. നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം.

1. ഒന്നാം സ്റ്റേജ് അല്ലെങ്കിൽ ചില രണ്ടാം സ്റ്റേജ് ഹോർമോൺ പോസിറ്റീവ് സ്തനാർബുദരോഗികൾക്ക് ഹോർമോൺ ഗുളികകൾ മാത്രം മതിയാകും. കീമോതെറാപ്പി ഉപയോഗിക്കാറില്ല.

2.മാറിടം നീക്കം ചെയ്ത ആദ്യഘട്ടങ്ങളിലെ രോഗികൾക്ക് റേഡിയേഷൻ കൊടുക്കാറില്ല.

3.ഹെർ 2 പോസിറ്റീവ് ടൈപ്പ് രോഗികൾക്ക് ഒരു വർഷത്തെ ടാർജറ്റഡ് മരുന്നുകൾ വേണ്ടി വരും.

4.ട്രിപ്പിൾ നെഗറ്റീവ് രോഗികൾക്ക് എട്ടു സൈക്കിൾ കീമോ വരെ കൊടുക്കും. എന്നാൽ ഹോർമോൺ പോസിറ്റിസ് രോഗികൾക്ക് പലപ്പോഴും നാലു സൈക്കിൾ മതിയാകും.

5.പാരമ്പര്യ രോഗം മൂലം കാൻസർ വന്നവർക്ക് പിന്നീട് ചില ടാർജറ്റഡ് മരുന്നുകൾ കൊടുക്കാറുണ്ട്.

6.ചെറുപ്പക്കാരിൽ വരുന്ന ഹൈ റിസ്ക് ഹോർമോൺ പോസിറ്റീവ് രോഗികൾക്ക് ഓവറി നീക്കം ചെയ്യാറുണ്ട്.

7.ചില രോഗികൾക്ക് എല്ലിനെ ബലപ്പെടുത്താൻ ആറു മാസത്തിലൊരിക്കൽ ഇഞ്ചക്ഷൻ നൽകാറുണ്ട്.

8. ചിലർക്ക് കീമോ ആദ്യം നൽകിയിട്ടാണ് ഓപ്പറേഷൻ ചെയ്യുക. ഇനി ചിലർക്ക് ആദ്യം ഓപ്പറേഷൻ നടത്തിയ ശേഷമാണു കീമോ നൽകുക.

ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത് എന്താണ്?

സങ്കീർണമായ മേഖലയാണ് കാൻസർ ചികിത്സാരംഗം. അത് പഠിച്ച് തീരുമാനങ്ങൾ എടുക്കുന്നത് ചികിത്സിക്കുന്ന ടീമിനെ ഏൽപിക്കുക.

Dr Sanju Cyriac

Jeevanam Cancer Society

Share News