
ആതുര ശുശ്രുഷസേവന രംഗത്തെ കുരിശിലേറ്റരുത്:|ആശുപത്രികളെ കല്ലെറിയാതിരിക്കട്ടെ.
ആതുര ശുശ്രുഷസേവന രംഗത്തെ കുരിശിലേറ്റരുത്:
പറയാതെ വയ്യ!
കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും അതിന്റെ നേതൃത്വത്തിനുമെതിരെ ആസൂത്രിതമായ ചില പ്രചാരണങ്ങൾ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും നടന്നുവരുന്നത് നാം കാണുന്നുണ്ട്. സഭയുടെ സൽപേരിന് കളങ്കമുണ്ടാക്കാനും പൊതുസമൂഹത്തിലും വിശ്വാസികൾക്കിടയിലും സഭാ നേതൃത്വത്തോട് വെറുപ്പ് ഉളവാക്കാനും ലക്ഷ്യമിട്ടുള്ള ചില അജണ്ടകൾ ഇതിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെയും ഭാരതത്തിന്റെയും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയിൽ ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ടതാണ്. ജാതി-മത ഭേദമന്യേ എല്ലാവരെയും ഒരേ ബെഞ്ചിലിരുത്തി വിദ്യാഭ്യാസം നൽകിയ പള്ളിക്കൂടങ്ങൾ ഇവിടെയൊരു വിജ്ഞാന വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. ആ വിദ്യാഭ്യാസ വിപ്ലവത്തിന്റെ തുടർച്ചയായിരുന്നു ആതുരശുശ്രൂഷാ രംഗത്തും ഉണ്ടായത്.

പണമുള്ളവർക്ക് മാത്രം ചികിത്സ ലഭ്യമായിരുന്ന ഒരു കാലഘട്ടത്തിലാണ് സാധാരണക്കാരന്റെ കൈയിലൊതുങ്ങുന്ന ചിലവിൽ മികച്ച ചികിത്സയുമായി സഭയുടെ ആശുപത്രികൾ സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളായി കടന്നുവന്നത്.
എറണാകുളം അങ്കമാലി രൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയും , അങ്കമാലി എൽ.എഫ് ആശുപത്രിയും , വരാപ്പുഴ അതിരൂപതയുടെ ലൂർദ് ആശുപത്രിയും ഇന്നും സാധാരണക്കാരായ ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയമാണ്.
തൃശൂർ അതിരൂപതയുടെ ജൂബിലി മിഷൻ ഹോസ്പിറ്റലും സി.എം.ഐ കോൺഗ്രിഗേഷന്റെ കീഴിലുള്ള അമല ഹോസ്പിറ്റലും മെഡിക്കൽ കോളേജുകളായി വളർന്നിട്ടും, തങ്ങളുടെ കാരുണ്യത്തിന്റെ മുഖം കൈവിട്ടിട്ടില്ല. കോടികൾ വിലയുള്ള അത്യാധുനിക സൗകര്യങ്ങൾ നിലനിർത്തുമ്പോഴും ലാഭേച്ഛയില്ലാതെ, സാധാരണക്കാരന് താങ്ങാൻ പറ്റുന്ന ചികിത്സാ ചിലവുകൾ മാത്രമേ ഇവർ ഈടാക്കുന്നുള്ളൂ.
സമരങ്ങളുടെ പിന്നിലെ അദൃശ്യ അജണ്ടകൾ?
ഈയടുത്ത കാലത്തായി നേഴ്സുമാരുടെ ശമ്പളവർദ്ധനവിനെ ചൊല്ലി ജൂബിലി മിഷൻ, അമല തുടങ്ങിയ ആശുപത്രികളെ മാത്രം ലക്ഷ്യം വെച്ച് നടക്കുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ ഇതേ ശമ്പളഘടനയോ അല്ലെങ്കിൽ ഇതിലും കുറഞ്ഞ വേതനമോ നൽകുന്ന നിരവധി സ്വകാര്യ ആശുപത്രികൾ ഉണ്ടായിട്ടും, ഒരു പ്രത്യേക വിഭാഗത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളെ മാത്രം പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിക്കുന്നത് എന്ത് കൊണ്ടാണ്?
കേരളത്തിലെ വലിയൊരു വിഭാഗം വൻകിട ആശുപത്രികളെയും വിദേശത്തുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികൾ കോടികൾ നൽകി ഏറ്റെടുത്തു കഴിഞ്ഞു എന്നത് പൊതുസമൂഹത്തിന് അറിയാത്ത കാര്യമാണ്. കോഴിക്കോട്ടോ കൊച്ചിയിലോ ഉള്ള ഒരു പ്രമുഖ കോർപ്പറേറ്റ് ആശുപത്രിയിലെ ചികിത്സാ ചിലവ് നിശ്ചയിക്കുന്നത് ഒരുപക്ഷേ അമേരിക്കയിലെ ഏതോ ഒരു ബോർഡ് റൂമിലിരുന്നാകാം! ഇത്തരം വിദേശ കോർപ്പറേറ്റുകളുടെ പണക്കൊഴുപ്പിനോ സമ്മർദ്ദങ്ങൾക്കോ വഴങ്ങാതെ, സാധാരണക്കാരന് വേണ്ടി നിലകൊള്ളുന്ന സഭയുടെ ആശുപത്രികളെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണോ ഈ സമരമുഖങ്ങൾ എന്ന് നാം തിരിച്ചറിയണം.
മറച്ചുവെക്കപ്പെടുന്ന യാഥാർത്ഥ്യങ്ങൾ
ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്ന നഴ്സുമാരുടെ ശമ്പളം കാലോചിതമായി വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആ നടപടിയെ സഭാ നേതൃത്വവും സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള വാശിപ്പുറത്തുള്ള സമരങ്ങൾ സ്ഥാപനങ്ങളെ തകർക്കാൻ മാത്രമേ ഉപകരിക്കൂ.
ഒരു ആശുപത്രിയുടെ നടത്തിപ്പ് എന്നത് ജീവനക്കാരുടെ ശമ്പളം മാത്രമല്ല:
കോടികൾ വിലയുള്ള അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ ഭീമമായ ചിലവുകൾ.
അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടിവരുന്ന വലിയ ഇൻവെസ്റ്റ്മെന്റുകൾ. ഇതെല്ലാം നാം മനസ്സിലാക്കണം.
എന്നാൽ പത്തോ ഇരുപതോ രൂപ ഉത്പാദന ചിലവുള്ള മരുന്നുകൾ നൂറും ഇരുന്നൂറും രൂപയ്ക്ക് വിൽക്കുന്ന മരുന്ന് കമ്പനികളുടെ കൊള്ളകൾക്കെതിരെ നമ്മുടെ മാധ്യമങ്ങൾ എന്തുകൊണ്ട് ഒരക്ഷരം മിണ്ടുന്നില്ല? എന്ത് കൊണ്ട് ചികത്സാ ചിലവ് കൂടുന്നു എന്നതിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. അത്യാധുനിക മെഷിനുകളുടെ വില നിശ്ചയിക്കുന്നതാരാണ്. ഏത് പ്രസ്ഥാനം തുടങ്ങുമ്പോഴും അതിൻ്റെ ഇൻവെസ്റ്റ്ൻ്റെ ചിലവ് നോക്കി വേണം മറ്റു പ്രസ്ഥാനത്തിൻ്റെ ശമ്പളവുമായി താരതമ്യപ്പെടുത്താൻ .
എല്ലാവർക്കും ആധുനിക ചികിത്സ വേണം, എന്നാൽ അത് നൽകുന്ന സ്ഥാപനങ്ങൾ വലിയ നഷ്ടത്തിലായി പൂട്ടിപ്പോകേണ്ട സാഹചര്യം വന്നാൽ അതിന്റെ ദുരന്തം അനുഭവിക്കാൻ പോകുന്നത് പാവപ്പെട്ട രോഗികളാണ്.

ഒരു വിനീത അഭ്യർത്ഥന
വിശ്വാസി സമൂഹവും പൊതുസമൂഹവും ഈ വിഷയത്തിൽ പുലർത്തുന്ന നിസ്സംഗത വലിയൊരു തകർച്ചയ്ക്ക് വഴിവെക്കും. ഒരു സ്ഥാപനത്തെ പൂട്ടിക്കുക അല്ലെങ്കിൽ തങ്ങളുടെ വാശി ജയിക്കുക എന്ന രീതിയിലുള്ള സംഘടിത ആക്രമണങ്ങൾ മാധ്യമങ്ങളും സമരക്കാരും മയപ്പെടുത്തേണ്ടതുണ്ട്. സമരവേദിയിൽ പ്രസംഗിക്കുന്നവർ ഉപയോഗിക്കുന്ന ഭാഷകൾ സഭ്യമാക്കേണ്ടതുണ്ട്. പൊതു സമൂഹത്തിൽ ആദരവും ബഹുമാനവും അർഹിക്കുന്ന ആത്മീയ നേതാക്കന്മാരെ മ്ലേശ്ചമായ ഭാഷയിൽ വിമർശിക്കുമ്പോൾ ചുറ്റുമുള്ളവർ കയ്യടിക്കുമെങ്കിലും, ലക്ഷകണക്കിന് വിശ്വാസി സമൂഹത്തിന് ഉണ്ടാകുന്ന മുറിവുകളുടെ ആഴം കൂട്ടാനേ അത് ഉപകരിക്കു.
ഇത്തരം സമരങ്ങൾ നടക്കുമ്പോഴും നൂറുകണക്കിന് നേഴ്സുമാർ ഇത്തരം ആശുപത്രികളിൽ ജോലിക്ക് കയറാൻ ശുപാർശയുമായി നടക്കുന്നു എന്നുള്ളത് യഥാർത്ഥ്യവുമാണ്. പിന്നെ കത്തോലിക്ക സഭയുടെ ശത്രുക്കൾ കത്തോലിക്കർ തന്നെയാണ് എന്ന കാര്യവും ഞാൻ എടുത്ത് സമ്മതിക്കുന്നു. ഏതെങ്കിലും ഒരു സഭാംഗത്തിന് താൻ വിചാരിച്ച രീതിയിൽ കാര്യങ്ങൾ നടക്കാതെ വന്നാൽ അല്ലെങ്കിൽ ഏതെങ്കിലും ഒരു
വൈദികൻ്റെ വികലമായ സ്വഭാവം കൊണ്ട് ഒരു മുറിവ് ഉണ്ടായാൽ പിന്നെ ആ സഭയെ മുഴുവൻ കുറ്റപ്പെടുത്തി ജീവിതകാലം മുഴുവൻ സഭയുടെ ശത്രുവായി രംഗത്തെത്തും. “അവർ ആദ്യം പ്രസ്‌താവിക്കുക ഞാൻ ഒരു ഉത്തമ വിശ്വാസി ആണ് ” എന്ന് പറഞ്ഞാണ് സകല ആഭാസവും വിളിച്ച് പറയുന്നത്. ഇത് കാണുന്ന പൊതു സമൂഹം അത് വിശ്വസിച്ച് സഭക്ക് എതിരാവുന്ന കാഴ്ച കാണാറുണ്ട്.
സഭയിൽ നിന്ന് ഏതെങ്കിലും തരത്തിൽ മുറിവ് പറ്റിയവർ പ്രതികാര ദാഹികളായി ഇത്തരം വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് മറ്റ് മതസ്ഥർ ഏറ്റെടുക്കുമ്പോൾ സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ മാത്രമേ സഹായിക്കു. മതേതരത്തിന് പുകൾപ്പെറ്റ കേരളത്തെ നിങ്ങൾ ദയവ് ചെയ്ത് തകർക്കരുത്.
പൊതു സമൂഹം യഥാർത്ഥ്യം തിരിച്ചറിയണം.
കേരളത്തെ സംബന്ധിച്ച്

സ്നേഹത്തോടെയും ആദരവോടെയും എല്ലാ മാധ്യമങ്ങളോടും പൊതുസമൂഹത്തോടും അഭ്യർത്ഥിക്കുന്നു: ഇത്രയും കാലം നാടിനെ താങ്ങിനിർത്തിയ കാരുണ്യത്തിന്റെ ഈ വലിയ സ്ഥാപനങ്ങളെ തകർക്കാൻ കൂട്ടുനിൽക്കരുത്. യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ്, ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് ഒന്നിച്ച് നിൽക്കാം. കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വവും, സാംസ്കാരിക നായകരും ഉണരണം. പിന്നെ ആശുപത്രികളിലെ എല്ലാ ജീവനക്കാരുടെയും ശമ്പളം സംബന്ധിച്ച് ഒരു സമഗ്രമായ നിയമവും ചട്ടങ്ങളുമുണ്ടാകട്ടെ. ഏറ്റവും ചെറിയ ക്ലിനിക്കിൽ ജോലി ചെയ്യുന്നവർ മുതൽ വൻകിട ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്നവർക്കും ഇതിൻ്റെ ഗുണം ലഭിക്കട്ടെ. നീതി എല്ലാവർക്കും ലഭിക്കണം, അതുവരെ ഈ ആശുപത്രികളെ കല്ലെറിയാതിരിക്കട്ടെ.
നന്മയും സത്യവും പുലരട്ടെ.

അഡ്വ. ഡാൽബി ഇമ്മാനുവൽ പാലമൂട്ടിൽ, എർണാകുളം
