രോഗശമനത്തിനു ആധുനിക ന്യൂറോ സർജറിയുടെ സംഭാവനകൾ ..

Share News

നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ ഒട്ടേറെ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും – അവ തലച്ചോറും നട്ടെല്ലുമാണ്. ഈ കാരണം കൊണ്ട് തന്നെ സ്വാഭാവികമായും വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും അധികം വെല്ലുവിളികൾ നേരിടേണ്ടി വരുന്നതും ഇവയ്ക്കു തന്നെയാണ്. തലച്ചോറിന്റെയും നട്ടെല്ലിന്ടെയും വിവിധ തരത്തിലുള്ള രോഗങ്ങളെയും അസ്വാഭാവികതകളെയും ന്യൂറോസർജറി കൈകാര്യം ചെയ്യുന്നു. തലച്ചോർ – നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകൾ എന്നും സങ്കീർണ്ണവും അത്യധികം കൃത്യതയും ആവശ്യപ്പെടുന്ന ഒരു മേഖലയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

തലച്ചോറ് , നട്ടെല്ല് എന്നിവിടങ്ങളിൽ വരുന്ന തികച്ചും സങ്കീർണ്ണവും മാരകവുമായ രോഗങ്ങളെ പോലും ഇന്ന് ആധുനിക ന്യൂറോ സർജറിയുടെ സഹായത്താൽ പരിഹരിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ടത് തന്നെയാണ്. വൈദ്യശാസ്ത്ര രംഗത്തെ വിപുലമായ ഗവേഷണങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും പുറമെ ശസ്ത്രക്രിയാ രീതികളിൽ വന്നുചേർന്നിരിക്കുന്ന അതിനൂതനമായ പുരോഗമനങ്ങളുടെ ഫലമായി ന്യൂറോസർജറി അതിശ്രേഷ്ഠമായി തന്നെ മെച്ചപ്പെട്ടിരിക്കുന്നു എന്നുള്ളത് പ്രശംസനീയമായ കാര്യമാണ്. ഓരോ ശസ്ത്രക്രിയയുടെ വിജയത്തിലും ഒരു ന്യൂറോസർജൻ അനുഭവിക്കുന്ന ചാരിതാർഥ്യം അക്ഷരാർത്ഥത്തിൽ പറഞ്ഞറിയിക്കാൻ ആവാത്തതിലും അധികമാണ്.

ഏറെ വൈദഗ്‌ദ്ധ്യവും, നിരന്തര പരിശ്രമവും, അതിലും ഉപരിയായി ശാസ്ത്രക്രിയയിലുള്ള പരിജ്ഞാനവും ശാരീരിക സഹിഷ്ണുതയും ഒരുപോലെ ആവശ്യപ്പെടുന്ന മേഖലയാണ് ന്യൂറോസർജറി. ഒരു ശരാശരി ന്യൂറോസർജറി ഏകദേശം 4-8 മണിക്കൂർ വരെ നീണ്ടുനിൽക്കുന്നവയാണ്. ചില സങ്കീർണമായ ശസ്ത്രക്രിയകൾ 18-24 മണിക്കൂർ വരെ നീണ്ടുനിൽക്കും. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റുമുള്ള ഘടനകളെയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ വിതരണം ചെയ്യുന്ന ഞരമ്പുകളെയും ബാധിക്കുന്ന മെഡിക്കൽ അവസ്ഥകളുള്ള രോഗികളുടെ മാനേജ്മെന്റ് അല്ലെങ്കിൽ ചികിത്സയാണ് ന്യൂറോ സർജറി. ഇത്തരം പ്രശ്‌നങ്ങളുള്ള രോഗികളുടെ രോഗനിർണയം, ചികിത്സ, പ്രതിരോധം, പുനരധിവാസം എന്നിവ ഈ മാനേജ്‌മെന്റിൽ ഉൾപ്പെടുന്നു. പരിശീലനത്തിന് എടുക്കുന്ന സമയം കാരണം ഈ സ്പെഷ്യലൈസേഷൻ മേഖല സങ്കീർണ്ണമാണ്. പിഴവ് സംഭവിക്കാനുള്ള മാർജിൻ വളരെ കുറവായതിനാൽ സാങ്കേതികമായും തൊഴിൽപരമായും ഒരുപാട് വെല്ലുവിളി നിറഞ്ഞതുമാണ്.

തലച്ചോർ നട്ടെല്ല് എന്നിവയ്ക്ക് സംഭവിക്കുന്ന പരിക്കുകൾ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്ന് നോക്കാം:

റോഡിൽ വച്ചുണ്ടാവുന്ന അപകടങ്ങൾ, തലയിടിച്ചുള്ള വീഴ്ചകൾ, ആക്രമണങ്ങൾ മൂലം സംഭവിക്കുന്ന ശിരസ്സിലെ പരിക്കുകൾ എന്നിവയെല്ലാം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യേണ്ടതു ഒരു ന്യൂറോസർജൻൻ്റെ പ്രവൃത്തിമണ്ഡലത്തിൽ പെടുന്നതാണ്. അപകടം സംഭവിച്ചത് മൂലം തലയിൽ ഏൽക്കുന്ന പരിക്കുകൾ Clot-നു കാരണമാവുന്നു. ഇത് സസൂക്ഷ്മം നീക്കം ചെയ്യുക, അപകടം മൂലം തലയോട്ടിയിൽ ഉണ്ടാവുന്ന പൊട്ടലുകൾ, നട്ടെല്ലിൽ ഉണ്ടാവുന്ന പൊട്ടലുകൾ എന്നിവ പരിഹരിക്കാൻ വേണ്ടുന്ന സങ്കീർണമായ പ്രക്രിയകളും ഒരു ന്യൂറോസർജൻ ചെയ്തുവരുന്നു. Hypertensive Bleeds, Abnormal Vessel Bleeds മുതലായ യാദൃശ്ചികമായി സംഭവിക്കുന്ന രക്തസ്രാവം വഴി രൂപപ്പെടുന്ന Clots നീക്കം ചെയ്യുന്നതും ന്യൂറോസർജൻ തന്നെയാണ്. Coiling, Embolisation പോലുള്ള Minimally Invasive Interventional തെറാപ്പികൾ മികച്ച ഫലസാധ്യത ഉറപ്പു വരുത്തുന്നു.

അപകടത്തിൽ പെട്ട ഒരു വ്യക്തിയെ ഹോസ്പിറ്റലിൽ എത്തിക്കുന്നത് വരെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട് എന്ന് നോക്കാം:

അപകടത്തിൽ പെട്ട ഒരു വ്യക്തിയെ തീർത്തും സൂക്ഷ്മമായി വേണം നമ്മൾ കൈകാര്യം ചെയ്യാൻ. നമ്മൾ കൈകാര്യം ചെയ്യുന്നതിലുള്ള പിഴവ് മൂലം പരിക്കുകളുടെ ആധിക്യം ഒരിക്കലും കൂടാൻ പാടില്ല.

# തുടർച്ചയായി രക്തസ്രാവമുണ്ടെങ്കിൽ നല്ല വൃത്തിയുള്ള ഒരു തുണികൊണ്ടു പരിക്കേറ്റ സ്ഥലത്തു രണ്ടു മുതൽ മൂന്നു മിനിട്ടു വരെ നല്ല പ്രഷർ കൊടുക്കുക.

# കൈയിലോ കാലിലോ ആണ് പരിക്കെങ്കിൽ അവ ഉയർത്തി പിടിയ്ക്കാം. ഹൃദയത്തിനു മുകളിൽ ഉയർത്തി പിടിക്കുക വഴി രക്തസ്രാവത്തിന്റെ പ്രഷർ കുറയാൻ സഹായിക്കും, അതോടൊപ്പം തന്നെ ബ്ലീഡിങ് ഒരു പരിധി വരെ കുറയുകയും ചെയ്യും.

# നട്ടെല്ലിന് എന്തെങ്കിലും പരിക്കുകളുണ്ടോ എന്ന് ഉറപ്പില്ലാത്തതിനാൽ അടുത്തുള്ള ആശുപത്രിയിലേക്ക് നീങ്ങുമ്പോൾ കഴുത്ത് കോളർ ഉപയോഗിച്ച് നിശ്ചലമാക്കേണ്ടത് പ്രധാനമാണ്. ഈ രോഗികൾ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ സുരക്ഷിതമായി എത്തുമെന്ന് ഉറപ്പാക്കുക.അപകടത്തിന് ശേഷം ആദ്യത്തെ ഒരു മണിക്കൂർ “GOLDENHOUR” അഥവാ സുവർണ്ണ മണിക്കൂർ എന്ന് പറയുന്നു. അപകടത്തിൽപ്പെടുന്നവർക്ക് ഈ മണിക്കൂറിൽ തൽക്ഷണവും ശരിയായതുമായ പ്രാഥമിക ചികിത്സ നൽകുന്നത് അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും പരിക്കുകളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു. തലയുടെയും നട്ടെല്ലിന്റെയും ട്രോമയെക്കുറിച്ചുള്ള ഗവേഷണവും ധാരണയും വർദ്ധിച്ചതോടെ ചികിത്സയുടെ വിജയ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് (ഏകദേശം 95% എന്ന തോതിൽ ആണ് വിജയനിരക്കു)

തലച്ചോറിന്റെയും നട്ടെല്ലിന്റെയും മുഴകൾ/കാൻസർ എന്നിവയുടെ ചികിത്സകളെക്കുറിച്ചു നോക്കാം:

ആധുനിക സാങ്കേതിക വിദ്യയുടെ വരവോടെ ശാസ്ത്രക്രിയാരീതികളിൽ അനുദിനം വന്നുചേർന്നു കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെ ഫലമായി തലച്ചോറിലും സ്‌പൈനൽ കോർഡിലും കണ്ടുവരുന്ന വിവിധയിനം ക്യാൻസർ, ട്യൂമർ എന്നിവയെ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നു എന്നതും എടുത്തുപറയേണ്ട ഒന്നാണ്.

Meningiomas, Low Grade Gliomas, Pituitary Tumors, Germ Cell Tumors, Schwanommas , Cavernomas, Lymphomas തുടങ്ങിയ ട്യൂമറുകൾ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുന്നു. ഇവക്കെതിരെ പൊരുതുവാനായി വിപുലമായ പഠനങ്ങളും ഗവേഷണങ്ങളും ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുകയാണ്.

ശസ്ത്രക്രിയ വഴി (ക്രെയ്നിയോറ്റമി ) നീക്കംചെയ്യൽ (റിസെക്ഷൻ) ആണ് പ്രാഥമികവും ഏറ്റവും ആവശ്യമുള്ളതുമായ നടപടി. എൻഡോസ്കോപ്പിക് ശസ്ത്രക്രിയകളും നടത്തുന്നു. അൾട്രാമോഡെൺ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പുകൾ, ന്യൂറോനാവിഗേഷൻ സിസ്റ്റങ്ങൾ, കവിട്രോൺ അൾട്രാ സോണിക് ആസ്പിറേറ്റർ (CUSA), എൻഡോസ്കോപ്പുകൾ, മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയുടെ ലഭ്യതയോടൊപ്പം ശസ്ത്രക്രിയാ രീതികളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനൊപ്പം ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയുടെ സുരക്ഷയും വിജയനിരക്കും ഗണ്യമായി മെച്ചപ്പെട്ടു.

Awake ക്രെയ്നിയോറ്റമി-പ്രത്യേക കേന്ദ്രങ്ങളിൽ ചെയ്യുന്ന ഒരു പ്രത്യേക തരം മസ്തിഷ്ക ശസ്ത്രക്രിയയാണിത്.ഇവിടെ രോഗിക്ക് ശസ്ത്രക്രിയയ്ക്കിടെ ശസ്ത്രക്രിയാ വിദഗ്ധനുമായി സംസാരിക്കാൻ കഴിയും .ഇത് പ്രത്യേക അനസ്തെറ്റിക് ടെക്നിക്കുകളിലൂടെ സാധ്യമാണ്. ശസ്ത്രക്രിയയ്ക്കിടെ വൈകല്യങ്ങൾ തടയാൻ ഇത് സഹായിക്കുന്നു.

Immunotherapy /Biological Response Modifier (BRM ) Therapy, Oncolytic Virus Therapy, Targeted Therapy of Faulty Genes or Proteins, Gene Therapy, Hormonal Therapy, Photodynamic Therapy, Electric Field Therapy എന്നീ ചികിത്സനടപടികൾ തീർച്ചയായും വരുംനാളുകളിൽ പ്രത്യാശ പകരുന്നവയാവും എന്നതിൽ സംശയം വേണ്ട.

സ്പൈനൽ ഡിസ്കിനു സംഭവിക്കുന്ന പ്രശ്നപരിഹാരം എപ്രകാരം:

ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ് പതിന്മടങ്ങു വർധിച്ചു വരുന്ന കഴുത്തിൻ്റെയും നടുവിൻ്റെയും വേദനയും അതോടൊപ്പം തന്നെയുള്ള Disc Prolapse-ഉം. അതിസൂക്ഷ്മ ശാസ്ത്രക്രിയയുടെ ആഗമനത്തോടൊപ്പം തന്നെ ശരീരഘടനാ ശാസ്ത്രത്തിലുള്ള പരിപൂർണ്ണ ഗ്രാഹ്യവും ഒത്തൊരുമിച്ചപ്പോൾ Disc സംബന്ധിയായ ശസ്ത്രക്രിയകൾ തീർത്തും സുരക്ഷിതവും അതിശയിപ്പിക്കും വിധത്തിലുള്ള ഫലപ്രാപ്തിയും നേടിത്തന്നിരിക്കുന്നു.

കീഹോൾ ശസ്ത്രക്രിയ താരതമ്യേന സുരക്ഷിതമായ പ്രക്രിയയാണ്, വിജയ നിരക്ക് 95% ൽ കൂടുതലാണ്. ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പുകൾ, ന്യൂറോ മോണിറ്ററിംഗ്, ഹൈ-ക്ലാസ് ഇംപ്ലാന്റുകൾ പോലുള്ള ലഭ്യമായ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്, സെർവിക്കൽ ഡിസ്ക് പ്രശ്നങ്ങൾക്കും അനുബന്ധ പ്രശ്നങ്ങൾക്കുമായുള്ള ശസ്ത്രക്രിയകൾ താരതമ്യേന സുരക്ഷിതവും ലളിതവുമാണ്ചില കഠിനമായ സന്ദർഭങ്ങളിൽ, രോഗബാധിത പ്രദേശത്ത് കൃത്രിമ ഇംപ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. കൂടാതെ ആശുപത്രിവാസം കുറച്ച് ദിവസത്തേക്ക് മാത്രമായിരിക്കും.

സ്ട്രോക്ക്

മസ്തിഷ്കാഘാതത്തി൯െറ പ്രത്യേകത എന്താണെന്ന് വച്ചാൽ അതിന്റെ ലക്ഷണങ്ങൾ വളരെ പെട്ടെന്നാവും കാണപ്പെടുക. ജോലിസ്ഥലത്തോ അതോ വീട്ടിലോ ഇങ്ങനെയൊരു അവസ്ഥ കണ്ടു കഴിഞ്ഞാൽ പ്രധാനമായും ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രിയിലേക്ക് എത്തിക്കുക എന്നാണ്. കാരണം ആദ്യത്തെ നാലര മണിക്കൂർ വളരെ നിർണായകരമാണ്. സ്ട്രോക്ക് വന്ന വ്യക്തിക്ക് വേണ്ടുന്ന ഇൻജെക്ഷൻ എത്രയും വേഗം കൊടുക്കുന്നത് വഴി അത്രയും വേഗം രോഗമുക്തി സാധ്യമായി വന്നേക്കാം. ഒരു കാരണവശാലും ഏതെങ്കിലും പ്രാദേശിക ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കായി സമയം പാഴാക്കരുത്. ഏറ്റവും മികച്ച സജ്ജീകരണങ്ങൾ ഉള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ട് പോകുവാൻ ശ്രമിക്കേണ്ടാതാണ്.

അപസ്മാര ശസ്ത്രക്രിയയും ജന്മനായുള്ള തലച്ചോറ് – നട്ടെല്ല് സംബന്ധിച്ച അപാകതകളും:

അപസ്മാരം കാരണം തലച്ചോറിൽ സംഭവിക്കുന്ന കേടുപാടുകൾ നീക്കം ചെയ്യപ്പെടുന്നതും ഇപ്പോൾ ന്യൂറോസർജറിയുടെ സഹായത്താൽ സാധ്യമാണ്. തലച്ചോറ് – നട്ടെല്ല് എന്നിവയെ സംബന്ധിച്ച അനുരൂപമായ അപാകതകൾ വരെ ന്യൂറോസർജൻ തികഞ്ഞ നൈപുണ്യത്തോടെയാണ് നേരിടുന്നത്.

ഏതൊരു ന്യൂറോസർജിക്കൽ രോഗിയും ഒരു ന്യൂറോസർജൻ -ൻ്റെ അരികിൽ എത്തുന്നത് ഗുരുതരമായ രോഗാവസ്ഥയിലായിരിക്കും. അതിനാൽ തന്നെ സുദീർഘമായ വൈദ്യപരിചരണം ആവശ്യവുമായി വരുന്നു. ഒരു രോഗിയെ സംബന്ധിച്ചു മരണത്തിനടുത്തുനിന്നും ജീവിതത്തിലേക്കുള്ള അയാളുടെ തിരിച്ചുവരവിന് പിന്നിൽ ഒരു ന്യൂറോസർജൻ -ൻ്റെ വിരാമമില്ലാത്ത നിരന്തര പരിശ്രമമുണ്ട്. അമേരിക്കൻ എഴുത്തുകാരനായ പോൾ കലാനിധി ഇപ്രകാരം പറഞ്ഞിരിക്കുന്നു “എല്ലാ ഡോക്ടർമാരും രോഗങ്ങളെ ചികിത്സിക്കുമ്പോൾ, ന്യൂറോ സർജന്റെ ജോലി എന്നത് ഐഡന്റിറ്റിയുടെ സൂക്ഷ്മപരിശോധനയാണ്. മസ്തിഷ്കത്തിലെ ഓരോ ഓപ്പറേഷനും, അനിവാര്യമായും, നമ്മുടെ അന്തസത്തയെ ഒരു വിധത്തിൽ കൈകാര്യം ചെയ്യുന്നതിന് തുല്യമത്രേ”.

ഒരു ന്യൂറോസർജൻ എന്ന നിലയിൽ, സങ്കീർണമായ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികളെയും അവരുടെ കുടുംബങ്ങളെയും കാണാനും സന്തോഷം നൽകാനുമുള്ള പദവിയാണ് ഇതിനെ ഏറ്റവും മനോഹരമാക്കുന്നതു. പലപ്പോഴും ഒരു ആയുഷ്കാലം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഊഷ്മളത നിറഞ്ഞ ആത്മബന്ധമായി ഡോക്ടർ – രോഗി ബന്ധം മാറുന്നുവെന്നതാണ് മിക്ക ന്യൂറോസ൪ജ൯മാരുടെയും അനുഭവങ്ങൾ തെളിയിക്കുന്നത്.

Dr. Arun Oommen

Share News