
അശ്രദ്ധയോടെ വണ്ടിയോടിക്കുന്നവർ നിങ്ങളെ കാത്ത് ഒരു കുടുംബം വീട്ടിലുണ്ട് എന്ന് എപ്പോഴും ഓർക്കുക.
കഴിഞ്ഞ കുറേ ദിവസങ്ങളായി വരുന്ന മാധ്യമ വാർത്തയാണ് അടുത്ത ബുധൻ മുതൽ പണി വരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് ക്യാമറകൾ മിഴി തുറക്കുന്നു. വണ്ടിയോടിക്കുന്നവർ സൂക്ഷിക്കുക. ശെടാ, ട്രാഫിക് നിയമം പാലിച്ച് വണ്ടി ഓടിച്ചാൽ പോരെ. അല്ലാതെ പണി വരുന്നുണ്ട് എന്ന് മോങ്ങുകയാണോ വേണ്ടത്?ഇത് തികച്ചും തെറ്റായ ഒരു സന്ദേശമാണ്, റോഡ് നിയമങ്ങൾ പാലിച്ചാൽ ആർക്കെങ്കിലും പണം നഷ്ടപ്പെടുമോ? മാധ്യമങ്ങൾ നിയമം പാലിക്കുന്നതിന്റെ ആവശ്യകത അല്ലേ ബോധ്യപ്പെടുത്തേണ്ടത്?
ഡ്രൈവിങ്ങിൽ നല്ലൊരു സംസ്കാരവും പുതിയൊരു രീതിയും ജനങ്ങൾ ശീലിക്കുന്നത് കൊണ്ട് കുഴപ്പങ്ങൾ ഒന്നുമില്ല. മര്യാദയ്ക്ക് വണ്ടിയോടിക്കുന്നവർ എത്രപേരുണ്ട്?
നാലുവരിപ്പാതയിലോ ആറുവരി പാതയിലോ ആണെങ്കിൽ തന്നെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുക. ഇൻഡിക്കേറ്റർ ഇടാതെ തിരിയുക. ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്യുക. മൂന്നു പേരെ കയറ്റി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുക. ഡ്രൈവിങ്ങിനിടയിൽ ഫോൺ ചെയ്തു കൊണ്ട് പയ്യെ പോകുക. സീറ്റ് ബെൽറ്റ് ഇടാതെ യാത്ര. ഇതൊക്കെ ബേസിക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അല്ലേ? നല്ല ശീലങ്ങൾ എവിടെയും എപ്പോഴും നല്ലതു തന്നെയാണ്. ഇതൊക്കെ പാലിച്ചാൽ അധ്വാനിച്ച് ഉണ്ടാക്കുന്ന കാശ് സർക്കാരിന് വെറുതെ കൊടുക്കേണ്ട കാര്യമില്ലല്ലോ.
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ അവിടുത്തെ ട്രാഫിക് നിയമങ്ങൾ നമ്മൾ അതേപടി പാലിക്കാറുണ്ടല്ലോ. അശ്രദ്ധയോടെ വണ്ടിയോടിക്കുന്നവർ നിങ്ങളെ കാത്ത് ഒരു കുടുംബം വീട്ടിലുണ്ട് എന്ന് എപ്പോഴും ഓർക്കുക. എന്നാൽ സർക്കാർ വാഹനങ്ങൾ ഒന്നും ഈ നിയമങ്ങൾ പാലിക്കുന്നതായി കാണാറില്ല. നിയമങ്ങൾ എല്ലാവർക്കും വേണ്ടി ഉള്ളതാണ്. മന്ത്രിമാർക്കും സർക്കാർ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. സ്വയം സുരക്ഷാ ബോധം നമ്മിൽ എപ്പോഴും ഉണ്ടാകണം. സുരക്ഷിതമായ ജീവിതം നമ്മുടെ അവകാശമാണ് അത് ഏറ്റെടുക്കാൻ നമ്മൾ തയ്യാറായാൽ നിയമവും നീതിയും തനിയെ നാമറിയാതെ പ്രാവർത്തികമാകും.