
“ഒരു യഥാർഥ ദേശസ്നേഹി”: ബിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനറൽ ബിപിൻ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാർഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവന നൽകിയെന്നും മോദി ട്വീറ്റ് ചെയ്തു.
തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് എന്ന നിലയിൽ, പ്രതിരോധ പരിഷ്കരണങ്ങൾ ഉൾപ്പെടെ നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളിൽ ജനറൽ റാവത്ത് പ്രവർത്തിച്ചു. റാവത്തിന്റെ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്.

