
മൊബൈൽ ഉപയോഗിക്കുന്ന കുട്ടികളോട് ദേഷ്യപ്പെടാതെ ബുദ്ധിപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉപദേശിക്കുക.
മൊബൈൽ നൽകാത്തതിന് ഒരു ഡോക്ടറുടെ കുഞ്ഞ് ആത്മഹത്യ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം ജാസ്മിൻ എന്നോട് പറഞ്ഞിരുന്നു.
എനിക്ക് വായിക്കാൻ കഴിഞ്ഞില്ല.
ഇതൊരു വലിയ വിഷയമാണ്.
മൊബൈലിൽ നിന്നും കുഞ്ഞുങ്ങളെ പെട്ടെന്ന് വിലക്കുന്നതും പെട്ടെന്നവർക്ക് മൊബൈൽ നിഷേധിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു.
കുട്ടികളോട് നിരന്തരം സംസാരിച്ച്,
അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി, ക്രമേണ മാത്രമേ സ്ക്രീൻ ടൈം കുറയ്ക്കാവൂ എന്നാണ് അവർ പറയുന്നത്.
അവരുടെ ശ്രദ്ധ സ്പോർട്സ്, മറ്റു ഹോബീസ് തുടങ്ങിയവയിലേക്ക് പതുക്കെ മാറ്റിയെടുക്കണം.
വ്യത്യസ്ത പ്രായങ്ങളിലെ കുട്ടികളോട്
വ്യത്യസ്ത സമീപനം ആയിരിക്കണം മൊബൈൽ നിയന്ത്രണത്തിൽ സ്വീകരിക്കേണ്ടത്.
സിംഗപ്പൂരിലെ സൈക്കോളജിസ്റ്റായ Ms June Yong പറയുന്നത് ആറു വയസ്സ് വരെയുള്ള കുട്ടികളിൽ
നിയന്ത്രണം പെട്ടെന്ന് കൊണ്ടുവരുന്നതിൽ കുഴപ്പമില്ല എന്നാണ് .
എന്നാൽ ഏഴ് വയസ്സ് മുതൽ 9 വയസ്സ് വരെയുള്ള കുട്ടികളുടെ ശ്രദ്ധ നേരത്തെ പറഞ്ഞതുപോലെ സ്പോർട്സ്, വീട്ടിൽ ഒരുമിച്ചുള്ള കുക്കിംഗ് തുടങ്ങിയ മേഖലകളിലേക്ക് മാറ്റിക്കൊണ്ടുവരാനാണ് ആദ്യം ശ്രമിക്കേണ്ടത്.
10 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളെ ഒപ്പമിരുത്തി ഈ വിഷയം ചർച്ച ചെയ്യണം.
സ്ക്രീൻ ടൈം ട്രാക്കറുകൾ പ്രയോജനപ്പെടുത്തി യഥാർത്ഥ വസ്തുതകൾ അവരെ ബോധ്യപ്പെടുത്തണമെന്നാണ് മറ്റൊരു സൈക്കോളജിസ്റ്റ് The Straitstimes നോട് പറഞ്ഞത്.
13 മുതൽ 16 വയസ്സുവരെയുള്ള കുട്ടികളെ മാനേജ് ചെയ്യാനാണ് ഏറ്റവും പ്രയാസം എന്ന് അവർ അഭിപ്രായപ്പെടുന്നു.
ആരോഗ്യകരമായ ഡിജിറ്റൽ ലോകത്തെക്കുറിച്ച് അവരുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കിക്കാനേ കഴിയുള്ളൂ.
അവിടെ നമ്മൾ ചെയ്യേണ്ടത് സ്ക്രീൻ ടൈം കുറയ്ക്കാൻ അവരെ സഹായിക്കുകയാണ്.
എന്തായാലും വളരെ സങ്കീർണ്ണമായ ഒരു വിഷയമാണിത്.
ഒന്ന് നമുക്ക് മനസ്സിലാക്കാം.
വളരെ കുഞ്ഞുന്നാളിലേ ശീലങ്ങൾ വളർത്തുന്നതിനോടൊപ്പം ആ ശീലങ്ങൾ അവർ തുടരുന്നു എന്ന് ഒരു ഘട്ടം വരെയെങ്കിലും നമ്മൾ ഉറപ്പാക്കുകയും വേണം.
ആ പ്രക്രിയയിൽ അവർ നമ്മുടെ ശത്രുക്കളല്ല ,
സുഹൃത്തുക്കളാണ് എന്ന് മനസ്സിലാക്കുകയും വേണം.
ആ തിരിച്ചറിവാണ് പ്രധാനം.
ഇതു വായിക്കേണ്ടത് നേരത്തെ പറഞ്ഞ പ്രായങ്ങളിലെ കുഞ്ഞുങ്ങൾ ഉള്ള അച്ഛനമ്മമാരാണ്.
അതുകൊണ്ട് പ്രായംചെന്നവർ ദയവായി അവരുടെ മക്കൾക്ക് ഇത് ഷെയർ ചെയ്യുക.
മൊബൈൽ ഉപയോഗിക്കുന്ന കുട്ടികളോട് ദേഷ്യപ്പെടാതെ ബുദ്ധിപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉപദേശിക്കുക.
ഇല്ലെങ്കിൽ പല വഴികളിലും നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു എന്നു വരാം.
സ്നേഹം![]()
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും
പ്രശാന്ത് വാസുദേവ്
മുൻ ഡപ്യൂട്ടി ഡയറക്ടർ
കേരള ടൂറിസം വകുപ്പ്
ടൂറിസം കൺസൾട്ടൻ്റ്
