
കൊറോണയുടെ ആദ്യപാദം പച്ചക്കറിയിലൂടെ വിശ്രമവേളകൾ എങ്ങിനെ ആനന്ദകരമാക്കുവാൻ സാധിക്കും എന്നത് ആയിരുന്നു ബിന്ദുവിന്റേയും അമ്മയുടെയും പ്രധാനശ്രമങ്ങൾ.
കൊറോണയുടെ ആദ്യപാദം പച്ചക്കറിയിലൂടെ വിശ്രമവേളകൾ എങ്ങിനെ ആനന്ദകരമാക്കുവാൻ സാധിക്കും എന്നത് ആയിരുന്നു ബിന്ദുവിന്റേയും അമ്മയുടെയും പ്രധാനശ്രമങ്ങൾ. അതിനു വേണ്ടി കുട്ടീസിനെയും കൂടെ കൂടെ കൂട്ടി എന്നുള്ളത് യാഥാർഥ്യം. മുറ്റം നിറയെ പച്ചക്കറി വളരുന്നത് കാണുവാൻ സാധിക്കുന്നത് മനസിന് ഇമ്പം നൽകുന്നത് ആണെങ്കിലും , സംഗതി അടുക്കളയിൽ എത്തുമ്പോൾ വീട്ടിലെ സ്വഭാവം മാറും. പ്രത്യേകിച്ച് കുട്ടീസിന്റെ. ഈ വളർത്തുന്ന പച്ചക്കറി മുഴുവൻ അടുക്കളയിൽ വരികയും എന്നും നോമ്പുകാലമാണോ ഇവിടെ എന്നുള്ള ചോദ്യം ഉയർന്നപ്പോൾ എങ്കിൽ ഒന്ന് മാറി ചിന്തിക്കാം ഏന് ബിന്ദുവും അമ്മയും ചിന്തിച്ചത്.

അതിനാൽ ബോറടിച്ച പച്ചക്കറിയിൽ നിന്നും, കൊറോണയുടെ രണ്ടാം പാദം… പഴം , പാൽ , മുട്ട , മൽസ്യം , മാംസം എന്നിവകൂടി ഉൽപ്പാദിപ്പിച്ചു സ്വയം പര്യാപ്തത ഉറപ്പു വരുത്തുന്ന രീതിയിൽ ഉള്ള കൃഷി ആവാം എന്ന് മൊത്തത്തിൽ തീരുമാനം ആയി. അതുകൊണ്ടു ആദ്യം തന്നെ മുട്ട ഉത്പാദനത്തിൽ പരീക്ഷണം എന്ന നിലയിൽ എല്ലാദിനവും മുട്ട തരും എന്ന് പറയപ്പെടുന്ന ( സത്യത്തിൽ ഇല്ലെങ്കിലും ) മുട്ടക്കോഴി എന്ന ഇനം കോഴികളെ മേടിച്ചു . രണ്ടു കോഴിക്കൂട് അതിനു വേണ്ടി തയ്യാറായി. കൂടാതെ മഴക്കാലം ആയതിനാൽ പറമ്പിൽ ഒരു ചെറിയ കുളം കുഴിച്ചു 4 ഇറച്ചി താറാവിനേയും , 12 സാധാ താറാവിനെയും മേടിച്ചു വിട്ടു. രാവിലെ കൂടുകൾ തുറക്കുവാൻ ഇത്തിരി താമസിച്ചാൽ ഇവയെല്ലാം ചേർന്ന് കിടക്കപ്പൊറുതി തരില്ല എന്നൊരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കോഴിയും താറാവും ഒന്നിച്ചു വളർന്നു വന്നപ്പോൾ ആണ് , പുതിയ ഒരു ഇനം കൃഷിയെകുറിച്ച് ബിന്ദു ചോദിച്ചറിഞ്ഞത് . മുയൽ കൃഷി. നമ്മുടെ പറമ്പിൽ ഇല്ലെങ്കിലും അയൽക്കാരുടെ പറമ്പിലൊക്കെ അത്യാവശ്യത്തിനു പുല്ലും പള്ളയും ഉള്ളതിനാൽ അതിന്റെ ഭാഗമായി രണ്ടു കൂടുകൾ കൂടി മേടിക്കപ്പെട്ടു. ബഡ്ജറ്റ് എത്ര ആയി എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ബഡ്ജറ്റിന്റെ കാര്യം ചോദിക്കുമ്പോൾ , ഇതൊക്കെ ലാഭം മാത്രം നോക്കി ആണോ ചെയേണ്ടത് , ശരീരത്തിന് കേടില്ലാത്ത ആഹാരം സ്വന്തം വീട്ടിൽ ഉണ്ടാവുന്നത് അല്ലെ നോക്കേണ്ടത് എന്നുള്ള ഒറ്റ ചൂണ്ടയിൽ ഞാൻ വീണുപോകും. അല്ലെങ്കിലും ഞാൻ പണ്ടേ ദുർബല ഹൃദയൻ ആണല്ലോ. കൂടാതെ പുറത്തു നിന്നും ഫുഡ് കഴിച്ചു ചിലപ്പോൾ ആശുപത്രിയിൽ കൊടുക്കേണ്ടി വരുന്ന ചിലവ് ആലോചിക്കുമ്പോൾ തന്നെ ഞെട്ടൽ വരുകയും ചെയ്യും.

പാലിന്റെ കാര്യം പെട്ടെന്ന് നീക്കുപോക്ക് ഉണ്ടാക്കാൻ പറ്റിയില്ലെങ്കിലും ഒരു പശുക്കുട്ടിയെ കിട്ടിയതിനാൽ അതിനെയും വളർത്തി തുടങ്ങി. നല്ല ഫ്രഷ് പാല് നാത്തൂൻ കൊണ്ടുവന്നു തരുന്നതുകൊണ്ടു നമുക്ക് അതിന്റെ ക്വാളിറ്റി ഉറപ്പിക്കാം. കഴിഞ്ഞ അവധിക്കാലം പശുകുട്ടിയോടു സൊറ പറഞ്ഞു ,അതിന്റെ പിന്നാലെ നടന്നു ഞാൻ കുറച്ചു സ മയം കഴിച്ചു കൂട്ടി എന്നതും ,മൂക്ക് കയറു ഇല്ലാത്തതിനാൽ എന്നെ ഇടയ്ക്കിടെ ഓടിച്ചു എന്നുള്ളതും ഓർമ്മിപ്പിക്കപ്പെടേണ്ട സംഗതി ആണ്. ഒരിക്കൽ അമ്മ കയറൂരി കഴിഞ്ഞപ്പോഴേക്കും പശുക്കുട്ടി ഓടി , കാലിൽ കയറു ചുറ്റി വീഴാൻ തുടങ്ങിയതിനു പിന്നാലെ , അടുത്ത ഞായറാഴ്ച മൂക്ക് കയറിന്റെ കാര്യത്തിൽ തീരുമാനം ആയി. അവളുടെ ഓട്ടത്തിനും.

വീട് പണിതപ്പോൾ മുറ്റത്തു ഒരു അലങ്കാരം പോലെ ചെറിയ ഒരു മീൻ കുളം ആണ് ഉണ്ടാക്കിയിരുന്നത് . അതിൽ ഇട്ട വാള വളർന്നു ഏകദേശം മുക്കാൽ കിലോയോളം ആയപ്പോൾ ആണ് അതിനെ മാറ്റി പിരാലിനെ ഇട്ടതു . കൂടാതെ തൊഴിൽ ഉറപ്പു കാരുടെ സഹകരണത്തോടെ പറമ്പിൽ ഒരു കുളം നിർമ്മിച്ച് അതിൽ കുറെ സിലോപ്പിയേയും ഇട്ടു. മീനിനെ വളർത്തുന്ന വലിയ പണി – ഇത്തിരി തീറ്റ എറിഞ്ഞു കൊടുക്കുക , ഇടയ്ക്കിടെ ഇത്തിരി വെള്ളം മാറ്റി , വെള്ളത്തിന്റെ pH ക്രമീകരിക്കുവാൻ ഉപ്പു ഇട്ടു കൊടുക്കുക എന്നതെല്ലാം റോസിയും ജോയലും നോയലും കൃത്യമായിട്ടല്ലെങ്കിലും ചെയ്യുന്നുണ്ട്.

റോസിക്ക് വീടിനുള്ളിലെ അക്വേറിയത്തിൽ ഉള്ള മീനും , ജോയലിനു മുറ്റത്തെ പിരാലിനു ഉള്ളതും , മൂത്തവൻ എന്നുള്ള നിലയിൽ നോയലിനു പറമ്പിലെ കുളത്തിലെ മീനും നോക്കുന്ന ജോലി – വീതം വെച്ച് നൽകി എന്നുള്ളതാണ് സത്യം. പിന്നെ റോസി സ്വന്തം ഇഷ്ടപ്രകാരം രാവിലെ കുഞ്ഞൻ മുയലുകൾക്കു തീറ്റ കൊടുക്കുവാനും , അവയെ താലോലിക്കുവാനും, കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ അടുക്കളയിൽ കൊണ്ടുവന്നു കുറച്ചു നേരം കാലു ഓടിക്കുവാനും അവൾ സമയം കണ്ടെത്തിയിരുന്നു.

ഒരിക്കൽ രാവിലെ എണീറ്റ് വന്നു നോക്കിയപ്പോൾ മുയലിന്റെ കുഞ്ഞു ഒരെണ്ണം കൂട്ടിൽ ചത്ത് കിടക്കുന്നു. ഒരെണ്ണത്തിനെ കാലു ആരോ കടിച്ചു പറിച്ചിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റ് വന്നതിൽ പിന്നെ ചാത്തന്മാർ ഇല്ല എന്നതിനാൽ , വല്ല കാട്ടുമാക്കാൻ ആവും എന്ന ചിന്തയിൽ ക്യമാറ നോക്കിയപ്പോൾ ആണ് ആ നഗ്ന സത്യം മനസിലായത്. രാത്രിയുടെ ഇരുണ്ട യാമത്തിൽ – കള്ളൻ കേറുന്ന സമയം – വെളുപ്പിന് രണ്ടു മണിക്ക് മുന്നിലത്തെ ഗേറ്റിന്റെ അടിയിലൂടെ നൂഴ്ന്നു രണ്ടു പട്ടികൾ വന്നു , കൂട്ടിൽ താഴേക്കു ഇത്തിരി ചാടി കിടന്ന കാലു പിടിച്ചു കടിച്ചതാണ്. പിന്നീട് കൂട്ടിൽ ചെറിയ മോഡിഫിക്കേഷൻ വരുത്തിയാണ് അതിനെ സംരക്ഷിച്ചത്. കൂടാതെ പിന്നീട് ഗേറ്റിന്റെ താഴെ ഓപ്പൺ ആയി കിടന്ന സ്ഥലത്തു ഒരു ചാനെൽ കൂടി വെച്ച് വെൽഡ് ചെയ്തു , അതും പരിഹരിച്ചു.

അങ്ങിനെ പശുകുട്ടിയും , മുയലും , കോഴിയും , താറാവും , മീനും , കൂടാതെ പിറകിലെ മുറ്റത്തുള്ള ഫാഷൻ ഫ്രൂട്ടും , മുന്നിലെ കോവക്കയും പയറും , വാർക്ക പുറത്തെ പാവയ്ക്കാ പന്തലും ഏകദേശം നന്നായി പോകുന്ന സമയം.ആദ്യഘട്ടത്തിൽ വാങ്ങിയ കോഴികളിൽ മൂന്നു നാല് പൂവൻ കുഞ്ഞുങ്ങൾ ആയതു മുട്ടയുടെ എണ്ണത്തിൽ കുറവ് വരുത്തിയെങ്കിലും , താറാവിന് കുഞ്ഞുങ്ങൾ മുട്ട ഇട്ടു തുടങ്ങി. അങ്ങിനെ ആദ്യം മേടിച്ച നാല് വെള്ള താറാവിൻ കുഞ്ഞുങ്ങൾ ഓരോന്നായി മുട്ട ഇടുന്നെന്നെകിലും ഇവറ്റകൾക്ക് അച്ചടക്കം ഇല്ലാത്തതിനാൽ , പറമ്പിലോ , കൂട്ടിലോ എവിടെ ആണ് മുട്ട ഇടുന്നതു എന്ന് അറിയില്ല.

കോഴികൾ താറാവിനെ പോലെ അല്ലല്ലോ .. മുട്ട ഇട്ടു കഴിഞ്ഞാൽ നാട്ടുകാരെ വിളിച്ചറിയിക്കുന്ന കൂട്ടത്തിൽ എവിടെന്നോ വന്ന കാക്കക്കും കാര്യങ്ങൾ പിടി കിട്ടിയതിനാൽ , ഇടയ്ക്കിടെ അവന്റെ ശല്യവും ഉണ്ടായി തുടങ്ങി. പിന്നീട് വിറകു പുരയുടെ അടിയിൽ, പ്രത്യേക രീതിയിൽ നിർമ്മിച്ച ബങ്കറിൽ ആണ് കോഴികളെ മുട്ട ഇടീച്ചതു എന്ന് വേണമെങ്കിൽ പറയാം.. എങ്കിലും എല്ലാദിവസവും മുട്ട കിട്ടിക്കൊണ്ടിരുന്നപ്പോൾ പച്ചക്കറിയിൽ ആശ്വാസം കിട്ടാതിരുന്ന കുട്ടീസ് , പ്രാർത്ഥന കഴിഞ്ഞാൽ , അടുക്കളയിലേക്കു ഒരോട്ടമാവും. “കോഴി ബുൾസൈ ആണോ, താറാവ് ബുൾസൈ ആണോ ഇന്ന് വേണ്ടത്” എന്നുള്ള ചോദ്യം ചിലപ്പോൾ ഞാനും വീട്ടിലേക്കുള്ള വിളിയിൽ കേട്ടിട്ടുണ്ട്.

അങ്ങിനെ പോകെ പോകെ കോഴി മുട്ട കിട്ടുന്നുണ്ടെകിലും , താറാവിൻറെ മുട്ട കിട്ടാതെ ആവുന്നു. രാവിലെ വരുമ്പോൾ കൂടിന്റെ താഴെ മുട്ട പൊട്ടി കിടക്കുന്നു. അത് വല്ല പാമ്പിൻ കുഞ്ഞുങ്ങളും വന്നു കുടിക്കുന്നത് ആണോ എന്ന് അറിയില്ലാത്തതിനാൽ,.അടുത്ത ദിവസം ക്യാമറ അങ്ങോട്ട് തിരിച്ചുവെച്ചു. രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും മുട്ട പൊട്ടിയപ്പോൾ ആണ് സംഗതി കള്ളനെ പിടികിട്ടിയത്. മുട്ട ഇടുന്ന മുറക്ക് അടുത്ത് നിൽക്കുന്ന വീരന്മാർ ആയ രണ്ടു പേർ അത് കൊത്തി കുടിക്കുന്നു.പിറ്റേന്ന് ഒന്നും അറിയാത്ത പോലെ അഴിച്ചു വിടുമ്പോൾ, കുളത്തിൽ പോയി അർമാദിക്കുന്നു.
ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ആണ് , കാൽസ്യം കുറഞ്ഞാൽ , താറാവ് , മുട്ട കൊതി കുടിക്കും എന്ന് കേട്ടത് . സംഗതിയെ കുറിച്ച് കൂടുതൽ അന്വേഷണം ഒന്നും നടത്തുവാൻ പോയില്ല..അന്ന് വൈകിട്ട് തന്നെ ഞാനും ചേട്ടൻ അച്ഛനും കൂടി രണ്ടെണ്ണത്തിനെ പിടിച്ചു ശരിയാക്കി. കട്ടവനെ ആണോ പിടിച്ചത് എന്ന് ആശങ്ക ഉണ്ടെങ്കിലും , രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും മുട്ട കൂട്ടിൽ വന്നു തുടങ്ങിയത് ഒരു ആശ്വാസം ആയി.
എല്ലാത്തിനെയും വളർത്താനും കറിവെക്കാനും ബിന്ദുസ് നു താല്പര്യം ആണെങ്കിലും , കൊല്ലുന്ന കാര്യത്തിൽ ബിന്ദു അത്ര പോരാ. ഒന്നുകിൽ ചേട്ടനോ , അല്ലെങ്കിൽ നാത്തൂനോ വരണം കോഴിയെയോ , താറാവിനെയോ , മുയലിനെയോ കൊല്ലുവാനായി. അങ്ങിനെ കഴിഞ്ഞ പ്രാവശ്യം ഞാൻ തിരിച്ചു പോരുന്ന സമയത്തും , താറാവും , കോഴിയും , മുയലും ബാക്കി ആയിരുന്നു. എങ്കിലും കുഞ്ഞുങ്ങൾ ഉണ്ടാവുന്നതനുസരിച്ചു , കുറെയെണ്ണം വിറ്റു , അവക്കുള്ള തീറ്റയുടെ പൈസ ബിന്ദുസ് ഉണ്ടാക്കിയിരുന്നു. വിൽപ്പനക്ക് വെള്ള മുയൽ ആണ് കൂടുതൽ ആവശ്യക്കാർ എന്നറിഞ്ഞു , ഒരു ജോഡി വെള്ള മുയലിനെയും മേടിച്ചു. ഇനി അതായിട്ടു എന്തിനു കുറക്കണം !!! ഒരു പ്രസവത്തിനു 6 – 8 വരെ കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിനാൽ കൂടു നിറഞ്ഞു , പിന്നിൽ ഉണ്ടാക്കിയ ഒരു മുറിയിലേക്ക് അവയെ മാറ്റേണ്ടി വന്നു. മുറി നിറയെ കുഞ്ഞുങ്ങൾ . ഇങ്ങനെ ആണെകിലും വേനൽ കടുത്തപ്പോൾ ബാക്കി വന്ന താറാവുകളെ എല്ലാം ഒരുമിച്ചു വിറ്റു കൂടു കാലിയാക്കി. ഇനി കുറച്ചു കോഴികളും, കുറച്ചു മുയലുകളും മീനും ആണുള്ളത്.

പറഞ്ഞു വന്നത് , ഈ കോഴിയേയും , മുയലിനെയും, മീനിനെയും ശരിയാക്കണമെങ്കിൽ , അടുത്ത അവധിക്കുള്ള അപേക്ഷ കൊടുക്കേണ്ട സമയവുമായി എന്നുള്ളത് ആണ്. കൂടാതെ കോവിഡിന്റെ നാലാമങ്കം കഴിഞ്ഞു , അടുത്ത അങ്കത്തിനുള്ള പുറപ്പാടിൽ നിൽക്കുമ്പോൾ, വരുന്ന സീസൺ കൊഴിപ്പിക്കുന്നതിനു എത്ര ആവും ബഡ്ജറ്റ് എന്നുള്ള ചിന്തയിൽ ആണ് പാവം ഞാൻ.

Toby Mathew
