എന്തായാലും വളരെ ദൗർഭാഗ്യം നിറഞ്ഞ ഒരു അന്ത്യയാത്ര ആയിപ്പോയി ഇത്
മൃതശരീരം ഗുരു ആവുന്ന സ്ഥലമാണ് മെഡിക്കൽ കോളേജുകൾ. അതായത്
മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന സ്ഥലം. അതാണ് മെഡിക്കൽ കോളേജിലെ അനാട്ടമി, ഫോറൻസിക് ഡിപ്പാർട്ട്മെന്റുകൾ. മരണശേഷം തന്റെ ശരീരം കൊണ്ട് ഗുരു ആവണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുടെയും തീരുമാനം,അവരുടെ പേഴ്സണൽ ചോയ്സ്.!!
സഖാവ് ലോറൻസ് എന്ന വന്ദ്യവയോധികൻ ആയ മനുഷ്യന്റെ മൃതശരീരം വച്ച് മക്കൾ കാണിക്കുന്ന അതിരറ്റ സ്നേഹം വീഡിയോയിൽ കൂടി കണ്ടിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഐക്യം ഇല്ലാതെ തമ്മിൽ തല്ല് കൂടിയ മക്കൾ അന്ത്യയാത്രയിലും ആ സ്വഭാവം പ്രകടിപ്പിച്ചു. നല്ല അസ്സൽ മക്കൾ!! അപ്പനോട് ഉള്ള കടമ അന്ത്യ വേളയിലും കൃത്യമായി പാലിച്ചു അവരെല്ലാം മാതൃകയായി. തുടക്കത്തിൽ ചാനലുകളിൽ വന്ന വാർത്ത പാർട്ടി മകളുടെ എതിർപ്പ് വക വയ്ക്കാതെ, അതായത് അപ്പന് മതാചാര പ്രകാരം ഉള്ള സംസ്കാരം നടത്തണം എന്ന മകളുടെ ആഗ്രഹം പാലിക്കാതെ മൃതശരീരം മെഡിക്കൽ കോളേജിന് വിട്ടു നല്കാൻ തീരുമാനിച്ചു എന്നായിരുന്നു. ഇപ്പോഴും സത്യത്തിൽ എന്താണ് ഉണ്ടായത് എന്നറിഞ്ഞു കൂടാ. പല ചാനലുകൾ പലതാണ് പറയുന്നത്.ഒന്നും അറിയാതെ അവരുടെ കുടുംബകാര്യത്തിൽ അഭിപ്രായം പറയേണ്ടതും നല്ലതല്ല.
സഖാവ് ലോറൻസ് എന്ന വ്യക്തിയുടെ മകൾ എന്ന ഐഡന്റിറ്റി കൊണ്ട് അറിയപ്പെടുന്ന ആളാണ് ആശ. അവരും അവരുടെ മകനും സഖാവ് ലോറൻസ് വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിന് ഒപ്പമല്ല, മറിച്ച് സംഘപരിവാർ രാഷ്ട്രീയത്തിന് ഒപ്പമാണെന്ന് അറിയാം. സഖാവ് ലോറൻസിന്റെ കൊച്ച് മകൻ ആയത് കൊണ്ടാണ് ബിജെപി പാർട്ടിയിൽ ചേർന്നപ്പോൾ അവർക്ക് ഇത്രയ്ക്ക് മൈലേജ് കിട്ടിയതും. മരിക്കും വരേയ്ക്കും സഖാവ് ലോറൻസ് പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. മരണം വരെയും അദ്ദേഹം അറിയപ്പെട്ടത് Comrade ആയി തന്നെയാണ്. പക്ഷേ അദ്ദേഹം വിശ്വസിച്ചിരുന്ന പ്രസ്ഥാനം അദ്ദേഹത്തെ വേണ്ട രീതിയിൽ പരിഗണിച്ചിരുന്നോ എന്നത് ഒരു ചോദ്യമാണ്. ഇല്ല എന്ന് തന്നെയാണ് ഉത്തരം.
ഇനി അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കുവാൻ ഉള്ള തീരുമാനത്തെ ചൊല്ലിയുള്ള തർക്കത്തെ കുറിച്ച് ആണെങ്കിൽ, ആ തീരുമാനം പാർട്ടിയുടേത് ആണോ അദ്ദേഹത്തിന്റേത് ആണോ? അതിൽ ആദ്യം വ്യക്തത വരണം. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ള ഒരാൾ മരണപ്പെട്ടാൽ അതിനെ ഏത് രീതിയിൽ സംസ്കരിക്കണം എന്ന് തീരുമാനിക്കേണ്ടത് മരണപ്പെട്ട ആളുടെ ബന്ധുക്കൾ അല്ലേ? അവർക്കല്ലേ അതിനുള്ള റൈറ്റ്. ഇവിടെ രണ്ട് മക്കൾക്ക് അദ്ദേഹത്തിന്റെ ശരീരം മെഡിക്കൽ കോളേജിന് നല്കണം എന്നും മറ്റൊരാൾക്ക് അത് വേണ്ട, പള്ളിയിൽ സംസ്കരിക്കണം എന്നുമാണ്. മക്കൾക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ റൈറ്റ് ഉള്ളത് തന്റെ മൃതശരീരം എന്ത് ചെയ്യണം എന്ന് അന്തരിച്ച സഖാവ് രേഖാമൂലം എഴുതി വച്ചില്ലെങ്കിൽ മാത്രമല്ലെ?രണ്ട് സാക്ഷികളുടെ ഒപ്പ് ഉൾപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ സമ്മതപത്രം ഉണ്ടെങ്കിൽ അതിന് വാലിഡിറ്റി ഉണ്ട് എന്നല്ലേ?
ഒരു ദിവസം കൊണ്ടുള്ള മക്കളുടെ തീരുമാനം വച്ച് മൃതശരീരം ഏറ്റുവാങ്ങാൻ മെഡിക്കൽ കോളേജിന് റൈറ്റ് ഉണ്ടോ.? മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന് നൽകണമെങ്കിൽ നിങ്ങളുടെ ആഗ്രഹം, സമ്മതപത്രമായി ഒരു 100 രൂപ സ്റ്റാമ്പ് പേപ്പറിൽ എഴുതി അടുത്തുള്ള മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിൽ ഏൽപ്പിക്കുക എന്നത് പ്രധാനമാണ് . അപ്പോഴും അക്കാര്യം രഹസ്യമായി ചെയ്തിട്ട് കാര്യമില്ല. നിങ്ങളുടെ അടുത്ത ബന്ധുക്കൾ അതറിഞ്ഞിരിക്കണം. കാരണം, മരിച്ച ശേഷം അവരാണല്ലോ മൃതദേഹം അവിടെ എത്തിക്കേണ്ടത്. സഖാവ് ലോറൻസിന്റെ കാര്യത്തിൽ അങ്ങനൊരു സമ്മതപത്രം ഉണ്ടോ?ഇനി സമ്മതപത്രം എഴുതിയിട്ടില്ല എങ്കിൽ ജീവിച്ചിരിക്കുമ്പോഴേ അതിനുള്ള ആഗ്രഹവും സമ്മതവും വേണ്ടപ്പെട്ടവരെ അറിയിച്ചിട്ട് ഉണ്ടാവും. മിക്കവാറും അദ്ദേഹത്തിന് അടുപ്പം ഉള്ള മക്കളോട്. അതാവാം രണ്ട് മക്കൾ അതിന് മുന്നിൽ നിന്നത്. പക്ഷേ ആ അവസരത്തിൽ ശരീരം മെഡിക്കൽ കോളേജിന് കൈമാറണം എങ്കിൽ അദ്ദേഹത്തിന്റെ അവകാശികൾ ആയ എല്ലാ മക്കൾക്കും ഒരേ പോലെ സമ്മതം ഉണ്ടാവണം. ഇവിടെ ഒരു മകൾക്ക് അതിന് സമ്മതം ഇല്ല. അങ്ങനെ വരുമ്പോൾ അത് പ്രശ്നം തന്നെയാണ്.
എന്തായാലും വളരെ ദൗർഭാഗ്യം നിറഞ്ഞ ഒരു അന്ത്യയാത്ര ആയിപ്പോയി ഇത്. രാഷ്ട്രീയ വൈരം, പക, വൈരാഗ്യം ചിന്തകളെ ബാധിക്കുമ്പോൾ എന്ത് അച്ഛൻ, എന്ത് മക്കൾ, എന്ത് സഹോദരങ്ങൾ അല്ലേ? കഷ്ടം
Anju Parvathy Prabheesh