മുല്ലപ്പെരിയാർ വിഷയത്തിൽ ഇത്രമാത്രം നിർണായകമായ ഒരു വിധി സമ്പാദിച്ചുതന്ന ഡോക്ടർ ജോയിക്ക് എല്ലാവിധമായ നന്മകളും പ്രാർത്ഥനകളും നേരുന്നു.

Share News

മുല്ലപ്പെരിയാർ: Terms of Reference or DPR കൂടുതൽ പ്രസക്തം

മുല്ലപ്പെരിയാർ വിഷയത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ ഡോക്ടർ ജോയിയുടെ ഇടപെടൽ വഴിയായി നമുക്ക് നല്ല ഒരു വിധി ലഭിച്ചിരിക്കുകയാണ്. ഇവയെ സംബന്ധിച്ചുള്ളവിവരങ്ങൾ വളരെ ലഘുവായി കേരള സമൂഹത്തോട് പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 16 വർഷമായി ഈ മുല്ലപ്പെരിയാർ സമരത്തിന് ഒപ്പം സഹയാത്ര നടത്തിയ ആള് എന്ന നിലയിൽ ഡോക്ടർ ജോയെ പോലെ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാർത്ഥതക്കും കഠിനാധ്വാനത്തിനും നിരന്തരമായ പരിശ്രമത്തിനും ഒരായിരം നന്ദി തുടക്കത്തിലെ തന്നെ നേരുന്നു.

മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ നമുക്ക് ഇന്ന് അല്പമെങ്കിലും ഒരു ആശ്വാസം ലഭിക്കുന്നത് റൂൾ കറവ്ക എന്ന സംവിധാനം ഈ ഡാമിൽ പ്രാവർത്തികമാക്കിയതിലൂടെയാണ്. ഇതുവരെ തമിഴ്നാടിന് ഇഷ്ടം അനുസരിച്ച് ജലം ഉയർത്താനും സംഭരിക്കാനും എല്ലാം സാധിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം റൂൾസ് കറവ് സംവിധാനം നിലവിൽ വന്നതോടുകൂടി കൃത്യമായ നിബന്ധനകളും നിർദ്ദേശങ്ങളും അനുസരിച്ച് മാത്രമേ തമിഴ്നാടിന് മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൈകാര്യം ചെയ്യുവാൻ കഴിയുകയുള്ളൂ. നാളിതുവരെ പെയ്ത മഴ വെള്ളത്തിന്റെ അളവ് അനുസരിച്ച് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമുള്ള 142 അടിയ്ക്ക് മുകളിൽ ജലം വരാത്ത വിധത്തിൽ ജലം തുറന്നു വിടുകയോ സംഭരിക്കുകയോ ചെയ്യുന്ന സംവിധാനത്തിലാണ് റൂൾ കറവ് എന്ന് പറയുന്നത്. ഡോക്ടർ ജോയിയുടെ ഇടപെടൽ വഴിയായി ഇത്തരം ഒരു വിധി സമ്പാദിച്ചതിലൂടെ മുല്ലപ്പെരിയാർ വിഷയത്തിലെ കോടതി വ്യവഹാരങ്ങൾക്ക് പുതിയ ഒരു അധ്യായം തുറന്നു കിട്ടി.

2024 മെയ് മാസം നാലാം തീയതി സുപ്രീംകോടതി പുതിയ ചില നിർദ്ദേശങ്ങൾ ഡോക്ടർ ജോ കൊടുത്ത കേസിന് നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും നിർണായകമായ കാര്യം ഡാമിന്റെ കാലപ്പഴക്കം പരിഗണിച്ചുകൊണ്ട് ഇത് പരിശോദിക്കുന്നതിന് വേണ്ടി അതിന്റെ നിലവിലെ അധികാരി എന്ന നിലയിൽ തമിഴ്നാടിനോട് Terms of Reference തയ്യാറാക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നു എന്നതാണ്. ഇങ്ങനെ ഒരു Terms of Reference തയ്യാറാക്കുമ്പോൾ സൂപ്പർവൈസറി കമ്മിറ്റിയുടെ അനുവാദവും, സെൻട്രൽ വാട്ടർ കമ്മീഷന്റെ അനുവാദവും വാങ്ങിച്ചിരിക്കണം എന്ന നിർദ്ദേശം കൂടി സുപ്രീം കോടതി കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ ഒരു തീരുമാനം തമിഴ്നാടിന് ഏറ്റ ഒരു പ്രഹരമായിട്ട് വേണം കരുതാൻ. നാളിതുവരെ തമിഴ്നാട് തങ്ങൾക്ക് ഇഷ്ടമുള്ള ആളുകളെ കൊണ്ട് മുല്ലപ്പെരിയാർ ഡാം പരിശോധിപ്പിക്കുകയും താങ്കൾക്ക് താൽപര്യമായ വിധത്തിൽ റിപ്പോർട്ടുകൾ തയ്യാറാക്കും അവ കാലാകാലങ്ങളിൽ സുപ്രീംകോടതിയെ ധരിപ്പിക്കുകയും ആണ് ചെയ്തിരുന്നത്. സെൻട്രൽ വാട്ടർ കമ്മീഷനെയും സൂപ്പർവൈസറി കമ്മിറ്റിയും സുപ്രീംകോടതി തമിഴ്നാടിന് മുകളിൽ അവരോധിച്ചതിലൂടെ തമിഴ്നാടിന് ഇനി എന്ത് തോന്നിവാസവും നടത്തുവാൻ കഴിയുകയില്ല.

2021ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഡാം സേഫ്റ്റി ബില്ലിൽ കാലപ്പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷയെ സംബന്ധിച്ച് പറയുന്നിടത്ത് “നിരന്തരമായ പരിശോധന” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെല്ലാത്ത ഡാമുകൾക്ക് 10 വർഷത്തിലൊരിക്കലാണ് പരിശോധന നടത്തേണ്ടത്. ഇത്രയും കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം 2012 ന് ശേഷം കാര്യമായ പരിശോധനകൾക്ക് ഒന്നും വിധേയപ്പെട്ടിട്ടില്ല. ഇന്ത്യയിൽ ഇപ്രകാരം ഒരു നിയമം ഉണ്ടായിരിക്കെ ഇത്രയും കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാമിന്റെ ശാസ്ത്രീയമായ പരിശോധനകളെ അട്ടിമറിക്കുന്നതിന് പിന്നിൽ ചില ഗൂഡ ലക്ഷ്യങ്ങൾ ഉണ്ട്. ഇങ്ങനെ ഒരു പരിശോധനയ്ക്ക് സുപ്രീം കോടതി നിർദ്ദേശം വെച്ചപ്പോൾ തന്നെ ഡാം ബലപ്പെടുത്തിയതിനു ശേഷം പരിശോധന നടത്തിയാൽ മതി എന്ന വാദവുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന്റെ അർത്ഥം ഇന്നത്തെ സ്ഥിതിയിൽ മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല എന്ന് തമിഴ്നാട് സാങ്കേതികമായി സമ്മതിച്ചിരിക്കുന്നു എന്നാണ്.

ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്ന ഈ വിധിയിൽ കേരളത്തിന് ഏറ്റവും നിർണായകം ആയിരിക്കുന്നത് Terms of Reference എന്ന കച്ചിത്തുരുമ്പാണ്. ഇന്ത്യയിൽ 2021 ൽ ഡാം സേഫ്റ്റി ബില്ല് നിലവിൽ വന്നു എങ്കിലും Terms of Reference നടപ്പിലാക്കുന്ന കാര്യത്തിൽ കൃത്യമായ ഒരു തീരുമാനം ഇതുവരെയും ആയിട്ടില്ല. അതിനാൽ കേരള സർക്കാർ പഠനങ്ങൾ നടത്തി, കാഴപ്പഴക്കം ചെന്ന ഡാം പരിശോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളെ സംബന്ധിച്ച് സാങ്കേതികമായ നിർദ്ദേശങ്ങൾ സൂപ്പർവൈസറി കമ്മിറ്റിയിലെ കേരളത്തിന്റെ പ്രതിനിധിയെ ധരിപ്പിക്കുകയും അവ സൂപ്പർവൈസറി കമ്മിറ്റിയുടെ നിർദ്ദേശം ആയി തമിഴ്നാട് നടത്താൻ പോകുന്ന പരിശോധനയുടെ Terms of Reference ൽ ഉൾപ്പെടുത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.

50 ലക്ഷത്തിൽ അധികം വരുന്ന ജനത്തിന്റെ ജീവനെ സംബന്ധിച്ച വിഷയത്തിൽ തമിഴ്നാട് പരിശോധനയ്ക്ക് കാലതാമസം വരുത്തുന്നത് പോലെ തന്നെ ഗൗരവമാണ് കേരള സർക്കാർ ഈ വിഷയത്തിൽ എടുത്തിരിക്കുന്ന അനങ്ങാപ്പാറ നയം.

രാഷ്ട്രീയമായ നേട്ടത്തിന് വേണ്ടി തങ്ങൾ ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിന്റെ ഡിപിആർ തയ്യാറാക്കുന്ന തിരക്കിലാണ് എന്ന് പറയുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പ്രബുദ്ധരായ കേരള ജനത്തിന്റെ പ്രഹരം ഏൽക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. അതിന് ഇടയാകാത്ത വിധത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ കേരള സർക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം മുല്ലപ്പെരിയാർ വിഷയത്തിൽ ഇത്രമാത്രം നിർണായകമായ ഒരു വിധി സമ്പാദിച്ചുതന്ന ഡോക്ടർ ജോയിക്ക് എല്ലാവിധമായ നന്മകളും പ്രാർത്ഥനകളും നേരുന്നു.

എല്ലാവർക്കും സ്നേഹത്തോടെ വന്ദനം

ഫാ. ഡോ. റോബിൻ പേണ്ടാനത്ത്,

(മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി)

Share News