
പശ്ചിമ ഘട്ടത്തിലെ മരങ്ങൾ കുറഞ്ഞു പോയി, വനവിസ്തൃതി ക്ഷയിച്ചു പോയി എന്ന് പ്രലപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: “കേരളം മുഴുവൻ ഒരു വനമാണ്”.
പേമാരിയും പ്രകൃതിക്ഷോഭങ്ങളും
മഴ പെയ്താൽ, വെള്ളപ്പൊക്കം ഉണ്ടായാൽ, പ്രകൃതിക്ഷോഭം ഉണ്ടായാൽ ഉടനെ പരിസ്ഥിതി വാദികൾ പ്രത്യക്ഷപ്പെടുകയായി: “ഞങ്ങൾ പാഞ്ഞില്ലേ, നേരത്തെ തന്നെ!! ഗാഡ്ഗിലിനെയും കസ്തുരിരംഗനെയും അവഗണിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്” എന്ന്. ഇത് തീർത്തും പൊള്ളയായ, ശാസ്ത്രീയമല്ലാത്ത അഭിപ്രായമാണ്.

നമ്മുടെ പശ്ചിമഘട്ടം പരിരക്ഷിക്കണം എന്നതാണ് മാധവ് ഗാഡ്ഗിലും കസ്തൂരി രംഗനും പറയുന്നതിന്റെ രത്നചുരുക്കം. അതിനുള്ള മാർഗങ്ങളാണ് അവർ രണ്ടുപേരും പറഞ്ഞിരിക്കുന്നത്. രണ്ടുപേരും സൈറ്റ് വിസിറ്റ നടത്തുകയോ ഗ്രൗണ്ടിൽ ഇറങ്ങി പരിശോധിക്കുകയോ ചെയ്തോ എന്ന് സംശയമുണ്ട്. അതിനേക്കാളും പ്രധാനം അവരും അവർ ആരെ പ്രതിനിധീകരിക്കുന്നുവോ അവരും ചില ആഗോള (പാശ്ചാത്യ) പ്രകൃതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ വാക്താക്കളാണ് എന്നതാണ്.
പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി വാദിക്കാനും നടപ്പാക്കാനും കോടതികളായ കോടതികളിൽ കയറി ഇറങ്ങാനും ഈ പ്രസ്ഥാനങ്ങൾക്ക് പിൻബലവും പണവും നൽകുന്നത് ഈ പാശ്ചാത്യ ശക്തികളാണ്.
ആഗോള തലത്തിലുള്ള പരിസ്ഥിതി ചിന്താഗതിയുടെ ചുവടു പിടിച്ചാണ് പശ്ചിമ ഘട്ടത്തെക്കുറിച്ചു പഠനം നടത്തിയ രണ്ടുപേരും എല്ലാ ന്യായീകരണങ്ങളും നിരത്തുന്നത്. അടിസ്ഥാന തത്വം എന്താണ്? ലോകത്തിന്റെ പ്രകൃതി സംസാരക്ഷണത്തിനു ഇന്ത്യയിലുള്ള പശ്ചിമഘട്ടം മലനിരകൾ അങ്ങനെ തന്നെ പരിപാലിക്കണം എന്നതാണ് അതിന്റെ ആത്യന്തികമായ അടിസ്ഥാന തത്വം. മാധവ് ഗാഡ്ഗിൽ വളരെ വസ്തുതാപരമായി കാര്യങ്ങൾ വിലയിരുത്തി യെങ്കിലും കസ്തൂരിരംഗൻ അതെല്ലാം മുൻപറഞ്ഞ ശക്തികളുടെ സമ്മർദത്തിൽ തകിടം മറിച്ചു എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല..
ഏറ്റവും ആദ്യം ഏതു ശാസ്ത്രജ്ഞനും മനസിലാക്കേണ്ടത് ഭൂമി മനുഷ്യന് വേണ്ടിയുള്ളതാണ്. അവനു വേണ്ടി രൂപപ്പെടുത്തി എടുക്കേണ്ടതാണ് എന്ന വസ്തുതയാണ്. മനുഷ്യനില്ലെങ്കിൽ ഇവിടുള്ള പ്രകൃതിക്കോ അതിലുള്ള വസ്തുക്കൾക്കോ ഒരു അർത്ഥവുമില്ല. ചൊവ്വ പോലെയോ ശനി പോലെയോ ഉള്ള ഒരു ഗൃഹം എന്നല്ലാതെ അതിനു നിലനിൽക്കാൻ ഒരു അർത്ഥമില്ല. ഭൂമി അതല്ല. എല്ലാ ഗ്രഹത്തെക്കാളും ചെറുതെങ്കിലും, എല്ലാത്തിനെയും കാണുകയും പഠിക്കുകയും മനുഷ്യജീവിതത്തിനു ഉപകാരപ്രദമായ രീതിയിൽ എല്ലാത്തിനെയും ട്രാൻസ്ഫോം (രൂപമാറ്റം) ചെയ്തെടുക്കുകയും ചെയ്യുന്ന പ്രതിഭയുള്ള മനുഷ്യർ എന്ന ഒരുകൂട്ടം ജീവികൾ ഇവിടെ ഉണ്ടെന്നുള്ളതാണ്, ഭൂമിയെ വ്യത്യസ്തമാക്കുന്നത്.
അതുകൊണ്ടാണ് മനുഷ്യൻ ഭൂമിയുടേ മാത്രമല്ല സൗരയൂഥത്തിന്റെയും അതിനപ്പുറമുള്ള ഗാലക്സികളയുടെയും അധിപനാകുന്നത്. മറ്റു സ്ഥലങ്ങളിൽ ജീവികൾ ഉണ്ടെന്നുള്ളത് ഊഹാപോഹങ്ങൾ മാത്രമാണ്. സ്പഷ്ടമായ തെളിവുകളൊന്നും തന്നെ ഇതുവരെ കിട്ടിയിട്ടില്ല.

അപ്പോൾ മനുഷ്യനാണ് പ്രധാനം ഭൂമിയിൽ എന്നത് ആദ്യം മനസിലാക്കണം. ഇവിടെ മനുഷ്യർ ജീവിക്കണം, മനുഷ്യരെപ്പോലെ തന്നെ എല്ലാവര്ക്കും ജീവിക്കണം എന്നതാണ് പ്രധാനം. മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഒരുമയോടെ ജീവിക്കാൻ ഇവിടെ ഇടമുണ്ട്. അതിനുള്ള ഇടം ഭൂമി മാത്രമാണ്.
മുൻപ് ജലാശയങ്ങളുടെ തീരത്തായിരുന്നു സംസ്കാരങ്ങളെല്ലാം ഉടലെടുത്തതും വികസിച്ചതും. കാരണമെന്താണ് ജലസ്രോതസ് മതിയായിരുന്നു മനുഷ്യന് അന്ന്. ഇന്നതല്ല സ്ഥിതി. എന്തെല്ലാം മനുഷ്യന് വേണം. ആവശ്യങ്ങൾക്ക് കണക്കില്ല.
ഇന്ന് മൊബൈൽ ഇല്ലാതെ ജീവിക്കാൻ സാധിക്കുമോ? അതിനുപോലും എന്തെല്ലാം ധാതുക്കൾ വേണം. ധാതുക്കളുടെ ലഭ്യതയും യാത്ര സൗകര്യവും നോക്കിയാണ് ഇന്ന് വീട് വെക്കുന്നത്, പട്ടണങ്ങൾ രൂപപ്പെടുന്നത്.
മുൻപ് കുട്ടനാട്ടിൽ തോട്ടിനരികിലാണ് വീട് വെച്ചിരുന്നത്; കാരണം യാത്രാമാർഗം വള്ളം ആയിരിന്നു. ഇന്ന് റോഡിനരികിലാണ് വീടുകൾ വെക്കുന്നത്. അതുപോലെ തന്നെയാണ് സംസകാരങ്ങളുടെ ആരംഭവും പരിണാമവും.
പ്രകൃതി എന്ന് പറഞ്ഞാൽ നിയന്ത്രണമില്ലാതെ ഇരിക്കുന്ന അവസ്ഥയാണ്. നമ്മുടെ പെരിയാർ നിയന്ത്രണമില്ലാതെ ഇരുന്നപ്പോൾ അത് സുഖമായി ഒഴുകി സമുദ്രത്തിൽ പഠിക്കുമായിരുന്നു. പക്ഷെ പ്രകൃതിയെ നിയന്ത്രിക്കുമ്പോളാണ് അതിൽനിന്നു ഊർജം ലഭിക്കുന്നത്. അതിനാണ് വെള്ളം കെട്ടി നിർത്തി നമ്മൾ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതും മനുഷ്യ ജീവിതത്തെ മെച്ചപ്പെടുത്താൻ അതിലൂടെ ശ്രമിക്കുന്നതും. അപ്പോൾ നദിയെന്ന പ്രകൃതി, സംസ്കാരം എന്ന സ്ഥിതിയിലേക്ക് ഉയരുന്നു.
പരിസ്ഥിതി വാദികൾ ഇത് ഒന്നും അംഗീകരിക്കില്ല. അവർക്കു എ.സിയും കാറും ഫോണും വേണം, പക്ഷെ മണ്ണ് അനങ്ങാൻ പാടില്ല, ഒന്നും മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നും എടുക്കാൻ പാടില്ല. എല്ലാ മൃഗങ്ങളും സസ്യങ്ങളും ജീവിക്കണം, പക്ഷെ അവർക്കു ആവശ്യമുള്ള ഭക്ഷണമെല്ലാം മേശപ്പുറത്തു കിട്ടുകയും വേണം. ഈ ഡുപ്ലിസിറ്റി. മൂടുപടം അണിഞ്ഞുള്ള നാടകമാണ് നടക്കുന്നത്.
മറ്റു ജീവികളെ തിന്നാതെ സിംഹത്തിന് എത്ര കാലം ജീവിക്കാ നാകും? കാണുന്ന പച്ചപ്പെല്ലാം പറിച്ചു തിന്നാതെ ആനക്ക് എത്ര നാൾ ജീവിക്കാനാകും?
ഭൂമിയെ ആശ്രയിക്കാതെ, ഭൂമിയിൽനിന്നു ലവണങ്ങൾ എടുക്കാതെ, സൂര്യനിൽ നിന്ന് ഊർജം സ്വീകരിക്കാതെ സസ്യങ്ങൾക്ക് നിലനിൽക്കാനോ വളരണോ സാധ്യമാകുമോ? ചെടികൾക്ക് മരങ്ങൾക്കു വളരാനോ ഫലം നൽകാനോ ആകുമോ?
ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചാണ് എല്ലാം ജീവിക്കുന്നത്, ജീവിക്കേണ്ടത്. അത് പ്രകൃതി നിയമമാണ്. ഭൂമിയോളം വലിപ്പമുള്ള മനസുമായി ചിന്തിച്ചാൽ, പ്രകൃതിയെ വ്യത്യാസപ്പെടുത്തുന്നതും പരിഷ്കരിക്കുന്നതും വളരെ ന്യായമായതെന്നും യുക്തിസഹമെന്നും നമുക്ക് മനസിലാകും.
പ്രകൃതി ഒരു നിയമം വെച്ചിട്ടുണ്ട്. മേൽഘടകം കീഴ്ഘടകത്തിനു വേണ്ടിയുള്ളതാണ്. നമ്മൾ ജീവിക്കുന്നത് തന്നെയും നിമിഷം പ്രതി കോടിക്കണക്കിനു സെല്ലുകൾ നശിക്കുകയും പുനർജനിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. നാശം ഇല്ലാതെ ജീവനില്ല, മരണമില്ലാത്ത ഉയര്പ്പില്ല. ഒന്ന് ക്ഷയിക്കാതെ, ഇല്ലാതാകാതെ മറ്റൊന്ന് ഉയരുകയില്ല. അത് പ്രകൃതി നിയമമാണ്. പക്ഷെ അതിന്റെ അതിർവരമ്പുകൾ നിര്ണയിക്കുന്നതു ബുദ്ധി എന്ന വൈഭവമുള്ള മനുഷ്യനാണ്.
ഭൂമി ആത്യന്തികമായി മനുഷ്യന് ജീവിക്കാനുള്ള ഇടമാണ്. അവനു ജീവിക്കുന്നതുപോലെ തന്നെ മണ്ണിനും സസ്യങ്ങൾക്കും ജീവികൾക്കും മറ്റു മൃഗങ്ങൾക്കും ജീവിക്കണം. ഇവയുടെ സഹവർത്തിത്വത്തിനുള്ള രൂപരേഖ മനുഷ്യൻ തന്നെ വേണം നിർമ്മിക്കുവാൻ. എല്ലാത്തിനെയും കഴിവുപോലെ സമന്വയിപ്പിക്കുന്നതു ബുദ്ധിപൂർവം ആയിരിക്കണം. അങ്ങനെ സമന്വയിപ്പിക്കുവാനാണ്, ഏകോപിപ്പിക്കുവാനാണ്, മനുഷ്യൻ നിയമങ്ങളിലൂടെ ശ്രമിക്കുന്നത്.
ആ നിയമങ്ങൾ ക്രോഡീകരിക്കുമ്പോഴും മനുഷ്യനുള്ള പരമപ്രാധാന്യം മറന്നുകൂടാ. മനുഷ്യനെ തള്ളിപ്പറഞ്ഞുള്ള ഒരു നിയമത്തിനും നിലനിൽപ്പുണ്ടാവില്ല. ഉണ്ടായിക്കൂടാ.
നമ്മെ രണ്ടു കൊല്ലമായി ഭീതിയിൽ ആഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ്ഈ പ്രകൃതിയിൽ തന്നെയുള്ളതാണ് . അതിനും ജീവിക്കണ്ടേ എന്ന് ചോദിച്ചാൽ, അതിനെന്തായിരിക്കണം ഉത്തരം? ഉത്തരം ഇതാണ്: മനുഷ്യന് ബുദ്ധിമുട്ടില്ലാത്ത, മനുഷ്യന് പ്രശനം സൃഷ്ടിക്കാത്ത ഒരിടമുണ്ട് . അവിടെ ജീവിക്കാം. എവിടെ? ലബോറട്ടറികളിൽ. വുഹാൻനിലെയോ കാലിഫോര്ണിയയിലെയോ ലബോറട്ടറികളിൽ. അതാണ് അതിനുള്ള ഇടം. എന്നലെ മനുഷ്യന് ഇവിടെ ജീവിക്കാനാകൂ.
അതായത് ഏതെങ്കിലും വസ്തു അല്ലെങ്കിൽ ജീവി മനുഷ്യന് എതിരായാൽ അതിനെ ഉൻമൂലനം ചെയ്യുകയോ ഒഴിവാക്കുകയോ വേണം.ഇതുപോലെയാണ് പ്രകൃതിയിലെ ഓരോ വസ്തുവിനും , ഓരോ ജീവജാലങ്ങൾക്കും പ്രകൃതിയിൽ നിൽക്കാനുള്ള ഇടം നിർണയിക്കുന്നത്, മനുഷ്യൻ എന്ന ഏറ്റവും പ്രധാനമായ സൃഷ്ടിയുടെ സുരക്ഷിതത്വം പരിഗണിച്ചു മാത്രമാണ്.
പശ്ചിമ ഘട്ടത്തിന്റെ കാര്യത്തിലും ഈ നിയമം തന്നെയാണ് ബാധകമായിട്ടുള്ളത്. മനുഷ്യന് ഇവിടെ ജീവിക്കണം.പശ്ചിമ ഘട്ടത്തിലെ മരങ്ങൾ കുറഞ്ഞു പോയി, വനവിസ്തൃതി ക്ഷയിച്ചു പോയി എന്ന് പ്രലപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: “കേരളം മുഴുവൻ ഒരു വനമാണ്”.
അത് മനസിലാക്കണമെങ്കിൽ വിമാനം തമിഴ്നാട്ടിൽ നിന്നോ, കർണാടകയിൽ നിന്നോ കൊച്ചിയിൽ വന്നിറങ്ങുമ്പോൾ താഴേക്ക് നോക്കുക. കേരളം മുഴുവൻ ഒരു വനം ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. പ്രകൃതി നിർമിച്ചതും, മനുഷ്യർ നിർമിച്ചതുമായ വനം.>

ഫാ .സിറിയക് തുണ്ടിയിൽ സി എം ഐ