ആകര്‍ഷകമായ പലിശയിളവ്, പ്രവാസികള്‍ക്കായി ലോണ്‍ മേള; ജനുവരി 19മുതല്‍ 21 വരെ ആറുജില്ലകളില്‍

Share News

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം ,എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള. തിരിച്ചെത്തിയ പ്രവാസികള്‍ക്കായാണ് മേള.

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പാ മേള.

പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്്‌സൈറ്റിലെ പ്രസ്തുത www.norkaroots.org/ndprem ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 04712770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍ഡിപി ആര്‍ഇഎം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്‌സ് എന്‍ഡിപിആര്‍ഇഎം പദ്ധതി. NDPREM പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്.

Share News