
സാധാരണ ഒരു തലച്ചോറിന് 1300-1400 ഗ്രാം വരെയാണ് ഭാരം. അപ്പോൾ ബുദ്ധിരാക്ഷസനായിരുന്ന സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റിൻ്റെ മസ്തിഷ്കത്തിന് എത്ര ഭാരമുണ്ടാവും?
1. ‘നമ്മുടെ തലച്ചോറിൻ്റെ 5% മാത്രമേ നമ്മളുപയോഗിക്കുന്നുള്ളൂ, ഐൻസ്റ്റീനെ പോലെ ജീനിയസായിട്ടുള്ളവർ ചിലപ്പോൾ കഷ്ടിച്ച് 10% വരെ ഉപയോഗിച്ചേക്കും’ ഇങ്ങനൊരു ഡയലോഗ് പലരും കേട്ടിരിക്കും. ചില സിനിമയിലും കേട്ടിട്ടുണ്ട്. മോട്ടിവേഷൻ ചെയ്തു ജീവിക്കുന്നവരുടെ സ്ഥിരം ഡയലോഗാണ്. എന്നാലിത് ശുദ്ധ അസംബന്ധമാണ്. നമ്മൾ, ജീനിയസായിട്ട് ജീവിക്കണമെങ്കിലും മണ്ടനായിട്ട് ജീവിക്കണമെങ്കിലും തലച്ചോറിൻ്റെ 100% വും ഉപയോഗിച്ചാലേ പറ്റൂ.
2. സാധാരണ ഒരു തലച്ചോറിന് 1300-1400 ഗ്രാം വരെയാണ് ഭാരം. അപ്പോൾ ബുദ്ധിരാക്ഷസനായിരുന്ന സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റിൻ്റെ മസ്തിഷ്കത്തിന് എത്ര ഭാരമുണ്ടാവും? കോമൺസെൻസ് വച്ച് ചിന്തിച്ചാൽ ഒന്നരക്കിലോ എങ്കിലും വേണ്ടതാണ്. എന്നാൽ ഐൻസ്റ്റീൻ്റെ ബ്രയിനിന് 1230gm ഭാരമേ ഉണ്ടായിരുന്നുള്ളൂ.
3. നമ്മുടെ തലച്ചോറിൽ 86 മുതൽ 100 ബില്യൺ വരെ ന്യൂറോണുകൾ ഉണ്ട്. ഏതാണ്ട് അത്രയും തന്നെ ഗ്ലയൽ കോശങ്ങളും ഉണ്ട്. ഒരു ബില്യൺ എന്നാൽ 100 കോടിയാണ്.
4. ശരീരഭാരത്തിൻ്റെ 2% മാത്രമാണ് ബ്രയിനിൻ്റെ ഭാരം. എന്നാൽ ആകെ ഊർജത്തിൻ്റെ, ഓക്സിജൻ്റെ 20 മുതൽ 25 ശതമാനം വരെ ഒറ്റയ്ക്ക് ഉപയോഗിക്കാൻ അതിന് ഒരു മടിയുമില്ല.
5. മസ്തിഷ്കത്തിലെ നാഡികളിലൂടെ ഇലക്ട്രിക്കൽ ഇമ്പൾസുകൾ കടന്നു പോകുന്ന വേഗത 2 മുതൽ 360 km/ hour വരെയാണ്. എന്നുവച്ചാൽ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിനേക്കാൾ വേഗതയിൽ. പക്ഷെ സാധാരണ ഇലക്ട്രിസിറ്റിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ സ്ലോയും ആണ്.
6. തലച്ചോറിൻ്റെ സ്‌റ്റോറേജ് കപ്പാസിറ്റി ശരാശരി 2.5 പെറ്റാബൈറ്റാണ്. അതായത് 25 ലക്ഷം ജിബി. ഗൂഗിൾ 100 GB സ്റ്റോറേജിന് വർഷം 1500 രൂപയാണ് നമ്മുടെ കയ്യീന്ന് വാടക വാങ്ങുന്നത്!
7. നമ്മുടെ സകല വേദനകളും ദുഃഖങ്ങളും പേറുന്ന തലച്ചോറിന് പക്ഷെ വേദന അറിയാനുള്ള കഴിവില്ല. കുത്തി നോവിച്ചാലും പാവം അറിയില്ല. അതുകൊണ്ടാണ് രോഗി ഉണർന്നിരിക്കുമ്പോഴും തലച്ചോറിൽ ഓപറേഷൻ ചെയ്യാൻ പറ്റുന്നത് (Awake brain surgery).
8. തലച്ചോറിന് സ്വന്തമായി ഒരു ക്ലോക്കുണ്ട്. ചുറ്റുപാടുകളിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച്, പകലും രാത്രിയും ഒക്കെ തിരിച്ചറിഞ്ഞ്, ശരീരത്തെ അതിനനുസരിച്ച് പെരുമാറാൻ ശീലിപ്പിക്കുന്ന ഒരു ക്ലോക്ക്. ജെറ്റ്ലാഗ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം ഇങ്ങനെ നേരത്തേ കീ കൊടുത്ത് വച്ചിരിക്കുന്ന ക്ലോക്കിൻ്റെ താളം തെറ്റുന്നതാണ്.
9. തലച്ചോറിൻ്റെ ഡ്രൈ വെയ്റ്റിൻ്റെ 60%- വും കൊഴുപ്പാണ്. ശരീരത്തിൽ ഏറ്റവുമധികം കൊഴുപ്പുള്ള അവയവം മസ്തിഷ്കം തന്നെ.
10. ബുദ്ധിയുടെ കേന്ദ്രമാണല്ലോ തലച്ചോർ. എന്നാൽ ഏറ്റവും എളുപ്പത്തിൽ കബളിപ്പിക്കാൻ പറ്റുന്നതും തലച്ചോറിനെ തന്നെ.
മനോജ് വെള്ളനാട്
Manoj Vellanad