ഓർമ്മ പൂക്കൾ |രണ്ടുപേർ പ്രണയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ മരിച്ചാൽ ആർക്കാണ് നഷ്ടം; ആർക്കാണ് വേദനയും വിരഹവും.
രണ്ടുപേർ പ്രണയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ മരിച്ചാൽ ആർക്കാണ് നഷ്ടം; ആർക്കാണ് വേദനയും വിരഹവും.
പ്രണയം ആത്മാവിന്റെ അനുഭൂതിയാണെങ്കിൽ മരിച്ചയാൾക്കും, ജീവിച്ചിരിക്കുന്നയാൾക്കും വേദന ഒന്നു തന്നെയാകും.”നിമ്മീ, നീ മറയുന്നതിന് തൊട്ടടുത്ത ദിവസങ്ങളിലും, മറഞ്ഞു പോയതിനു ശേഷവും നിന്റെ വേദനയും, സങ്കടങ്ങളും, ഒറ്റപ്പെടലും, തന്നെയാണ് എന്നെ തളർത്തുന്നത്.”
ഒരു വർഷമാകുന്നു നീ യാത്രയായിട്ട്. എങ്ങനെയാണ് ഈ ദിവസത്തെ ഞാൻ അടയാളപ്പെടുത്തുക.
എന്റെ ജീവിതത്തിലെ ഉള്ളുതുറന്ന സന്തോഷങ്ങൾക്ക് അവസാനം കുറിച്ചതിനോ, ചങ്കുലയ്ക്കുന്ന നിലവിളിക്ക് തുടക്കമായതോ, അതുമല്ലെങ്കിൽ എന്റെ ആത്മവിശ്വാസം, സ്വാന്തനം, പിന്തുണ, എന്റെ കരുത്ത് എന്നിവ നഷ്ടമായ ദിനമെന്നോ? എന്ത് തന്നെയായാലും ആ ദിനം ഒരു വഴിത്തിരിവാണ്. എന്നെ താങ്ങിനിർത്തിയിരുന്ന നിന്റെ ചുമലുകൾ ഇത്രയും പെട്ടെന്ന് ഇല്ലാതാകുമെന്നും ഞാനീ ഈ വലിയ ലോകത്ത് ഒറ്റയ്ക്കാകുമെന്നും ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
പ്രണയിച്ചു തീരാത്ത മനസ്സും പരസ്പരം താങ്ങായിരുന്നു ചുമലുകളും ഇനി ഓർമ്മകളിൽ മാത്രം. നിന്റെ ഓർമ്മകളിൽ ജീവിക്കുമ്പോൾ നഷ്ടമാകുന്നത് നമ്മുടെ പൊട്ടിച്ചിരികൾ ആണ്. “ഊണ് മേശയിലെ നമ്മുടെ തമാശകളാണ്. നീയാകുന്ന പ്രകാശം അണഞ്ഞപ്പോൾ, കെട്ടുപോയ തിരിയിൽ നിന്ന് പ്രകാശമേറ്റാൻ വേറെയാർക്കുമാവുന്നില്ല; എന്നത് ഞാൻ തിരിച്ചറിഞ്ഞ സത്യമാണ്. നീ വളരെ ആഗ്രഹിച്ച് നട്ട വേപ്പിൻചെടിയുടെ ഇടയിൽ മഞ്ഞക്കോളാമ്പി വിടർന്ന നിൽക്കുന്നുണ്ട്. എന്നെ എന്നും കാണാനും, ശ്രദ്ധിക്കാനും, നീ തന്നെയാണ് ആ മഞ്ഞ കോളാമ്പി യായി നിൽക്കുന്നതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. സൂചിയിൽ നൂൽ കോർക്കുന്നത് പോലെ സൂക്ഷ്മമായാണ് നീ കുടുംബം നോക്കിയിരുന്നത്. എന്റെ ഷർട്ടിലെ ബട്ടനുകളും, കീറലുകളും തയ്ച്ചു തരാൻ നീയില്ലല്ലോ എന്നത് ഹൃദയത്തിൽ സൂചി കൊണ്ടുള്ള കുത്തു പോലെയാണ്.
നിന്റെ യാത്ര എനിക്കിപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല എന്നത് തന്നെയാണ് നമ്മുടെ പ്രണയത്തിന്റെ തെളിവ്. നിന്റെ ചിരികളിലും, ചുംബനങ്ങളിലും ഞാനനുഭവിച്ചിരുന്ന ഊർജ്ജ ത്തിന്റെ കണങ്ങളും, നിന്റെ മടിയിൽ കിടന്ന് ” ഇതാണ് സ്വർഗ്ഗം ” എന്ന് ചിന്തിച്ചിരുന്ന മനസ്സും എനിക്ക് നഷ്ടപ്പെടുമ്പോൾ എനിക്കെന്നെ തന്നെ നഷ്ടമാകുന്നു എന്നൊരു തോന്നൽ. പിടി വിട്ടുപോകുന്ന നിമിഷങ്ങളിൽ എന്നെ ചേർത്തു നിർത്തുന്നുണ്ട് സിസ്റ്റർ ആനി ഗ്രേസ്, രമേശ് ഡീ കുറുപ്പ് ഡോക്ടർ ടി.വി. ഫ്രാൻസിസ്, ജോർജ്ജുകുട്ടിചേട്ടൻ വിയ്യുർ, അനിൽ ചിത്രു, എന്റെ സഹോദരങ്ങൾ ഈ 365 ദിവസവും എന്നെ മുടങ്ങാതെ വിളിക്കുന്ന സഹോദരി ടെസ്സി. പക്ഷേ ഇവരൊന്നും നീയാകില്ലല്ലോ, നിമ്മി. ജനൽ പാളികൾ തുറന്നിട്ടിരിക്കുകയാണ്, നീ എപ്പോൾ വിളിച്ചാലും നിന്നിലേക്ക് വരാനും പ്രണയം തുടരാനും. അതിന് ഒരു പാളികളും ശബ്ദങ്ങളും ചിന്തകളും തടസ്സമാകരുത്.
നീയിപ്പോഴും എന്നരികിലുണ്ട് എന്ന ചിന്തയ്ക്കപ്പുറം, മരണത്തിന്റെ വേദനയും മറികടന്ന് നമ്മൾ സ്വർഗ്ഗത്തിൽ ദൈവത്തിന്റെ മടിത്തട്ടിൽ നീയുണ്ടാവുമെന്നും, പ്രാർത്ഥനകളിൽ ഏറ്റു ചൊല്ലുന്നത് കഥകളല്ലാ എന്നും ഉറച്ച് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ” നിമ്മീ, ഏറ്റവും സന്തോഷത്തോടെ ഞാൻ കാത്തിരിക്കുന്നു.”
Denny Thomas