
പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ”|ആദിത്യം എന്ന യാഥാർത്ഥ്യത്തിന്റെ കേരള പാരമ്പര്യവും അതിലെ ആത്മീയതയും നഷ്ടപ്പെടുത്തരുത്.
ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല
വിവാഹാന്തരം പന്തലിൽ നടക്കുന്ന വിരുന്ന് സൽക്കാരത്തോടനുബന്ധിച്ച് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിനോട് ചേർന്നുള്ള പാട്ടുകളും അരങ്ങേറുന്ന ക്രൈസ്തവ സമുദായക്കാരുണ്ട്.അവരുടെ കല്യാണ ചടങ്ങുകൾ ആരംഭിക്കുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഒരറിയിപ്പ് കേൾക്കാറുണ്ട്. ധൃതിയുള്ളവർക്കു വേണ്ടിഹാളിന്റെ പുറത്ത് ബഫേ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. യഥാർത്ഥത്തിൽ ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല.

വിവിധയിനം ഭക്ഷണം പ്രദർശിപ്പിച്ചിരിക്കുന്നതിൽ നിന്നും തങ്ങളുടെ രുചിക്കനുസരിച്ച് എടുത്ത് ഭക്ഷിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരി ക്കുന്നതിനെയാണ് ഫ്രഞ്ച് ഭാഷയിൽ ബഫേ (Buffet)എന്ന്പറയുന്നത്. സ്റ്റാർ ഹോട്ടലുകൾ, ക്രൂയിസ് കപ്പലുകൾ(Cruise ship),കമ്പനികളുടെ കോർപ്പറേറ്റ് മീറ്റിങ്ങുകൾ ഇവിടങ്ങളിലെല്ലാം ബഫേ രീതിയിലാണ് ഭക്ഷണം ക്രമീകരിക്കുന്നത്.
വിവിധ കോഴ്സുകളിലായി ഭക്ഷണം ക്രമീകരിച്ചിരിക്കുന്നിടത്ത് കൂട്ടുകാർ ചേർന്നിരുന്ന് വിശേഷങ്ങൾ പറഞ്ഞു രസിച്ചുള്ള ഭക്ഷണം ആനന്ദകരമാണ്. കലാപരിപാടികൾ അരങ്ങേറുന്നുണ്ടെങ്കിൽ അതിനും സമയം വേണ്ടിവരും.പല ഹോട്ടലുകാർ ചേർന്നും, സംഘടനകൾ സമ്പത്ത് സമാഹരിക്കുന്നതിന് വേണ്ടിയും നടത്തുന്ന ഫുഡ് കോർട്ടുകളിലും ബഫേ രീതിയേനടപ്പിലാകൂ.
തികച്ചും സ്വകാര്യമായ വിവാഹ വിരുന്നിൽ ക്ഷണിച്ചുവരുത്തുന്നവരെ പാത്രം കൊടുത്തു ക്യൂവിൽ നിർത്തുന്നത് പലപ്പോഴും അപമാനമായി തോന്നാം. വയസ്സായവർ അംഗപരിമിതിയുള്ളവർ കുട്ടികളോടൊപ്പം വരുന്ന സ്ത്രീകൾ തുടങ്ങിയവർക്ക് ബഫേയിൽനിന്നും ഭക്ഷണം കൊണ്ടുവരിക ബുദ്ധിമുട്ടാണ്.
പുതുമടി ശീലക്കാർ ഉയർന്നുവരുന്ന മാറിയകാലത്ത് വിവാഹാഘോഷങ്ങൾ ആൾക്കൂട്ടമായി മാറുന്നുണ്ട്.സൗകര്യങ്ങൾ കൊണ്ടും കാലാനുസൃത സേവന രീതിയുടെ ഭാഗമായി മാറിയും നൂതനകാലത്തെ ഒരു ഓപ്ഷനായി ബഫേ നിലകൊള്ളുമ്പോഴും, ചെലവിന്റെയും സൗകരൃത്തിന്റെയും പേരിൽ നമ്മുടെ പരമ്പരാഗതമായ ആദരവ്, ആചാരം,സൗഹൃദം, പൈതൃകം, കൂട്ടായ്മ, രുചി ഇതിലൊന്നും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല . ഇന്നത്തെ റിസോർട്ടുകളും പാർട്ടി ഹാളുകളും പ്രചരിപ്പിക്കുന്ന ബഫേ സമ്പ്രദായം, ആദിത്യം എന്ന യാഥാർത്ഥ്യത്തിന്റെ കേരള പാരമ്പര്യവും അതിലെ ആത്മീയതയും നഷ്ടപ്പെടുത്തരുത്.

എടുത്തു പറയട്ടെ കേരളീയ ആചാരത്തിൽ പ്രത്യേകിച്ച് ക്രൈസ്തവ കല്യാണങ്ങളിൽ അതിഥിയെ മനോഹരമായി ഇരുത്തി സേവിക്കുക എന്നത് അതിഥി ആദരവിന്റെ ഭാഗമായിരുന്നു എന്തുവന്നാലും അത് തുടരുക തന്നെ വേണം.

ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയിൽ
