ഇതുപോലെ എത്രയോ പേര് നമ്മുടെ കുടുംബങ്ങളിൽ കഴിയുന്നുണ്ട് അല്ലെ? വേലക്കാരി / മെയിഡ് എന്നീ ഓമന പേരുകളിൽ ഒക്കെയായി.|ഈ സാരി ക്കു ഒരു കഥയുണ്ട്.

Share News

ഈ സാരി ക്കു ഒരു കഥയുണ്ട്.

അതിനു മുമ്പ് ഇത് ആരുടെ സാരി ആണെന്ന് പറയാം. എന്റെയല്ല. ഇത് ഈ ഫോട്ടോയിൽ ഞങ്ങളുടെ കൂടെയുള്ള വത്സല ചേച്ചിയുടെ സാരി ആണ്. ചേച്ചി ഞങ്ങളുടെ കൂടെ കൂടിയിട്ട് വര്ഷങ്ങളായി. നെമ്മാറക്കാരിയാണ്. ഞാൻ അവറ്റീസിൽ ചേർന്ന കാലം മുതൽ കൂടെയുണ്ട്. കൂടെ തന്നെയാണ് താമസിക്കുന്നത്. വീട്ടിലെ സകല കാര്യങ്ങളും നോക്കുന്നത് ചേച്ചിയാണ്. ഷാർജയിലേക്ക് ജോലി മാറാൻ തീരുമാനിച്ചപ്പോൾ ഏറ്റവും വലിയ ശങ്ക ഞാനും പാപ്പുവും എന്ത് ചെയ്യും എന്നതായിരുന്നു. അടുക്കള കണ്ട പരിചയം എനിക്കില്ല. കുക്കിംഗ്‌ ഒട്ടുമേ ഇഷ്ടമല്ല. അത് തന്നെ കാരണം. തന്നാൽ തിന്നാൻ മാത്രം അറിയാം. കൂടെ വന്നു നില്കാൻ വേറെ ആരും ഇല്ലാതാനും. ചേച്ചിക്ക് വീട്ടിൽ നിന്നും വിട്ടു നില്കാൻ പറ്റുന്ന അവസ്ഥയല്ല. എന്നാലും വെറുതെ ഒന്ന് ചോദിച്ചു ചേച്ചി വരുന്നോ എന്ന്.

“വരാം മാഡം” ഉത്തരം പെട്ടെന്നായിരുന്നു. “അപ്പൊ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ?” എനിക്ക് സംശയം തീർന്നില്ല.

“അതൊക്കെ നടന്നോളും.” ചേച്ചി പറഞ്ഞു. ചേച്ചിക്ക് ധാരാളം പ്രാരാബ്ധങ്ങൾ ഉണ്ട്. മക്കൾ മൂന്നു പേരുണ്ട്. പക്ഷെ അവർക്കും പ്രശ്നങ്ങൾ പലവിധമാണ്. പലപ്പോഴും ചേച്ചി അങ്ങോട്ട് സഹായിക്കേണ്ട അവസ്ഥയാണ്. ചേച്ചിയുടെ ഭർത്താവ് മരിച്ചു. വേറെ ആരും ഇല്ലാ താനും.

” എനിക്ക് പ്രാരാബ്ധങ്ങൾ ഉണ്ടെന്ന് മാഡത്തിനു അറിയാല്ലോ. ജോലി ഇവിടെ വേറെ കിട്ടുമായിരിക്കും. എന്നാലും മാഡവും പാപ്പുവും അവിടെ പോയി എന്ത് ചെയ്യും? ആരെ വിശ്വസിച്ചു ജോലിക്ക് പോവും? അതാലോചിച്ചാൽ എനിക്ക് ടെൻഷൻ ആണ്. ഞാനും വരാം.” എന്ന് പറഞ്ഞു… അങ്ങിനെ ഞങ്ങൾക്ക് വേണ്ടി ചേച്ചിയും ഇങ്ങോട്ട് പോന്നു.

ഇനി സാരിക്കഥ.

ഒരു പരിപാടിക്ക് പോകാൻ സാരി വേണം. എന്റെ കയ്യിലില്ല. എന്ത് ചെയ്യും എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് ചേച്ചി പുതിയ ഈ പച്ചസാരി കൊണ്ട് വന്നത്. “മാഡം ഇത് ഉടുത്തോളൂ. ഞാൻ ഉടുത്തിട്ടില്ല. പുതിയതാണ്. മാഡത്തിനു ഉടുത്താൽ നല്ല ഭംഗിയാവും.” എന്ന് പറഞ്ഞു തന്നു. എന്തോ മറന്ന പോലെ ഉള്ളിൽ പോയി കുറച്ചു സമയം കഴിഞ്ഞു അതിന്റെ ബ്ലൗസ്സുമായി വന്നു. അത് തുന്നൽ ഒക്കെ അഴിച്ചു എനിക്ക് പാകം ആക്കി കൊണ്ട് വരാൻ പോയതാണ്. ഇട്ടു നോക്കിയപ്പോൾ കറക്റ്റ്!

അന്ന് ആ സാരിയും ബ്ലൗസും ഇട്ടാണ് ഞാൻ പരിപാടിക്ക് പോയത്.

എനിക്ക് അന്ന് എന്റെ അമ്മയെ ഓർമ വന്നു. ഞാൻ കുറെ കരഞ്ഞു. ഇതിനു മുമ്പേ എന്റെ അമ്മയാണ് ഇതുപോലെ അമ്മയുടെ ഉടുക്കാത്ത ഭംഗിയുള്ള പുതിയ സാരിയും വേഷ്ടിയുമൊക്കെ എനിക്കായി എടുത്തു വക്കാറുള്ളത്.

അമ്മ എന്നത് ഒരു വ്യക്തിക്ക് മാത്രം ആവാൻ കഴിയുന്നതല്ല എന്നെനിക്ക് അപ്പോൾ തോന്നി. അത് ഒരു മനസ്സാണ്. ആരെയും സ്വന്തമായി കാണാൻ ഉള്ള ഒരു മനസ്സ്!

ഇതുപോലെ എത്രയോ പേര് നമ്മുടെ കുടുംബങ്ങളിൽ കഴിയുന്നുണ്ട് അല്ലെ? വേലക്കാരി / മെയിഡ് എന്നീ ഓമന പേരുകളിൽ ഒക്കെയായി. അത്രയും ബുദ്ധിമുട്ടും പ്രാരാബ്ധവും ഒക്കെ ഉള്ളത് കൊണ്ടാവുമല്ലോ അവർ കുടുംബത്തെ എല്ലാം വിട്ടു നമ്മുടെ കൂടെ വന്നു നില്കുന്നത്. അതുകൊണ്ട് തന്നെ അവരെ മനസ്സിലാക്കാനും നമ്മളിൽ ഒരാളായി കണ്ട് സ്നേഹിക്കാനും ഒക്കെ നമ്മൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അറിയാതെ പോലും അവരുടെ മനസ്സ് വേദനിപ്പിക്കാതിരിക്കാനും.

കാരണം ചില സമയങ്ങളിൽ… വേണ്ടപ്പെട്ടവർ പോലും ഇല്ലാതിരിക്കുന്ന സന്ദർഭങ്ങളിൽ, നിങ്ങൾക്ക് താങ്ങാവുന്നത് ആവരായിരിക്കും.

ഇവിടെ ഞാൻ വത്സല ചേച്ചിയിൽ എന്റെ അമ്മയെ കാണുന്ന പോലെ!

Dr Soumya Sarin

Share News