വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം.

Share News

വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം. തൊട്ടതിനും പിടിച്ചതിനുമൊക്കെ കോപം.

എന്ത് ചെയ്യും?

മക്കൾ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് ഇങ്ങനെ വയോജനങ്ങൾ പോകേണ്ട സാഹചര്യം കേരളത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്.

അന്യ ദേശങ്ങളിൽ ജോലിക്കായി സ്ഥിരതാമസമാക്കിയ മക്കളുടെ ആവശ്യങ്ങൾക്കായി അങ്ങോട്ട് താൽക്കാലികമായി പോകുന്നവരുണ്ട്. ബേബി സിറ്റിംഗ്, പ്രസവ ശുശ്രുഷ തുടങ്ങിയ പല ചുമതലകളും ഇതിൽ പെടും. പരിചാരകരുടെ പണി തന്നുവെന്ന പരിഭവം വേണ്ട. ഇതൊക്കെയല്ലേ ജീവിത സായാഹ്നത്തിലെ സന്തോഷമെന്ന മനോഭാവം ഉണ്ടാകണം. ചെയ്യാവുന്നതൊക്കെ ചെയ്തും, ചുമതലകൾ ഏറ്റെടുത്തുമൊക്കെ സംതൃപ്തി കണ്ടെത്താൻ ശ്രദ്ധിക്കണം.

സ്ഥിരമായി താമസ്സം മാറേണ്ടി വരുന്നവരുമുണ്ട്.

ഒരു വീട്ടിൽ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ വെല്ലുവിളികളും, അവർ ഒപ്പമുണ്ടെങ്കിലുള്ള സഹായങ്ങളുമൊക്കെ മക്കൾ ചൂണ്ടി കാണിക്കും. അതിലെ ശരികൾ ഉൾക്കൊള്ളാൻ ശ്രമിക്കണം. എന്നാലും മുതിർന്ന പൗരന്മാർക്കുമുണ്ടായേക്കും വിഷമങ്ങളുടെ ലിസ്റ്റ്. ചിര പരിചിതമായ പരിസരത്തിൽ നിന്നും പറിച്ചു മാറ്റപ്പെടുമ്പോഴുള്ള വിഷമങ്ങൾ പറയും. മക്കളുടെ നിയന്ത്രണത്തിലുള്ള വീട്ടിൽ കഴിയുന്നതിലെ ഈഗോ ബുദ്ധിമുട്ടുകളുണ്ടാകാം. സ്വാതന്ത്ര്യം കുറഞ്ഞു പോകുമോയെന്ന പേടിയുമുണ്ടാകാം. മരണം വരെ എന്റെ വീട്ടിൽ തന്നെ കഴിയണമെന്ന കടുംപിടുത്തക്കാരുടെ മനസ്സിൽ ഈ വക വിചാരങ്ങൾ സൃഷ്ടിക്കുന്ന മുൻവിധികളുമുണ്ടാകും. ഇതിനെയൊക്കെ മയപ്പെടുത്താതെ പറ്റില്ല.

ഇത്തരത്തിലുള്ള വീട് മാറ്റങ്ങളും, നാട് വിടലുമൊക്കെ അനിവാര്യമാകുന്ന കാലഘട്ടമാണിതെന്ന യാഥാർഥ്യം അംഗീകരിക്കണം. കടല് കടന്ന്‌ അന്യ നാടുകളിലേക്ക് പോലും മുതിർന്ന പൗരന്മാർ പോകേണ്ടി വരും. എവിടെ ചെന്നാലും അതാണ് എന്റെ മധുര മനോജ്ഞ ഭവനമെന്ന നിലപാട് ഉണ്ടാക്കാൻ വേണ്ടിയുള്ള മനസ്സൊരുക്കങ്ങൾ വേണം. അത് സാധ്യമാകുന്ന വൈകാരിക പരിസരം ഇളമുറക്കാർ ഉണ്ടാക്കുകയും വേണം.

മാറ്റത്തെ പൂര്‍ണ്ണമായും

ഉൾക്കൊള്ളുകയെന്നതാണ് ആദ്യ പടി. നിരാശയോടെയല്ല, ആഹ്ലാദത്തോടെയാണ് പോകേണ്ടത്. അധീശ ഭാവം സസന്തോഷം കൈവെടിയാം. ആ വീട്ടിലെ

എല്ലാ കാര്യങ്ങളുടെയും നായകത്വം മക്കൾ നിറവേറ്റട്ടെ.മാർഗ്ഗ നിർദ്ദേശങ്ങളിൽ മാത്രം ഒതുങ്ങാം. പുതിയ

ജീവിത സാഹചര്യത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. പുതിയ ഭാഷയുള്ള സ്ഥലമാകാം. ഫ്ലാറ്റ് പോലെയുള്ള പരിമിത സ്‌പേസാകാം. മുറ്റമില്ല, കിണറിലെ വെള്ളമില്ല, മുങ്ങി കുളിക്കാൻ കുളമില്ലായെന്നൊക്കെയുള്ള പരിഭവങ്ങളുമായി വീടിന്റെ അന്തരീക്ഷത്തെ വെറുതെ ശ്വാസം മുട്ടിക്കരുത്.ഇതിനോടൊക്കെ ഇണങ്ങി ചേരണം.പിണങ്ങാൻ പോകരുത്.

പുതിയ പാർപ്പിടത്തിൽ പരിമിതികൾ ഉണ്ടാകാം. ചിലപ്പോൾ സ്വകാര്യത കുറയാം. മക്കളുടെ എല്ലാ ഉല്ലാസങ്ങളിലും ഒപ്പം കൂട്ടിയില്ലെന്ന് വരാം. ഇതൊക്കെ ഉള്ളിലിട്ടു പുകച്ചു കൂടുതൽ സങ്കടങ്ങളിലേക്ക് പോകരുത്. ഒരുമിച്ചുള്ള ഈ ജീവിതത്തിന്റെ ചില ഗുണപരമായ അംശങ്ങളെ ഓർക്കണം.സ്വന്തമായൊരു സംതൃപ്ത ജീവിതക്രമം ഉണ്ടാക്കാം. ചെറിയ തോതിലെങ്കിലും പുതിയ സമൂഹിക ബന്ധങ്ങളുണ്ടാക്കണം. കൂടും, വീടും

എവിടെയായാലും ഹാപ്പിയെന്നായിരിക്കണം പുതിയ കാല ജീവിത മന്ത്രം.

(മനോരമ ദിനപത്രത്തിലെ നല്ല പ്രായം സെക്ഷനിൽ ഇന്ന്‌..)

Share News