ശ്രീപാദം ഈശ്വരൻ നമ്പൂതിരി സാറിന് വിട.🙏🏼

Share News

കോളേജ് അധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായ ശ്രീപാദം ഈശ്വരൻ നമ്പൂതിരി (78) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കേരള സർവകലാശാലയുടെ ബി എസ് സി ബോർഡ് ഓഫ് സ്റ്റഡീസിലും ഫാക്കൽറ്റി ഓഫ് സയൻസിലും അംഗമായിരുന്ന അദ്ദേഹം അധ്യാപനത്തോടൊപ്പം ഒപ്പം സാഹിത്യ സപര്യയിലും സജീവമായിരുന്നു. എഴുപതോളം കൃതികൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയ്ക്കും ദൂരദർശനും വേണ്ടി നിരവധി ലളിതഗാനങ്ങളും നൃത്തത്തിനു വേണ്ടി ഉള്ള പദങ്ങളും രചിച്ചിട്ടുണ്ട്.

ഇത്തിത്താനം മലകുന്നം ഗവൺമെൻറ് എൽ പി സ്കൂളിലും ഇളങ്കാവ് ദേവസ്വം യുപി സ്കൂളിലും കുറിച്ചി എവി ഹൈസ്കൂളിലും ചങ്ങനാശ്ശേരി എസ് ബി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1968 ൽ എം എസ് സി ഫിസിക്സ് ഫസ്റ്റ് ക്ലാസിൽ പാസായി. അഞ്ചൽ സെൻറ് ജോൺസ് കോളേജിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലുമായി 32 വർഷത്തെ അധ്യാപനത്തിനു ശേഷം ചങ്ങനാശ്ശേരി തുരുത്തിയിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു.

എൻ.സി.ഇ.ആർ.ടി. നാഷനൽ അവാർഡ്, തകഴി സ്മാരക പുരസ്കാരം, ദീപിക അവാർഡ്, സി എൽ എസ് അവാർഡ്, എസ് ബി ഐ അവാർഡ്, അധ്യാപക കലാ സാഹിത്യ സമിതി അവാർഡ്, മന്ദസ്മിതം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സംസ്കാരം : വ്യാഴാഴ്ച്ച (ജനുവരി 12) ഉച്ചക്ക് ഒരുമണിക്ക് തുരുത്തിയിലെ ശ്രീപാദം വീട്ടിൽ.പ്രണാമം 🙏🏼

Sunilkumar T Peethambaran

Share News