മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്യട്ടെ: പ്രതിപക്ഷം ഇരകളായ സാധാരണക്കാരിലേക്കിറങ്ങുമെന്ന് വിഡി സതീശൻ

Share News

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളുമായി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖര്‍ക്കു വേണ്ടി സമയം കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാന വര്‍ഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങും. പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. കേരളത്തിലേത് ഇടതുപക്ഷമല്ല. തീവ്ര വലതുപക്ഷ നിലപാടിലേക്ക് പോകുകയാണ്.എല്ലാ കാലഘട്ടത്തിലും അടിസ്ഥാന വര്‍ഗങ്ങള്‍ക്കു വേണ്ടി മാത്രം സംസാരിച്ചിരുന്ന സി.പി.എം അധികാരം കിട്ടിയപ്പോള്‍ വരേണ്യവര്‍ഗത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദ്-മുബൈ ബുള്ളറ്റ് ട്രെയിന്‍ വരേണ്യവര്‍ഗത്തിനു വേണ്ടിയുള്ളതെന്നായിരുന്നു സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണം. എന്തിനാണോ മോദിയെ വിമര്‍ശിക്കുന്നത്, അതേ ഭാഷയില്‍ സീതാറാം യെച്ചൂരിക്ക് പിണറായി വിജയനേയും വിമര്‍ശിക്കേണ്ടി വരും.- സതീശൻ പറഞ്ഞു

ഞാന്‍ ഇങ്ങനെയേ ചെയ്യൂ എന്നു പറയുന്ന മുഖ്യമന്ത്രി പൊതുസമൂഹത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിക്കുകയാണ്. നാളെ നടക്കുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട തുടര്‍ സമരം തീരുമാനിക്കും. പാരിസ്ഥിതികമായ ആഘാതം കേരളത്തെ മുഴുവന്‍ ബാധിക്കും. സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ മാത്രമല്ല, കേരളം ഒന്നാകെയാണ് പദ്ധതിയുടെ ഇരയായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share News