അതേപോലെ ‘പ്ലീസ് വെയിറ്റ്’ എന്ന് ഫ്രാന്‍സിസ് അങ്കിളിനോടു പറയാന്‍ എനിക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ലെന്നും ഞാനോര്‍ത്തു.

Share News

മനോരമയിലെ എന്റെ സഹപ്രവര്‍ത്തകരില്‍ നല്ലപങ്കും ഫ്രാന്‍സിസ് സാറിനാണ് വിടപറയുന്നത്. ഇക്കൂട്ടത്തില്‍ ഫ്രാന്‍സിസ് അങ്കിളിന് അന്ത്യയാത്ര പറയുന്നത് ഞാന്‍ മാത്രമാവും . കുട്ടിയായിരുന്നകാലത്തേ തുടങ്ങിയ ‘മോനേ’ വിളി തുടരുന്ന മനോരമയിലെ അഞ്ചുപേരില്‍ ഒരാള്‍.

അന്ന് കോഴിക്കോട്ട് (1970– 80 കാലത്ത്) എനിക്ക് എല്ലാവരും അങ്കിള്‍മാരായിരുന്നു. മാത്തുക്കുട്ടിച്ചായനങ്കിള്‍ എന്ന് വിളിച്ചതായി അപഖ്യാതി പറഞ്ഞ് കൂട്ടത്തോടെ ചിരിച്ച് എന്നെ കരയിപ്പിക്കുന്നത് ഒരുകാലത്ത് ഇവരുടെ വിനോദമായിരുന്നു. ഞാന്‍മനോരമയില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ എല്ലാവരെയും സാര്‍ എന്നു വിളിച്ചു. ഇവരെയൊഴിച്ച്.

എന്റെ പിതാവ് മാത്യു മണിമലയുടെ സഹപ്രവര്‍ത്തകരും ഉറ്റസുഹൃത്തുക്കളുമായിരുന്നു ഇവരെല്ലാം. വൈകുന്നേരങ്ങളില്‍ വീട്ടില്‍ ഒത്തുകൂടുന്നവര്‍. വീരസാഹസങ്ങള്‍ പങ്കിടുന്നവര്‍. ഫ്രാന്‍സിസ് അങ്കിള്‍ അന്ന് എഴുതി ഹിറ്റായ ചാത്തന്‍, മാങ്കൂട്ടം കശുവണ്ടി കള്ളക്കടത്ത് കഥകള്‍ എനിക്ക് ഓര്‍മയുണ്ട്. എന്നെ കാണുമ്പോള്‍ അടക്കം പറച്ചിലിലേക്ക് കടന്ന ഒരു പരമ്പര കര്‍ണാടകത്തിലെ ജോഗമ്മകളെക്കുറിച്ചാണെന്നറിഞ്ഞത് ഏറെ നാള്‍ കഴിഞ്ഞാണ്.

ഒരു വരപോലും നേരെ വരയ്ക്കാന്‍ വിഷമിക്കുന്ന ഞാന്‍ ചെറുപ്പത്തില്‍ ഫ്രാന്‍സിസ് അങ്കിളിന്റെ പിതാവ് തുടങ്ങിവച്ച യൂണിവേഴ്സല്‍ ആര്‍ട്സിന്റെ വാര്‍ഷിക ചിത്രരചനാ മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ബേബിയാന്റിയും ഷെല്ലിയും ഡിംപിളും അന്നും ഇന്നും കുടുംബാംഗങ്ങള്‍ തന്നെയാണ്.

റിപ്പോര്‍ട്ടിങ്ങെല്ലാം നിര്‍ത്തി കോട്ടയത്തെ ഡസ്കിലായ അച്ചായനെ (പപ്പയെ ഇവരെല്ലാം വിളിച്ചിരുന്നത് അങ്ങനെയാണ്) വീണ്ടും കണ്ണൂരിലെയും വയനാട്ടിലെയും കുടിയേറ്റ മേഖല റീവിസിറ്റ് ചെയ്യിച്ചത് പിന്നീട് കണ്ണുൂര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായ ഫ്രാന്‍സിസ് അങ്കിളാണ്. പപ്പ അവസാനമായി എഴുതിയ പരമ്പര.

മനോരമയിലെ എന്റെ ജോലിയും ജീവിതവും ഇവരെല്ലാം നിരീക്ഷിച്ചിരുന്നു. എന്റെ നേട്ടങ്ങളില്‍ സന്തോഷിച്ചിരുന്നു. ടിവിയിലേക്കു പോയ എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ പലതവണയായി വീക്‌ലിയില്‍ എഴുതിച്ചതും ഫ്രാന്‍സിസ് അങ്കിളാണ്.

ഫ്രാന്‍സിസ് അങ്കിള്‍ പോയതറിഞ്ഞ് ആ അഞ്ചുപേരില്‍ ഒരാള്‍ രാത്രി വിളിച്ചു. ‘മോനേ പാപ്പച്ചന്‍ പോയി (ഇത് എന്റെ പിതാവിന്റെ മറ്റൊരു പേര്), മാത്യുവും (മാത്യു കദളിക്കാട്). ഇനി ഞാനൊക്കെയേ ബാക്കിയുള്ളൂ.

അതിന് ഇനിയും സമയമുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. അക്കാര്യം നമുക്ക് കുറച്ചു നാള്‍ കൂടി കഴിഞ്ഞ് തീരുമാനിക്കാം എന്നും പറഞ്ഞു.

അതേപോലെ ‘പ്ലീസ് വെയിറ്റ്’ എന്ന് ഫ്രാന്‍സിസ് അങ്കിളിനോടു പറയാന്‍ എനിക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ലെന്നും ഞാനോര്‍ത്തു. ഇനിയും സമയമുണ്ടെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്.

Romy Mathew

Share News