
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ സഭാകോടതിക (ecclesia stical tribunal)ളും അതുപോലെതന്നെ, ഒരു വൈദികനോ സമർപ്പിതയോ സമർപ്പിതനോ അല്ലെങ്കിൽ അല്മായനോ ആയ വിശ്വാസിക്കെതിരായി ഗൗരവമായ കുറ്റാരോപണം ഉണ്ടാകുന്പോൾ, ആ കുറ്റാരോപണത്തിലെ സത്യാവസ്ഥ കണ്ടുപിടിക്കാനും കുറ്റം ചെയ്തതായി കണ്ടെത്തിയാൽ ശിക്ഷിക്കാനുമായി രൂപീകരിക്കുന്ന പ്രത്യേക കുറ്റവിചാരണക്കോടതി (special penal tribunal)യും സാമാന്യാർഥത്തിൽ വിവക്ഷിക്കുന്ന ഒരു മതകോടതിയല്ല.
കുറ്റവിചാരണക്കോടതികൾ
മതകോടതി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്, മധ്യശതകങ്ങളിലുണ്ടായിരുന്ന, മരണശിക്ഷ വരെ നൽകാൻ അധികാരമുള്ള കുറ്റവിചാരണക്കോടതികൾ (Inquis ition) ആണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും കോടതികളെയും അവഗണിച്ചുകൊണ്ട്, അവയ്ക്കുപകരം പ്രവർത്തിക്കുന്ന മതാധികാരികളാൽ സ്ഥാപിതമായിട്ടുള്ള കോടതികളെയാണ് മതകോടതി എന്ന വാക്കുകൊണ്ടു വിവക്ഷിക്കുന്നത്. പ്രസ്തുത കോടതികൾ, ആരോപണവിധേയനായ വ്യക്തിയുടെമേൽ, ആ വ്യക്തി ഏതു മതത്തിൽപ്പെട്ടയാളാണെങ്കിലും ശിക്ഷ വിധിക്കും. ആ ശിക്ഷകൾ മരണശിക്ഷയും തുറുങ്കിലടയ്ക്കലും ഉൾപ്പെടെ ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന അഥവാ അയാളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നവയായിരിക്കുകയും ചെയ്യും.
കാനൻ നിയമം
എന്നാൽ, കത്തോലിക്കാ സഭയിലെ സഭാ ട്രൈബ്യൂണലുകൾ ഒരു പൗരന്റെയും പൗരാവകാശങ്ങളോ വ്യക്തിസ്വാതന്ത്ര്യത്തെയോ ഹനിക്കുന്ന യാതൊരു ശിക്ഷയും ആർക്കും വിധിക്കില്ല. ഏതൊരു പ്രസ്ഥാനത്തെയും മതത്തെയുംപോലെ, കത്തോലിക്കാ സഭയ്ക്കും സ്വന്തമായി ഒരു നിയമാവലിയുണ്ട്. അതാണ് കത്തോലിക്കാ സഭയിൽ കാനൻ നിയമം എന്ന പേരിൽ അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ അംഗങ്ങളെല്ലാവരും ആ കാനൻ നിയമം അംഗീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ആ സഭയിൽ അംഗങ്ങളായിരിക്കുന്നിടത്തോളം കാലം കടപ്പെട്ടിരിക്കുന്നു. കാനൻ നിയമത്തിൽ, വിശ്വാസികളുടെ അവകാശങ്ങളും കടമകളും എന്തൊക്കെയാണെന്നും അതുപോലെതന്നെ കത്തോലിക്കാ സഭയിലെ ശുശ്രൂഷാ പൗരോഹിത്യത്തിലേക്കു വിളിക്കപ്പെട്ടവരുടെ പ്രത്യേക അവകാശങ്ങളും കടമകളും എന്തൊക്കെയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിൽ പ്രാധാന്യമർഹിക്കുന്ന ഒരു കടമയാണ്, സഭാധികാരികളുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാർപാപ്പയുടെ കല്പനകൾ അനുസരിക്കുക എന്നത്.
കുറ്റവും ശിക്ഷയും
രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പെടെ എല്ലാ പ്രസ്ഥാനങ്ങളിലും അതിന്റെ അധികാരികളെ അനുസരിക്കാതെയും അതിന്റെ ചട്ടക്കൂട്ടിൽ നിൽക്കാതെയും പ്രവർത്തുക്കുന്നവരെ പുറത്താക്കാനുള്ള സംവിധാനങ്ങൾ ഉള്ളതുപോലെതന്നെ, കത്തോലിക്കാ സഭയിലും അതിലെ അംഗങ്ങളെ പാഷണ്ഡത, ശീശ്മ മുതലായ സഭാ കുറ്റങ്ങൾക്കു സഭാ ട്രൈബ്യൂണലുകൾ വഴി കുറ്റവിചാരണ ചെയ്തു വലിയ മഹറോൻ ശിക്ഷ വഴി കത്തോലിക്കാ സഭയിൽനിന്നു പുറത്താക്കാൻ ഉതകുന്ന ശിക്ഷാനിയമങ്ങളും (Penal Laws) ശിക്ഷാ നടപടിക്രമങ്ങളും കത്തോലിക്കാസഭയിലെ പൗരസ്ത്യ കാനോന സംഹിതയിലും (CCEO) ലത്തീൻ സഭയ്ക്കായുള്ള കാനൻ നിയമത്തിലും (CIC) വിശദമായി നൽകപ്പെട്ടിട്ടുണ്ട്.
കത്തോലിക്കാ സഭയിൽനിന്നു പുറത്താക്കുക, അല്ലെങ്കിൽ കത്തോലിക്കാ സഭയിലെ ചില അവകാശങ്ങൾ പരിമിതപ്പെടുത്തുക എന്നിവയാണ് സഭാ ട്രൈബ്യൂണലുകൾ നൽകുന്ന ശിക്ഷ. അല്ലാതെ, ഒരു പൗരനെന്ന നിലയിൽ ഒരു വിശ്വാസി – അയാൾ വൈദികനോ അല്മായനോ ആകട്ടെ – അനുഭവിക്കുന്ന യാതൊരു മൗലികാവകാശത്തിലോ വ്യക്തിസ്വാതന്ത്ര്യത്തിലോ കത്തോലിക്കാ സഭാ ട്രൈബ്യൂണലുകൾ കൈവയ്ക്കില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ലംഘനത്തിനു ശിക്ഷിക്കേണ്ടത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയാണ്. പാഷണ്ഡത, ശീശ്മ പോലെയുള്ള കാനൻ നിയമമനുസരിച്ചുള്ള പല കുറ്റങ്ങളും ഇന്ത്യൻ പീനൽകോഡിൽ ശിക്ഷാർഹമായ കുറ്റങ്ങളല്ല എങ്കിലും അവ കത്തോലിക്കാ സഭയിൽ ശിക്ഷാർഹങ്ങളായ കുറ്റങ്ങളാണ്.
സഭയിലെ ട്രൈബ്യൂണലുകൾ
കത്തോലിക്കാ സഭയിലെ ട്രൈബ്യൂണലുകൾ രൂപതാധ്യക്ഷനാൽ സ്ഥാപിതമാകുന്ന രൂപതാട്രൈബ്യൂണൽ, ഒരു കുറ്റാരോപണത്തെപ്പറ്റി കുറ്റവിചാരണ നടത്താനായി സ്ഥാപിക്കപ്പെടുന്ന പ്രത്യേക കുറ്റവിചാരണ ട്രൈബ്യൂണൽ (special penal tribunal) തുടങ്ങിയ രണ്ടു തരം കീഴ്ട്രൈബ്യൂണലുകൾ, അതുപോലെതന്നെ കീഴ്ട്രൈബ്യൂണലുകളിൽനിന്നു വരുന്ന അപ്പീലുകളിൽ തീർപ്പു കല്പിക്കുന്ന മെട്രോപ്പോലിറ്റൻ ട്രൈബ്യൂണൽ, അതിനും മുകളിലുള്ള അപ്പീൽ കോടതിയായി പ്രവർത്തിക്കുന്ന സീറോ മലബാർ സഭയുടെ സാധാരണ ട്രൈബ്യൂണൽ (Ordinary Tribunal of the Major Archiepiscopial Church), സീറോ മലബാർ സഭയുടെ ഉന്നത ട്രൈബ്യൂണൽ (Superior Tribunal), അതിനും മുകളിൽ മാർപാപ്പയുടെ അധികാരം വിനിയോഗിക്കുന്ന റോമൻ റോട്ട (Rota Romana), അതിനും മുകളിലായി കത്തോലിക്കാ സഭയിലെ പരമോന്നത നീതിപീഠമായ സിഞ്ഞത്തൂര അപ്പസ്തോലിക്ക (Signatura Apostolica) എന്നിവയാണ്.
പ്രവർത്തനം
കീഴ്ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതു സാധാരണയായി സ്ഥലത്തെ രൂപതാ മെത്രാനാണെങ്കിലും അവയിൽ എടുക്കപ്പെടുന്ന കേസുകളിൽ പിന്നീട് രൂപതാ മെത്രാന് ഇടപെടാനുള്ള സാധ്യതകൾ ഇല്ല. സഭാ ട്രൈബ്യൂണലുകൾ കാനൻ നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന “സിവിൽ വ്യവഹാരക്രമ’ (CCEO cc. 1185-1356) മനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണ്. കീഴ്ട്രൈബ്യൂണലുകളിലെ വിധിക്കെതിരേ അപ്പീലിനുള്ള അവസരവുമുണ്ട്.
പൗരസ്ത്യ കാനൻ നിയമമനുസരിച്ച് ഒരു വിശ്വാസിയെ വലിയ മഹറോൻ ശിക്ഷവഴി കത്തോലിക്കാ സഭയിൽനിന്നു പുറത്താക്കുക, ഒരു വൈദികനെ വൈദികവൃത്തിയിൽനിന്നു പുറത്താക്കുക അല്ലെങ്കിൽ ഒരു വർഷത്തിലധികമായ കാലഘട്ടത്തിലേക്കു സസ്പെൻഡ് ചെയ്യുക മുതലായവയ്ക്കുള്ള അധികാരം പരിശുദ്ധ സിംഹാസനത്തിനും മാർപാപ്പയ്ക്കും പുറമെ സഭാ ട്രൈബ്യൂണലുകളിലെ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചിനു മാത്രമേ സാധ്യമാവൂ.
അതുപോലെ, മെത്രാന്മാർ, കർദിനാൾമാർ, മേജർ ആർച്ച്ബിഷപ്പുമാർ, രാജ്യത്തെ ഏറ്റവും ഉയർന്ന സിവിൽ അധികാരികൾ തുടങ്ങിയവരുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകൾ എന്നിവയിൽ വിധിപറയാൻ റോമാ മാർപാപ്പയ്ക്കു മാത്രമാണ് അധികാരമുള്ളത് (cf. CCEO c. 1060 അനുച്ഛേദം 1). സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരായുള്ള സ്ഥലംവില്പന സംബന്ധിയായ കുറ്റാരോപണത്തിൽ മാർപാപ്പയുടെ നാമത്തിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ സിഞ്ഞത്തൂര അപ്പസ്തോലിക്ക അദ്ദേഹം കുറ്റക്കാരനല്ല എന്നു വിധിച്ചത് ഇത്തരുണത്തിൽ പ്രത്യേകം പ്രസ്താവ്യമാണ്.
സീറോ മലബാർ സഭയിലെ പല രൂപതകളിലും വൈദികർക്കെതിരേ ഗൗരവമായ കുറ്റാരോപണങ്ങൾ ഉണ്ടായിട്ടുള്ള അവസരങ്ങളിൽ സഭാ കോടതികൾ അവരെ കുറ്റവിചാരണ നടത്തുകയും കുറ്റക്കാരെന്നു കണ്ടെത്തിയവരെ ഉചിതമായി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ആരോപിച്ച കുറ്റം ശരിയെന്നു തെളിഞ്ഞ കേസുകളിൽ വൈദികവൃത്തിയിൽനിന്നു പുറത്താക്കിയ കേസുകൾ എറണാകുളം – അങ്കമാലി തുടങ്ങി മാനന്തവാടി രൂപതയിൽ വരെ കഴിഞ്ഞകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതിൽ ചിലതിൽ മാധ്യമശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റു ചിലതിൽ മാധ്യമശ്രദ്ധ പതിഞ്ഞില്ല എന്നു മാത്രം.

ഡോ. ജയിംസ് പാന്പാറ സിഎംഐ
